Skip to main content

അടല്‍ ബിഹാരി വാജ്പേയി മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പശ്ചിമബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് യശ്വന്ത് തൃണമൂലില്‍ എത്തിയിരിക്കുന്നത്. കൊല്‍ക്കത്തയിലെ തൃണമൂല്‍ ഭവനില്‍ ഡെറിക് ഒബ്രിയന്‍, സുദീപ് ബന്ദോപാധ്യായ, സുബ്രത മുഖര്‍ജി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സിന്‍ഹ തൃണമൂലില്‍ ചേര്‍ന്നത്. 2018ലാണ് സിന്‍ഹ ബി.ജെ.പി വിടുന്നത്. 

1960 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്നു യശ്വന്ത് സിന്‍ഹ. 1984-ലാണ് സര്‍ക്കാര്‍ സര്‍വീസ് വിട്ട് സിന്‍ഹ രാഷ്ട്രീയരംഗത്തേക്കിറങ്ങുന്നത്. 1990 നവംബറില്‍ യശ്വന്ത് സിന്‍ഹ ആദ്യമായി കേന്ദ്ര ധനകാര്യമന്ത്രിയായി. 91 ജൂണ്‍ വരെ അതേ പദവിയില്‍ തുടര്‍ന്നു. പിന്നീട് 98-ല്‍ വാജ്പേയി മന്ത്രിസഭയിലും അദ്ദേഹം ധനമന്ത്രിയായി. യശ്വന്ത് സിന്‍ഹയെ പോലുളള മുതിര്‍ന്ന നേതാക്കള്‍ തൃണമൂലിലേക്കെത്തുന്നത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. മാര്‍ച്ച് 27-നാണ് പശ്ചിമബംഗാളില്‍ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നത്.