Thiruvananthapuram
ഓഖി ദുരന്തത്തില്‍ പെട്ട് കാണാതായ മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ലത്തീന്‍ സഭ ഹൈക്കോടതിയെ സമീപിക്കും. കാണാതായവരെ കണ്ടെത്തുന്നതിനായി ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് സഭാ വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേര പറഞ്ഞു.
തിരുവനന്തപുരത്ത് നിന്ന് മാത്രം 241 മത്സ്യത്തൊഴിലാളികളെ കാണാതായെന്നാണ് ലത്തീന്‍ അതിരൂപതയുടെ കണക്ക്. എന്നാല്‍ സര്‍ക്കാര്‍ കണക്കില്‍ 146 പേരാണുള്ളത്. അതിനൊപ്പം 34 പേരുടെ പട്ടികയും സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്.
ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളില്‍ 24 എണ്ണം ആരുടേതെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. കാണാതായവരുടെ പേരില്‍ അനിശ്ചിതത്വം നേരിടുന്ന സാഹചര്യത്തിലാണ് ലത്തീന്‍ അതിരൂപത കോടതിയെ സമീപിക്കുന്നത്.