Skip to main content
ജെറുസലേം

john kerryരണ്ടാഴ്ച പിന്നിട്ട ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന് ഒത്തുതീര്‍പ്പ് ശ്രമവുമായി യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ബുധനാഴ്ച ഇസ്രായേലില്‍ എത്തി. വാണിജ്യ വിമാനങ്ങള്‍ ടെല്‍ അവീവിലേക്ക് പോകുന്നത് 24 മണിക്കൂര്‍ നേരത്തേക്ക് യു.എസ് വിലക്കിയ സമയത്താണ് കെറി ഇസ്രയേല്‍ തലസ്ഥാനത്തെ ബെന്‍ ഗുറിയോന്‍ വിമാനത്താവളത്തിലെത്തിയത്.

 

ഈജിപ്ത് തലസ്ഥാനമായ കൈറോവില്‍ നിന്ന്‍ ടെല്‍ അവീവിലെത്തിയ കെറി അവിടെ നിന്ന്‍ ജെറുസലേമില്‍ എത്തി യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണുമായും തുടര്‍ന്ന്‍ വെസ്റ്റ്‌ ബാങ്ക് നഗരമായ റാമല്ലയില്‍ പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹമ്മൂദ് അബ്ബസുമായും കൂടിക്കാഴ്ച നടത്തുമെന്ന് യു.എസ് വിദേശകാര്യ വകുപ്പ് അറിയിച്ചു.

 

തിരിച്ച് ടെല്‍ അവീവിലെത്തുന്ന കെറി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതാന്യാഹുവുമായി ചര്‍ച്ച നടത്തും. മേഖലയിലെ വിദേശകാര്യ മന്ത്രിമാരുമായി കെറി ഫോണില്‍ ബന്ധപ്പെട്ടിട്ടുള്ളതായും യു.എസ് അറിയിച്ചു.  

 

ഈജിപ്ത് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇരുകൂട്ടരും അംഗീകരിക്കണമെന്നാണ് കെറിയുടെ നിലപാട്. ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ആക്രമണം നിര്‍ത്തിവെക്കാനുള്ള ഈ നിര്‍ദ്ദേശം ഇസ്രയേല്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും ഹമാസ് തള്ളിയിരിക്കുകയാണ്. ഗാസ ചിന്തിന് മേല്‍ എട്ടു വര്‍ഷമായി ഇസ്രയേല്‍ നടത്തുന്ന ഉപരോധം അവസാനിപ്പിക്കണമെന്നതുള്‍പ്പെടെയുള്ള നിബന്ധനകള്‍ ഹമാസ് മുന്നോട്ടുവെച്ചിട്ടുണ്ട്.  

 

ഇസ്രായേലിന്റെ ഓപ്പറേഷന്‍ പ്രോട്ടക്ടീവ് എഡ്ജ് എന്ന പേരിലുള്ള ഗാസ ആക്രമണത്തെ യു.എസ് തുടര്‍ച്ചയായി പിന്തുണയ്ക്കുന്നുണ്ടെങ്കിലും പ്രസിഡന്റ് ബരാക് ഒബാമയും കെറിയും കുട്ടികളടക്കമുള്ള സാധാരണ പലസ്തീനികള്‍ വര്‍ധിതമായി കൊല്ലപ്പെടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ജൂലൈ എട്ടിന് ആരംഭിച്ച ആക്രമണത്തില്‍ 624 പേര്‍ കൊല്ലപ്പെട്ടതായും 3,700 പേര്‍ക്ക് പരിക്കേറ്റതായും പലസ്തീന്‍ ആരോഗ്യ വകുപ്പ് ചൊവ്വാഴ്ച അറിയിച്ചിരുന്നു. വീടുവിട്ട് തങ്ങളുടെ കേന്ദ്രങ്ങളില്‍ അഭയം തേടിയിരിക്കുന്നവരുടെ എണ്ണം ഒരു ലക്ഷം കടന്നതായി ഞായറാഴ്ച യു.എന്‍ അറിയിച്ചിരുന്നു.     

Tags