സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ജോയ് കൈതാരം നല്കിയ പൊതു താല്‍പ്പര്യ ഹര്‍ജിയാണ് ജസ്റ്റിസ് ഹാരുണ്‍ അല്‍ റഷീദ് തള്ളിയത്. സരിത ശ്രീധരന്‍നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതിന് ബിസിനസ് താല്പര്യങ്ങളുണ്ടാകാം. പൂര്‍ണമല്ലാത്ത വിവരങ്ങള്‍ വെച്ച് മുഖ്യമന്ത്രിക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്ന് കരുതാനാകില്ല. മാത്രമല്ല മുഖ്യമന്ത്രിക്കെതിരെ വഞ്ചനാകുറ്റം ചുമത്താന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
കേസിന്റെ അന്വേഷണം ഏത് രീതിയിൽ കൊണ്ടു പോകണം എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ സംഘമാണ്. അതിൽ ആർക്കും ഇടപെടാനാകില്ല. പരാതിക്കാർക്ക് ആർക്കും തന്നെ അന്വേഷണ സംഘത്തെ കുറിച്ച് അതൃപ്തിയില്ല. എന്നാല്‍ അന്വേഷണത്തിൽ എന്തെങ്കിലും പാളിച്ച വന്നാൽ ബന്ധപ്പെട്ട മജിസ്ട്രേട്ടിന് ഇടപെടാമെന്നും കോടതി വ്യക്തമാക്കി.