Skip to main content
കാരക്കാസ്

leopoldo lopezലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രമായ വെനിസ്വലയില്‍ ഒരാഴ്ച മുന്‍പ് വിദ്യാര്‍ഥികള്‍ ആരംഭിച്ച സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമാകാന്‍ സാധ്യത. തനിക്കെതിരെയുള്ള അറസ്റ്റ് വാറന്റ് വകവെക്കില്ലെന്നും ഇന്ന്‍ (ചൊവാഴ്ച) പ്രക്ഷോഭം നേരിട്ടു നയിക്കുമെന്നും ഒളിവില്‍ കഴിയുന്ന പ്രതിപക്ഷ നേതാവ് ലിയോപോള്‍ഡോ ലോപ്പസ് പറഞ്ഞു. കഴിഞ്ഞ ദിവസം പ്രതിപക്ഷ പാര്‍ട്ടി ഓഫീസുകള്‍ പോലീസ് ഉദ്യോഗസ്ഥര്‍ റെയ്ഡ് ചെയ്തിരുന്നു.

 

ബുധനാഴ്ച ആരംഭിച്ച പ്രക്ഷോഭത്തില്‍ മൂന്ന്‍ പേര്‍ കൊല്ലപ്പെടുകയും 60-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ലോപ്പസിനെതിരെ തീവ്രവാദം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി സര്‍ക്കാര്‍ കേസെടുത്തിരുന്നു. പണപ്പെരുപ്പം, അക്രമം ഇവ നിയന്ത്രിക്കുന്നതില്‍ പ്രസിഡന്റ് നിക്കോളാസ് മദുരോ പരാജയപ്പെട്ടു എന്നാരോപിച്ചാണ് പ്രക്ഷോഭം. 50 ശതമാനത്തിലധികമാണ് രാജ്യത്തെ പണപ്പെരുപ്പം.

 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പിന്നീട് തുടര്‍ച്ചയായി ഇടയ്ക്കിടെ അക്രമാസക്തമായ ചെറുപ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. മദുരോയെ അനുകൂലിക്കുന്നവരും പിന്തുണ പ്രഖ്യാപിച്ച് തെരുവില്‍ ഇറങ്ങിയിട്ടുണ്ട്. ഇതോടെ രാജ്യം സംഘര്‍ഷത്തിലേക്ക് നീങ്ങാനുള്ള സാധ്യതകള്‍ വര്‍ധിച്ചിരിക്കുകയാണ്.

 

യു.എസിലും യൂറോപ്പിലെ വിവിധ രാജ്യങ്ങളിലും പ്രക്ഷോഭകരെ അനുകൂലിച്ച് പ്രകടനങ്ങള്‍ നടന്നു. അതേസമയം, സര്‍ക്കാറിനെതിരെ ഗൂഡാലോചന നടത്തി എന്നാരോപിച്ച് മൂന്ന്‍ യു.എസ് നയതന്ത്ര ഉദ്യോഗസ്ഥരെ മദുരോ ഞായറാഴ്ച പുറത്താക്കി. ഒരു വര്‍ഷത്തിനിടയില്‍ ഇത് മൂണാം തവണയാണ് യു.എസ് ഉദ്യോഗസ്ഥരെ മദുരോ പുറത്താക്കുന്നത്. എന്നാല്‍, വെനിസ്വലയിലെ ഇടതുപക്ഷ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണം യു.എസ് വിദേശകാര്യ വകുപ്പ് തള്ളി.

 

മുന്‍ പ്രസിഡന്റ് ഹുഗോ ഷാവേസിന്റെ മരണത്തെ തുടര്‍ന്ന്‍ കഴിഞ്ഞ ഏപ്രിലില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട മദുരോ നേരിടുന്ന ആദ്യത്തെ കടുത്ത വെല്ലുവിളിയാണ് ഈ പ്രക്ഷോഭം.