Skip to main content
ശ്രീനഗര്‍

കാശ്മീരിലെ കേരന്‍ സെക്ടറില്‍ തീവ്രവാദികളുടെ ഒരു പ്രധാന നുഴഞ്ഞുകയറ്റ ശ്രമം ശനിയാഴ്ച പരാജയപ്പെടുത്തിയതായി കരസേന അറിയിച്ചു. നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. അതിനിടെ ഈ മേഖലയില്‍ ഇന്ത്യ-പാക് നിയന്ത്രണ രേഖയില്‍ തീവ്രവാദികള്‍ നടത്തിയ നുഴഞ്ഞുകയറ്റത്തിനെതിരെയുള്ള സൈനിക നടപടി 12-ാം ദിവസത്തിലേക്ക് കടന്നു.

 

കേരന്‍ സെക്ടറിലെ ഫത്തേ ഗലിയിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. ആറു എ.കെ റൈഫിളുകള്‍ സംഭവസ്ഥലത്ത് നിന്ന്‍ കണ്ടെത്തിയതായും വക്താവ് പറഞ്ഞു.

 

സെപ്തംബര്‍ 24-നാണ് കേരന്‍ സെക്ടറിലൂടെ സായുധ തീവ്രവാദികള്‍ കശ്മീരിലേക്ക് നുഴഞ്ഞുകയറുന്നത് സേനയുടെ നിരീക്ഷണത്തില്‍ പെട്ടത്. തുടര്‍ന്ന് ഇവരുമായി സൈന്യത്തിന്റെ കനത്ത ഏറ്റുമുട്ടലുകള്‍ കഴിഞ്ഞ 12 ദിവസമായി തുടരുകയായിരുന്നു.

 

അതിര്‍ത്തി ജില്ലയായ കുപ്വാരയില്‍ 30-40 പേര്‍ വരുന്ന പരിശീലനം സിദ്ധിച്ച തീവ്രവാദികളാണ് നുഴഞ്ഞുകയറിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്ക് പാകിസ്ഥാന്‍ സൈന്യത്തിന്റെ സഹായമുണ്ടെന്നും പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍, നുഴഞ്ഞുകയറ്റ ശ്രമത്തിന് പാക് സൈന്യത്തിന്റെ സഹായമുണ്ടെന്ന ആരോപണം പാക് സൈനിക വക്താവ് ഇസ്ലാമാബാദില്‍ നിഷേധിച്ചു.

 

അതേസമയം, പോസ്റ്റുകളില്‍ നിന്ന്‍ സേനയ്ക്ക് പിന്‍വാങ്ങേണ്ടി വന്നുവെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ കരസേനാ മേധാവി ജന. ബിക്രം സിങ്ങ് നിരാകരിച്ചു. കാര്‍ഗിലിന് സമാനമായ സ്ഥിതിയാണെന്ന വിശകലനങ്ങളും ജനറല്‍ തള്ളിക്കളഞ്ഞു. നുഴഞ്ഞുകയറ്റക്കാരെ സൈന്യം വളഞ്ഞതായും എന്നാല്‍, ഇവരെ കീഴടക്കാന്‍ സമയമെടുക്കും എന്നും കഴിഞ്ഞ ദിവസം അദ്ദേഹം അറിയിച്ചിരുന്നു.   

 

നിയന്ത്രണരേഖയില്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും യു.എന്‍ പൊതുസഭയുടെ സമ്മേളനത്തിനിടയില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായതിനു ഒരാഴ്ച മുന്‍പാണ് നുഴഞ്ഞുകയറ്റ ശ്രമം ആരംഭിച്ചത്. സെപ്തംബര്‍ 29-നാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് പാക് പ്രധാനമന്ത്രി നവാസ് ഷെരിഫുമായി ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തിയത്.

 

അതിനിടെ, ഇന്ത്യയിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന്‍ പാകിസ്ഥാന് ഒഴിയാനാകില്ലെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. ഭരണകൂട ബാഹ്യ ശക്തികള്‍ സ്വര്‍ഗത്തില്‍ നിന്നല്ല, പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ള ഭൂപ്രദേശത്ത് നിന്നാണ് വരുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. വ്യാഴാഴ്ച ആറുദിന വിദേശ സന്ദര്‍ശത്തിന് പുറപ്പെടുന്നതിനു മുന്‍പായി ഫ്രാന്‍സിലെ യൂറോന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാഷ്ട്രപതിയുടെ പരാമര്‍ശം.