Skip to main content
ന്യൂഡല്‍ഹി

കുറ്റവാളികളായ നിയമനിര്‍മ്മാണ സഭാംഗങ്ങള്‍ക്ക് അയോഗ്യത കല്‍പ്പിച്ച സുപ്രീം കോടതി വിധിയെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സില്‍ ഒപ്പ് വെക്കരുതെന്ന് ബി.ജെ.പി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് ആവശ്യപ്പെട്ടു. ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റിലി എന്നിവര്‍ വ്യാഴാഴ്ച രാഷ്ട്രപതി ഭവനില്‍ എത്തിയാണ് ഈ ആവശ്യം ഉന്നയിച്ചത്. ഓര്‍ഡിനന്‍സ് സര്‍ക്കാറിന് തിരിച്ചയക്കണമെന്ന് ബി.ജെ.പി നേതാക്കള്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.

 

ഓര്‍ഡിനന്‍സ് പ്രഥമദൃഷ്ട്യാ ഭരണഘടനാ വിരുദ്ധമാണെന്ന് കൂടിക്കാഴ്ച്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട അദ്വാനി പറഞ്ഞു. ഈ വിഷയത്തില്‍ ഒരു ബില്‍ രാജ്യസഭയുടെ പരിഗണനയിലുണ്ടെന്ന് അദ്വാനി ചൂണ്ടിക്കാട്ടി. ഏതാനും ചില കളങ്കിത നേതാക്കളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ പാര്‍ലിമെന്റിനെ മറികടക്കാന് ധൃതി കാട്ടുന്നതെന്ന് അദ്വാനി ആരോപിച്ചു. ഓര്‍ഡിനന്‍സ് അധാര്‍മികവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സുഷമ സ്വരാജും ഓര്‍ഡിനന്‍സില്‍ ഒപ്പ് വെക്കേണ്ട ബാധ്യത രാഷ്ട്രപതിക്കില്ലെന്ന് അരുണ്‍ ജെയ്റ്റിലിയും പറഞ്ഞു.

 

കോടതിവിധി മറികടക്കുന്ന വിഷയത്തില്‍ സര്‍ക്കാറിനെ നേരത്തെ പിന്തുണ നല്‍കിയിരുന്നു എന്ന ആരോപണം ബി.ജെ.പി നേതാക്കള്‍ നിഷേധിച്ചു.  

 

ക്രിമിനല്‍ കേസില്‍ രണ്ടോ അതിലധികമോ വര്‍ഷം തടവ്‌ ലഭിക്കുന്ന എം.പിയോ എം.എല്‍.എയോ ഉടന്‍ അയോഗ്യത കല്‍പ്പിച്ചുകൊണ്ട് ജൂലൈ പത്തിന് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചിരുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കിക്കൊണ്ട് അംഗമായി തുടരാന്‍ ഇങ്ങനെയുള്ളവരെ അനുവദിക്കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ഉത്തരവിട്ടിരുന്നു.

 

എന്നാല്‍, ജനപ്രതിനിധികള്‍ ശിക്ഷിക്കപ്പെട്ടാലും അയോഗ്യരാക്കപ്പെടില്ലെന്നാണ്‌ ചൊവാഴ്ച കാബിനറ്റ്‌ പാസാക്കിയ ഓര്‍ഡിനന്‍സില്‍ പറയുന്നത്‌. ഇവര്‍ക്കു പാര്‍ലമെന്റിലെയും നിയമസഭകളിലെയും പരിപാടികളില്‍ പങ്കെടുക്കാം. എന്നാല്‍ അപ്പീല്‍കോടതി വിധി പറയുന്നതുവരെ വോട്ട്‌ ചെയ്യാനോ ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റാനോ അവകാശമുണ്ടായിരിക്കില്ല. 90 ദിവസത്തിനകം അപ്പീല്‍ കൊടുക്കുന്നവര്‍ക്കാണ്‌ ഈ ആനുകൂല്യം ലഭ്യമാകുക എന്നും ഓര്‍ഡിനന്‍സ്‌ വ്യക്തമാക്കുന്നു.

Ad Image