ബംഗ്ലാദേശ് സൈന്യം ധാക്ക വളഞ്ഞു

പലകുറി പട്ടാളം ഭരണത്തിൻകീഴിലായ ബംഗ്ലാദേശ് വീണ്ടും പട്ടാള ഭരണത്തിലേക്ക് നീങ്ങുന്ന സാഹചര്യമാണ് അവിടെ ഉടലെടുക്കുന്നത്. ബംഗ്ലാദേശിലെ വിദ്യാർത്ഥി കലാപത്തെ തുടർന്നാണ് ഷേഖ് ഹസീന സ്ഥാനഭ്രഷ്ടയാകുന്നതും മുഹമ്മദ് യൂനുസ് പ്രത്യേക ഉപദേശകനായി ഇടക്കാല സർക്കാർ അധികാരത്തിൽ വരുന്നതും.
മുഹമ്മദ് യൂനുസ് സ്ഥാനം ഏറ്റെടുത്ത ശേഷം ആഭ്യന്തരമായി അദ്ദേഹം ബംഗ്ലാദേശിനെ സമാധാനപരമാക്കി തെരഞ്ഞെടുപ്പിലേക്ക് നയിക്കാൻ ഒരു നീക്കവും ഇതുവരെ നടത്തിയിട്ടില്ല. യൂനുസ് എല്ലാ ശ്രമങ്ങളും കേന്ദ്രീകരിച്ചത് തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടു പോകുക എന്ന ലക്ഷ്യത്തോടെ . അതിൻറെ കാരണം യൂനുസ് എത്തിയത് ജമാഅത്തെ ഇസ്ലാമിയുടെ താൽപര്യത്തിലൂടെയാണ് . ആ താല്പര്യമാണ് തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകാൻ യൂനുസിനെ പ്രേരിപ്പിക്കുന്നത്.
മുഹമ്മദ് യൂനുസ് അധികാരം ഏറ്റെടുത്ത ശേഷം ജമാഅത്തെ ഇസ്ലാമിയുടെ മേലുള്ള നിയന്ത്രണം മാറ്റി. തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ ജയിലിലടക്കപ്പെട്ടിരുന്ന മുഴുവൻ ജമാഅത്തെ ഇസ്ലാമി പ്രവർത്തകരും പുറത്തിറങ്ങി. ആ പുറത്തിറങ്ങിയ തീവ്രവാദ പ്രവർത്തകരാണ് ഇപ്പോൾ ബംഗ്ലാദേശിൽ ഉടനീളം കലാപം അഴിച്ചുവിട്ടിരിക്കുന്നത്.
വിദ്യാർത്ഥി കലാപ സമയത്ത് ക്രമസമാധാനത്തിന്റെ ചുമതല പട്ടാളം നിയന്ത്രിക്കേണ്ട സാഹചര്യത്തിലേക്ക് വന്നു.ഇപ്പോൾ പട്ടാള മേധാവി വാക്കർ ഉസ് സമാൻ പട്ടാളക്കാരെ തിരികെ വിളിച്ചിരിക്കുന്നു. തനിക്ക് അധികാരം പിടിച്ചെടുക്കാനുള്ള ഒരു രാഷ്ട്രീയ ലക്ഷ്യവും ഇല്ലെന്ന് വളരെ നേരത്തെ പട്ടാളമേധാവി വ്യക്തമാക്കിയതാണ്.ഒപ്പം 2025 ഡിസംബറിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് അദ്ദേഹം അന്ത്യ ശാസനവും നൽകുകയുണ്ടായി.
എന്നാൽ മുഹമ്മദ് യൂനുസ് തെരഞ്ഞെടുപ്പ് വീണ്ടും നീട്ടാനുള്ള തന്ത്രങ്ങളുമായിട്ടാണ് മുന്നോട്ടു നീങ്ങുന്നത്.ഇതിനിടെ അമേരിക്കൻ താല്പര്യം പരിഗണിച്ച് മ്യാൻമാരിലെ പ്രവിശ്യയിലേക്ക് ബംഗ്ലാദേശിൽ നിന്ന് ഇടനാഴി ഉണ്ടാക്കുന്ന നിർദ്ദേശം യൂനുസ് പരിഗണിച്ചു. ഇത് രാജ്യത്തെ തകർക്കുന്നത" ബ്ലഡി കോറിഡോർ" എന്നാണ് വാക്കർ ഉസ് സമാൻ ഈ നിർദ്ദേശത്തെ വിശേഷിപ്പിച്ചത്.
രാജ്യം മുഴുവൻ അനിയന്ത്രിതമായ സംഘട്ടനങ്ങൾ , രാജ്യത്തിൻറെ സ്വയം ഭരണാധികാരം നഷ്ടമാകുന്ന വിധത്തിലുള്ള വിദേശ താൽപര്യങ്ങളുടെ നുഴഞ്ഞുകയറ്റം, മത തീവ്രവാദികളുടെ മേൽക്കൈ, ബോധപൂർവ്വം തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ഇവയൊക്കെയാണ് പട്ടാളമേധാവിയെ ഭരണം പിടിച്ചെടുക്കാൻ ഇപ്പോൾ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ. ബംഗ്ലാദേശ് സേന ഇതിനകം ധാക്കയിൽ നിലയുറപ്പിച്ചിട്ടുണ്ട് എന്നാണ് അവിടെ നിന്നും ലഭ്യമാകുന്ന വിവരങ്ങൾ