വേതനച്ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ കാര്‍ നിര്‍മ്മാണ കമ്പനി ടൊയോട്ടയുടെ ബെംഗലൂരുവിലെ രണ്ട് പ്ലാന്റുകളില്‍ തൊഴിലാളികള്‍ നിര്‍മ്മാണം നിര്‍ത്തിവെച്ചു. ഇതേത്തുടര്‍ന്ന് രണ്ടിടത്തും ഞായറാഴ്ച മുതല്‍ കമ്പനി ലോക്കൌട്ട് പ്രഖ്യാപിച്ചു. ലോക്കൌട്ട് എത്ര കാലം വരെയെന്ന് അറിയിച്ചിട്ടില്ല.
തൊഴിലാളികളില്‍ ഒരു വിഭാഗം ഒരു മാസത്തോളമായി മന:പൂര്‍വ്വം നിര്‍മ്മാണം നിര്‍ത്തിവെക്കുകയാണെന്ന് ജപ്പാനീസ് കമ്പനിയുടെ ഇന്ത്യന്‍ വിഭാഗമായ ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോര്‍ കമ്പനി വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നു. പ്ലാന്റ് സുരക്ഷിതമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അടച്ചിടുന്നതെന്ന് കമ്പനി പറയുന്നു. 6400-ല്‍ അധികം തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്.
മാനേജ്മെന്റും തൊഴിലാളി യൂണിയനും തമ്മില്‍ കഴിഞ്ഞ പത്ത് മാസമായി നടന്നുവന്ന ചര്‍ച്ചകളില്‍ തീരുമാനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. മാര്‍ച്ച് 31-ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തിലെ വേതനം സംബന്ധിച്ചാണ് ചര്‍ച്ചകള്‍. കര്‍ണ്ണാടക തൊഴില്‍ വകുപ്പിന്റെ മധ്യസ്ഥതയില്‍ ഏഴുതവണയാണ് ചര്‍ച്ചകള്‍ നടന്നത്.
മാനേജ്മെന്റും യൂണിയനും തമ്മിലുള്ള ചര്‍ച്ച തുടരുമെന്ന് ടൊയോട്ട മോട്ടോറിന്റെ ടോക്യോവിലെ വക്താവ് നവോകി സുമിനോ അറിയിച്ചു. പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതിലൂടെ ഒരു ദിവസം 700 കാറുകളുടെ നിര്‍മ്മാണമാണ് മുടങ്ങുന്നതെന്ന് സുമിനോ പറഞ്ഞു.
ഫോര്‍ച്യൂണര്‍, ഇന്നോവ എന്നേ കാറുകളാണ് ആദ്യ പ്ലാന്റില്‍ നിര്‍മ്മിക്കുന്നത്. 1997-ലാണ് ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചത്. 2010-ല്‍ തുറന്ന രണ്ടാമത്തെ പ്ലാന്റില്‍ എതിയോസ്, കൊറോള ആള്‍ട്ടിസ് എന്നീ കാറുകള്‍ നിര്‍മ്മിക്കുന്നു.