ഇവരാരും എന്നെ പഠിപ്പിച്ചിട്ടില്ല; എന്നല്ല ഇവരെയൊന്നും ഞാൻ കണ്ടിട്ടുകൂടിയില്ല. എനിക്കു മുമ്പേ പോയ തലമുറയുടെ ഗുരുനാഥന്മാരായിരുന്നു ഇവരൊക്കെ. ഇവരുടെ, 'പ്രിയപ്പെട്ട' എന്ന ക്ലീഷേയൊന്നും ഉപയോഗിക്കേണ്ടതില്ലാത്ത, ശിഷ്യനും എനിക്ക് ജ്യേഷ്ഠതുല്യനുമായ ഇ. പി. ജോസ് പലപ്പോഴുമുള്ള സംഭാഷണങ്ങളിലൂടെ വരച്ചിട്ട രേഖാചിത്രങ്ങളാണിത്.
രംഗം: തൃശൂർ നഗരത്തിനടുത്തെ തിരൂര് എന്ന ഗ്രാമത്തിലെ ഒരു സാധാരണ സ്കൂൾ.
***
ബാലൻ മാഷാണ് മലയാളം അദ്ധ്യാപകൻ. മലയാളത്തിലേക്ക് കുട്ടികളെ മുഗ്ധരാക്കുന്ന ക്ലാസ്സുകളൊന്നുമല്ല അദ്ദേഹത്തിന്റേത്. അത്യാവശ്യം ആർക്കും ഒരു അല്പരസം തോന്നുന്ന പ്രകൃതവും പെരുമാറ്റവും. മാഷ് ഒരു വട്ടം പ്രസിഡന്റായതുകൊണ്ടാണ് വർഷങ്ങളായി നിലനിർത്തിപ്പോന്ന പഞ്ചായത്തു ഭരണം തങ്ങൾക്ക് നഷ്ടപ്പെട്ടതെന്ന് നാട്ടിലെ ഇടതുപക്ഷക്കാർക്കിടയിൽ ഒരു കഥ വരെയുണ്ട്!
ഒരു ക്രിസ്മസ് പരീക്ഷ കഴിഞ്ഞ സമയം. നോക്കിയ ഉത്തരക്കടലാസുകളുമായി ക്ലാസ്സിലെത്തിയ മാഷ് ആദ്യം തന്നെ രണ്ടാം നിരയിൽ നിന്നൊരുത്തനെ പൊക്കി. അയാളുടെ പരീക്ഷാപേപ്പർ കയ്യിലേക്കു നീട്ടി 16-ാമത്തെ ഉത്തരം വായിക്കാൻ കല്പിച്ചു. 'ഗണങ്ങൾ ഏവ' എന്നതായിരുന്നു ചോദ്യം. മലയാളപദ്യങ്ങളിൽ വൃത്തം തിരിക്കുന്നതിനുള്ള ഗണങ്ങളെക്കുറിച്ചുള്ള ചോദ്യം, പക്ഷേ കണക്കിൽ അമിതതാല്പര്യമുള്ള നമ്മുടെ ചങ്ങാതി അല്പം വ്യത്യസ്തമായായിരുന്നു മനസ്സിലാക്കിയത്. കണക്കു പരീക്ഷക്ക് വാചകങ്ങളിൽ ഉത്തരമെഴുത്തില്ലാത്തതുകൊണ്ട് കണക്കിലെ ഗണങ്ങളെക്കുറിച്ച് മലയാളം പരീക്ഷക്ക് ചോദിച്ചതാണെന്ന്! ഉപഗണം, സംഗതോപഗണം... എന്നിങ്ങനെ വിശദമായി ഉത്തരവും എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്!
'മലയാളം പരീക്ഷയ്ക്ക് കണക്കിന്റെ ഉത്തരമെഴുതിയാൽ നീ കണക്കു പരീക്ഷയ്ക്ക് ഭൂമിശാസ്ത്രമാണോ എഴുതുക?' എന്ന് മാഷിന്റെ ഗർജ്ജനം. ക്ലാസ്സാകെ ഭയന്നു ചിരിച്ച് നിൽക്കുമ്പോൾ മലയാളത്തിലെ ഗണങ്ങളെക്കുറിച്ച് പറയാൻ മാഷിന്റെ തുടർകല്പന. പഠിച്ചിട്ടുള്ളതായിരുന്നതിനാൽ വിയർത്തുകുളിച്ച് പ്രതി അതും പറഞ്ഞുതീർത്തു. 'ങാ, നിനക്കറിയാം എന്ന് എനിക്കറിയാം. അതുകൊണ്ട് മാർക്ക് ഇട്ടിട്ടുണ്ട്. ഇനി ഇങ്ങനെ പറ്റാതെ നോക്കണം. പരീക്ഷക്കുമാത്രമല്ല, ജീവിതത്തിലും.' മാഷ് അടുത്ത ഉത്തരക്കടലാസിലേക്കു കടന്നു.
***
സ്കൂളിലെ ഏറ്റവും മുതിർന്ന അദ്ധ്യാപകരിലൊരാളായ മാലതി ടീച്ചർ ഉപന്യാസമെഴുതാൻ പഠിപ്പിക്കുകയാണ്. 'ഐകമത്യം മഹാബലം.' പതിവുപോലെ ചുള്ളിക്കമ്പുകളുടെ കഥ പറഞ്ഞു. ഒരു കെട്ട് ചുള്ളിക്കമ്പു കാട്ടി അച്ഛൻ മക്കളോട് ഒടിക്കാൻ പറഞ്ഞതും അവർക്കാർക്കും അത് പറ്റാതെ വന്നപ്പോൾ ഓരോന്നായെടുത്ത് ഒടിക്കാൻ കൊടുത്തതും അപ്പോൾ എളുപ്പം എല്ലാവരും ഒടിച്ചതും. കുട്ടികളെല്ലാവരും ഭംഗിയായി അത് കോമ്പോസിഷൻ പുസ്തകത്തിൽ പകർത്തി മേശപ്പുറത്ത് വച്ചു.
തൊട്ടടുത്ത പിരീഡ് സാവിത്രി ടീച്ചറാണ്. ടീച്ചർ യാദൃച്ഛികമായി മേശപ്പുറത്തെ പുസ്തകങ്ങൾ തുറന്നു. കഥ വായിച്ചു. 'ഇതിങ്ങനെയല്ലാട്ടോ,' സ്വാഭാവികമായി ടീച്ചർ പറഞ്ഞു. 'പിന്നെ?' കോറസായി കുട്ടികൾ ചോദിച്ചു. 'ആദ്യം അച്ഛൻ ഓരോ കുട്ടിക്കും ഓരോ കമ്പ് വീതം കൊടുത്ത് ഒടിക്കാൻ പറഞ്ഞു. എല്ലാവരും എളുപ്പം ഒടിച്ചു. പിന്നെ അത്രയും തന്നെ കമ്പുകൾ ഒരു കെട്ടാക്കി വച്ച് ഓരോരുത്തരോട് ഒടിക്കാൻ പറഞ്ഞു. ആർക്കും പറ്റിയില്ല. അപ്പോൾ എല്ലാവരോടും ഒരുമിച്ച് ശ്രമിക്കാൻ പറഞ്ഞു. അപ്പോൾ ആ കെട്ടും ഒടിഞ്ഞു,' ടീച്ചർ പറഞ്ഞുനിർത്തി.
അടുത്ത ദിവസം മാലതി ടീച്ചർ വന്നപ്പോഴേ കുട്ടികൾ പ്രശ്നം എടുത്തിട്ടു, 'ടീച്ചർ പറഞ്ഞ കഥ തെറ്റാണെന്ന് പറഞ്ഞല്ലോ...' 'ആരുപറഞ്ഞു?' 'സാവിത്രി ടീച്ചർ.' 'ഉവ്വോ, എന്താ പറഞ്ഞത്?' പുതിയ ഭാഷ്യം കേട്ടു കഴിഞ്ഞപ്പോൾ മാലതി ടീച്ചർ പുസ്തകങ്ങൾ ഓരോന്നായി കുട്ടികൾക്ക് മടക്കി നൽകിക്കൊണ്ട് പറഞ്ഞു, 'അതാണ് ശരി. നിങ്ങൾ ഇനി അങ്ങനെ എഴുതിപ്പഠിച്ചാൽ മതി.'
***
ഒരു ദിവസം അപ്രതീക്ഷിതമായാണ് തൊമ്മൻ മാഷ് ക്ലാസ്സിലേക്കു വന്നത്. സാമൂഹ്യശാസ്ത്രം അദ്ധ്യാപകനാണ്. ആ പിരീഡ് വരേണ്ട മാഷ് അവധിയിലായിരുന്നു. പകരം വന്നതാണ്. വന്ന ഉടനെ ബോർഡിൽ ചോക്കു കൊണ്ടൊരു കുനിപ്പ് വരച്ചു, 'ഇത് ഗുജറാത്ത്. ഇവിടെയാണ് പോർബന്തർ. ഗാന്ധിജി ജനിച്ച സ്ഥലം.' പിന്നെ ഒരരുവി പോലെ ചോക്ക് ബ്ലാക്ക്ബോർഡിൽ നീണ്ടു.
ബോംബെയെത്തിയപ്പോൾ വര അല്പം ഉള്ളിലേക്കു കയറിയിറങ്ങി, ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനത്തെക്കുറിച്ചു പറഞ്ഞു താഴേക്കിറങ്ങി കൊങ്കൺ എത്തി. ആ പേര് കുട്ടികൾ ആദ്യമായി കേൾക്കുകയായിരുന്നു. പിന്നെ ആലപ്പുഴയിലെ കായലുകൾ തെളിഞ്ഞു. രാമേശ്വരത്തെത്തിയപ്പോൾ ഹനുമാന്റെ വാലാണോ മാഷ് വരയ്ക്കുന്നതെന്ന് തോന്നി. മദ്രാസും വിശാഖപട്ടണവും ഭുവനേശ്വറും ചരിത്രസ്മൃതികളായി അറിഞ്ഞ് കൽക്കട്ടയിലെത്തി. 'ഇവിടെയായിരുന്നു 150 വർഷത്തോളം ഇന്ത്യയുടെ തലസ്ഥാനം,' മാഷ് പറഞ്ഞു. അന്ന് ത്രിപുര, മേഘാലയ തുടങ്ങി ചെറു സംസ്ഥാനങ്ങളൊന്നും ആയിട്ടില്ലായിരുന്നു; മൊത്തം ആസ്സാം. ചൈനയുടെ അതിരിലെത്തിയപ്പോൾ 'ഇവിടെ എന്താണു നടക്കുന്നതെന്ന് ആർക്കും ശരിക്കറിയില്ല,' അന്തർദേശീയ അതിർത്തി പ്രശ്നങ്ങളിലേക്ക് ഒരെത്തിനോട്ടം. പിന്നെ ഹിമാലയം, കാശ്മീർ, മരുഭൂമിക്കഥകൾ താണ്ടി വീണ്ടും ഗുജറാത്ത്.
45 മിനിറ്റ് കഴിയാറാകുമ്പോഴേക്കും ഒരു മായാജാലത്തിന്റേയോ കഥാപ്രസംഗത്തിന്റേയോ മാസ്മരികതയിൽ ഇന്ത്യയുടെ ചരിത്രവും ഭൂമിശാസ്ത്രവും സാമ്പത്തികശാസ്ത്രവും രാഷ്ട്രീയവും മാഷ് കുട്ടികളുടെ മനസ്സിൽ വരഞ്ഞിട്ടു കഴിഞ്ഞിരുന്നു. ബോർഡിലാണെങ്കിൽ യഥാർത്ഥ ഭൂപടം മുറിച്ചുവച്ചാൽ ഒരു കുനിപ്പുപോലും മാറിപ്പോകാത്ത വിധം മനോഹരമായ ഒരിന്ത്യയും!
തൊമ്മൻമാഷിന്റെ തന്നെ മറ്റൊരു പിരീഡ്. ക്ലാസ്സ് നടക്കുന്നതിനിടയിൽ പുറകിൽ ഒരു മുറുമുറുക്കൽ. നായകസ്ഥാനത്തുള്ള ജോസേട്ടനെ എണീപ്പിച്ചുനിർത്തി. 'എന്തായിരുന്നു?' 'ഒരു കണക്ക് പറഞ്ഞതാ...' 'എന്ത് കണക്ക്?' 'രാഹുകാലം കണ്ടുപിടിക്കുന്നതിനുള്ള കണക്ക്.' 'ഇവിടെ വാ...' അടി പേടിച്ച് കഥാനായകൻ മാഷിന്റെ കസേരക്കരികിലെത്തി. 'ഇവിടെ നിന്ന് ഉറക്കെ പറയ്, എല്ലാവരും കേൾക്കട്ടെ.'
പുറകിൽ നിന്ന് ഇപ്പോ കിട്ടും അടി എന്ന നിലയിൽ ഒരുവിധം വിഷയം അവതരിപ്പിച്ചു തീർത്തു. 'ഇതാര് പറഞ്ഞു തന്നു?' കഴിഞ്ഞപ്പോൾ വീണ്ടും മാഷിന്റെ ചോദ്യം. 'ചേട്ടൻ.' 'നിന്റെ ചേട്ടനു വിവരമുണ്ട്. നിനക്കുണ്ടോ?' ഒന്നും മിണ്ടാതെ നിന്നപ്പോൾ അടുത്ത പാഠഭാഗത്തിലേക്ക് കടന്ന് മാഷ് ശിക്ഷ വിധിച്ചു, 'ആ, പോയിരിക്ക്. ഇനി ഇങ്ങനെ വല്ലതും മനസ്സിലാക്കിയാൽ അത് എല്ലാവർക്കും പറഞ്ഞുകൊടുക്കണം. എന്നാൽ മറ്റു ക്ലാസ്സുകൾ നടക്കുമ്പോഴല്ല.'
***
പ്രധാനാദ്ധ്യാപകാണ് ഗോപാലകൃഷ്ണൻ മാഷ്. ഏവർക്കും പേടിസ്വപ്നം. വരാന്തയിലൂടെ മാഷിന്റെ മുണ്ട് ഉലയുന്ന ശബ്ദം കേട്ടാൽ മതി ക്ലാസ്സ് മുറികൾ നിശ്ശബ്ദമാകാൻ. സ്കൂളിൽ ബെല്ലടിക്കാറാകുമ്പോൾ മാഷ് പുറത്തിറങ്ങി നിൽക്കും. ആരെങ്കിലും വൈകി എത്തുന്നതായി കണ്ടാൽ അവരുടെ കാര്യം പിന്നെ പോക്കുതന്നെ.
സ്കൂളിനടുത്തുള്ള പള്ളിയുടെ വിശാലമായ പറമ്പിനും അപ്പുറത്താണ് തോംസണിന്റേയും ജോൺസണിന്റേയും വീട്. ഒരു ദിവസം അവർ വീട്ടിൽ നിന്നും ഇറങ്ങാൻ വൈകി. സ്കൂളിൽ മണിയടി തുടങ്ങിയപ്പോഴാണ് വീടിന്റെ പടി കടന്നത്. പിന്നെ ഒരൊറ്റ ഓട്ടമായിരുന്നു. മണിയടി തീർന്നപ്പോഴേക്കും സ്കൂളിലെത്തി. ഗോപാലകൃഷ്ണൻ മാഷിനെ കാണാത്ത ഭാവത്തിൽ ക്ലാസ്സിൽ കടന്നിരുന്നു. അന്ന് മാഷ് ഓഫീസിലേക്കു വിളിച്ചുവരുത്തിയത് വൈകി വന്നവരെയല്ല, സ്കൂളിലെ പി. ടി. മാഷായ ജോസഫ് മാഷിനെയാണ്. 'ആ തോംസണേയും ജോൺസണേയും കായിക മത്സരങ്ങളിൽ പങ്കെടുപ്പിക്കണം,' അന്നത്തെ കണ്ടെത്തൽ അതായിരുന്നു. രണ്ടുപേരും ഓടിയോടി സംസ്ഥാനതല സമ്മാനങ്ങൾ വരെ നേടി.
***
ഒരു ദിവസം സരസ്വതി ടീച്ചർ ക്ലാസ്സിൽ വന്നത് ബഹുവർണ്ണങ്ങളിലുള്ള ഒരു വലിയ പുസ്തകവുമായിട്ടാണ്. അറ്റ്ലസ്. അന്ന് അപൂർവ്വനിധിയായിരുന്ന അത് എല്ലാവരും കൗതുകത്തോടെ നോക്കി. ഉച്ചക്കു തൊട്ടുമുമ്പത്തെ പിരീഡായിരുന്നു. കുട്ടികളുടെ നോട്ടം കഴിയാത്തതിനാൽ വൈകീട്ട് സ്റ്റാഫ് റൂമിൽ കൊണ്ടുവന്ന് ഏല്പിച്ചാൽ മതി എന്നു പറഞ്ഞ് ടീച്ചർ പോയി. അന്ന് ആ ക്ലാസ്സിലെ കുട്ടികളാരും കളിക്കാനിറങ്ങിയോടിയില്ല.
അവസാനം പുസ്തകം തിരിച്ചേല്പിക്കാനായി സ്റ്റാഫ് റൂമിലേക്കു ചെന്ന കുട്ടി മടിച്ചുമടിച്ച് ചോദിച്ചു, 'ടീച്ചറേ, ഒരു ദിവസത്തേക്ക് ഞാനിത് വീട്ടിൽ കൊണ്ടുപോയ്ക്കോട്ടെ?' ഓരോ ഭൂഖണ്ഡങ്ങളുടേയും കടലുകളുടേയും രാജ്യങ്ങളുടേയും ഭംഗി മറിച്ചും തിരിച്ചും എത്ര കണ്ടിട്ടും അവന് മതിയായിരുന്നില്ല. 'അയ്യോ, അത് പറ്റില്ല. ഇത് സ്കൂളിലെ റഫറൻസ് പുസ്തകമാണ്. ടീച്ചർമാർക്കു പോലും വീട്ടിൽ കൊണ്ടുപോകാൻ പാടില്ല.' 'എന്നാൽ അടുത്ത ക്ലാസ്സിലും കൊണ്ടുവരാമോ?' 'അതു നോക്കാം,' ടീച്ചർ അവനെ ആശ്വസിപ്പിച്ചു.
പിറ്റേന്ന് വെള്ളിയാഴ്ചയായിരുന്നു. പോകുമ്പോൾ തന്നെ കണ്ടിട്ടേ പോകാവൂ എന്ന് ടീച്ചർ അവനെ വിളിച്ചു പറഞ്ഞു. സ്കൂൾ വിട്ട് സ്റ്റാഫ് റൂമിൽ ചെന്ന അവനെ കാത്ത് നന്നായി പൊതിഞ്ഞ് കവറിലാക്കിയ അറ്റ്ലസ് ഇരിപ്പുണ്ടായിരുന്നു. 'ഒരു പേജിനുപോലും മടക്കോ മുഷിച്ചിലോ വരാതെ സൂക്ഷിക്കണം. തിങ്കളാഴ്ച രാവിലെ തന്നെ എന്നെ തിരിച്ചേല്പിക്കുകയും വേണം.' സ്നേഹത്തോടെ ടീച്ചർ പറഞ്ഞു. ശനിയും ഞായറും കഴിഞ്ഞ് പൊന്നുപോലെ ആ പുസ്തകം തിങ്കളാഴ്ച തിരിച്ചേല്പിക്കുമ്പോൾ അവന്റെ ബാഗിലെ എല്ലാ നോട്ട്പുസ്തകങ്ങളിലും ഹോംവർക്കുകൾ ബാക്കിയായിരുന്നു; എന്നാൽ അന്ന് അതിനാരും ഒരു വഴക്കും പറഞ്ഞില്ല!
ഈ അദ്ധ്യാപക തലമുറയിലെ കണ്ണികൾ തന്നെയാണ് തൃശൂരിന്റെ തെക്കേയറ്റത്തെ ഒരു നാട്ടിൻപുറത്തെ സ്കൂളിൽ എനിക്കും പാഠങ്ങൾ ഊട്ടിയത്. ഇങ്ങനെ എടുത്തുപറയാവുന്ന അനുഭവങ്ങൾ ഓർമ്മയിലില്ലെങ്കിലും കുളിർമ്മയുള്ള ഒരു തണലാണ് അവരെല്ലാം ഇന്നും. പുതിയ കാലത്തെ സ്കൂൾ കഥകൾ കേൾക്കുമ്പോൾ ഇന്നത്തെ കുഞ്ഞുങ്ങൾക്ക് നഷ്ടമാകുന്നതെന്തൊക്കെ എന്ന സങ്കടവും തോന്നുന്നു.
ആദ്യം ഗുരുവന്ദനം.