കണ്ണൂര്‍ തളിപ്പറമ്പില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ അബ്ദുല്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസ് സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐയ്ക്ക് കൈമാറി. കേസില്‍ കല്ല്യാശ്ശേരി എം.എല്‍.എയായ ടി.വി. രാജേഷ്, സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ എന്നിവര്‍ക്കെതിരെ കുറ്റം ചാര്‍ത്തിയിരുന്നു.
ഷുക്കൂറിന്റെ ഉമ്മ അടക്കമുള്ളവരുടെ പരാതിയില്‍ ഡി.ജി.പി സര്‍ക്കാറിന് സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയിരുന്നു. ഇതില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഡിസംബർ 19ന് സർക്കാർ വിജ്ഞാപനമിറക്കി. ഇത് സി.ബി.ഐയുടെ ചെന്നൈ യൂണിറ്റിന് അയച്ചു നൽകിയിട്ടുണ്ട്. കേസില്‍ ഏതാനും സാക്ഷികള്‍ മൊഴി മാറ്റിയതിനെ തുടര്‍ന്ന്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് ഷുക്കൂറിന്റെ ഉമ്മ ആതിക ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയായ അബ്ദുല്‍ ഷുക്കൂര്‍ 2012 ഫെബ്രുവരി 20-നാണ് കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് വെച്ച് കൊല ചെയ്യപ്പെട്ടത്. സംഭവ ദിവസം പട്ടുവത്ത് വെച്ച് പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ച വാഹനത്തിനു നേരെ ലീഗ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പ്രതികാരമായിരുന്നു ഷുക്കൂറിന്റെ വധം എന്നായിരുന്നു പോലീസ് കണ്ടെത്തല്‍. രണ്ടര മണിക്കൂർ ബന്ദിയാക്കി വെച്ച ശേഷമായിരുന്നു കൊല എന്നും പോലീസ് ആരോപിച്ചു.
കൊല നടക്കാന്‍ പോകുന്ന വിവരം അറിഞ്ഞിട്ടും പോലീസിനെ അറിയിച്ചില്ല എന്ന കുറ്റമാണ് ജയരാജനും രാജേഷിനുമെതിരെ പോലീസ് ചുമത്തിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് ജയരാജനെയും രാജേഷിനെയും അറസ്റ്റു ചെയ്തെങ്കിലും പിന്നീട് ഇവർക്ക് ജാമ്യം ലഭിച്ചു. കൊലപാതക കുറ്റത്തില്‍ പ്രാദേശിക സി.പി.ഐ.എം നേതാക്കളെ പോലീസ് പ്രതി ചേര്‍ത്തിരുന്നു.