Skip to main content

ധാക്ക: ഭരണ കക്ഷി അവാമി ലീഗിന്റെ നേതാവ് അബ്ദുല്‍ ഹാമിദിനെ രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി ബംഗ്ലാദേശ് പാര്‍ലിമെന്റ് എതിരില്ലാതെ തിരഞ്ഞെടുത്തു. അടുത്ത വര്‍ഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്‌.

 

പ്രസിഡന്റായിരുന്ന സില്ലുര്‍ റഹ്മാന്‍ മാര്‍ച്ച് 20ന് അന്തരിച്ച ഒഴിവിലാണ് 69 കാരനായ ഹാമിദിന്റെ തിരഞ്ഞെടുപ്പ്. സില്ലുര്‍ റഹ്മാന്റെ മരണശേഷം ഹാമിദാണ് ആക്ടിംഗ് പ്രസിഡന്റായി ചുമതല വഹിച്ചിരുന്നത്.

 

2014 ജനുവരിയിലാണ് ബംഗ്ലാദേശില്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് നടക്കുക. പ്രതിപക്ഷ കക്ഷികളുമായി പുലര്‍ത്തുന്ന നല്ല ബന്ധത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഹാമിദ് ബംഗ്ലാദേശിലെ സഖ്യകക്ഷി രാഷ്ട്രീയത്തില്‍ തിരഞ്ഞെടുപ്പിന് ശേഷം നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്ന് നിരീക്ഷകര്‍ കരുതുന്നു.

 

നിഷ്പക്ഷ കാവല്‍ മന്ത്രിസഭയുടെ കീഴില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയും സഖ്യകക്ഷികളും ഇതിനകം ആവശ്യമുന്നയിച്ചിട്ടുണ്ട്. അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നും അവര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. എന്നാല്‍ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന അനുകൂല നിലപാടല്ല എടുത്തിട്ടുള്ളത്.

 

Tags