Skip to main content
ന്യൂഡല്‍ഹി

election commission

മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭയിലേക്ക് ഒക്ടോബര്‍ 15-ന് തെരഞ്ഞെടുപ്പ് നടക്കും. ഒറ്റ ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ 19-നായിരിക്കും വോട്ടെണ്ണല്‍. രണ്ട് സംസ്ഥാനങ്ങളിലും ഒപ്പം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ള മണ്ഡലങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.   

 

മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്കും ഹരിയാനയിലെ 90 സീറ്റുകളിലേക്കും ആണ് തെരഞ്ഞെടുപ്പ് നടക്കുക. മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബര്‍ എട്ടിനും ഹരിയാന നിയമസഭയുടെ ഒക്ടോബര്‍ 27-നും അവസാനിക്കും.

 

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യവും ഹരിയാനയില്‍ കോണ്‍ഗ്രസുമാണ് ഭരണത്തില്‍. കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് സര്‍ക്കാറിനും കോണ്‍ഗ്രസിനും പ്രധാനമാണ്. ബി.ജെ.പി അദ്ധ്യക്ഷനായി ചുമതലയേറ്റ അമിത് ഷായ്ക്കും തെരഞ്ഞടുപ്പ് നിര്‍ണ്ണായകമായിരിക്കും.

 

കേന്ദ്രമന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണത്തെ തുടര്‍ന്ന്‍ ഒഴിവ് വന്ന മഹാരാഷ്ട്രയിലെ ബീഡ് ലോകസഭാ മണ്ഡലത്തിലും ഒഡിഷയിലെ കന്ധമാല്‍ മണ്ഡലത്തിലും ഇതോടൊപ്പം ഉപതെരഞ്ഞെടുപ്പ് നടക്കും. വിവിധ സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ സീറ്റുകളിലേക്കും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

 

ജനുവരിയില്‍ കാലാവധി തീരുന്ന ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ് നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് പിന്നീട് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.