Skip to main content

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹയില്‍ വീണ്ടും സമരം അക്രമാസക്തമായി. പ്രക്ഷോഭം നടക്കുന്ന ജാഫറാബാദിന് സമീപമുള്ള മൗജ്പൂരിലാണ് സമരം സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. സി.എ.എ അനുകൂലികളും സമരക്കാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ബി.ജെ.പിയുടെ പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് ഒരു വിഭാഗം നടത്തിയ റാലിയാണ് പ്രശ്‌നത്തിലേക്ക് വഴിവച്ചത്. 

ഇരുവിഭാഗങ്ങളും പരസ്പരം കല്ലേറ് നടത്തിയതോടെ പോലീസ് ഇവര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. പോലീസും അര്‍ദ്ധ സൈനികവിഭാഗവും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാഫറാബാദില്‍ ശനിയാഴ്ച രാത്രിയാണ് പ്രക്ഷോഭം തുടങ്ങിയത്. 

പൗരത്വ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 200 ഓളം സ്ത്രീകള്‍ ജാഫറാബാദ് മെട്രോ സ്റ്റേഷന് സമീപം രാത്രിയോടെയാണ് സമരം തുടങ്ങിയത്. കൂടുതല്‍ സ്ത്രീകളും കുട്ടികളും വൈകാതെ പ്രക്ഷോഭത്തില്‍ അണിനിരന്നു. ഇതോടെ ജാഫ്രാബാദ് മെട്രോ സ്റ്റേഷന്‍ ഞായറാഴ്ച രാവിലെ താത്കാലികമായി അടച്ചിരുന്നു.