ശബ്ദ-നിശബ്ദ പ്രചാരണങ്ങള്‍ക്ക് അവസാനമായി കര്‍ണാടക ജനത അടുത്ത ദിവസം പോളിംഗ് ബൂത്തിലേക്ക് പോവുകയാണ്. കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ചയുണ്ടാകുമോ? അതോ ബി.ജെ.പി ഭരണം തിരിച്ചു പിടിക്കുമോ? എന്നാണ് ഇനി അറിയേണ്ടത്. ദക്ഷിണേന്ത്യ കണ്ട ഏറ്റവും ആവേശകരമായ തിരഞ്ഞെടുപ്പ് പോരാട്ടമാണ് കര്‍ണാടകയില്‍ കണ്ടത്. കാലെ കൂട്ടി പ്രചാരണം തുടങ്ങിയ കോണ്‍ഗ്രസ് അവസാനം വരെ ആത്മവിശ്വാസം കൈവിട്ടില്ല. വൈകി തുടങ്ങിയ ബി.ജെ.പി മോഡിയുടെ വരവില്‍ അവസാന ഘട്ടത്തില്‍ പൂര്‍ണ ശക്തിയിലുമെത്തി.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ കെ.സി വേണുഗോപാലിന്റെയും പി.സി വിഷ്ണു നാഥിന്റെയുമൊക്കെ നേതൃത്വത്തില്‍ ഏകദേശം ഒരു വര്‍ഷം മുന്‍പ് തന്നെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് ചട്ടം കെട്ടിയതാണ്. പാര്‍ട്ടി സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു എന്ന വിശേഷണം പൊതുവില്‍ ബി.ജെ.പിക്കാണ് നല്‍കാറുള്ളതെങ്കിലും കര്‍ണാടകയില്‍ അത് കോണ്‍ഗ്രസിനാണ് കൂടുതല്‍ യോജിക്കുക. കന്നഡ വികാരം ആളിക്കത്തിച്ചാണ് കോണ്‍ഗ്രസ് പ്രചാരണം തുടങ്ങിയത്. സംസ്ഥാനത്തിന് സ്വന്തമായി പതാകയില്‍ തുടങ്ങി ഒടുവില്‍ ലിങ്കായത്ത് വിഷയം വരെ അത് നീണ്ടു നിന്നു. ഈ നീക്കങ്ങളെല്ലാം ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്നതായിരുന്നു, ഇടയില്‍ വന്നു വീണ കാവേരി നദി വിഷയത്തിലെ സുപ്രീം കോടതി വിധിയുള്‍പ്പെടെ.
ഏപ്രില്‍ അവസാനം വരെ ബി.ജെ.പി തിരഞ്ഞെടുപ്പ് ചിത്രത്തില്‍ സജീവമേ അല്ലായിരുന്നു. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വരവോട് കൂടിയാണ് ബി.ജെ.പി ക്യാമ്പ് ഉണര്‍ന്നത്. എന്നാല്‍ തുടക്കം ഷായ്ക്ക് തന്നെ പിഴച്ചു ബി.ജെ.പി മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാണിക്കുന്ന യെദിയൂരപ്പയാണ് രാജ്യം കണ്ട ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രി എന്ന് തെറ്റി പറഞ്ഞുപോയി. അതിനിടയിലുണ്ടായ സീറ്റ് തര്‍ക്കവും പ്രചാരണത്തെ ബാധിച്ചു. യെദിയൂരപ്പയുടെ മകന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് അണികള്‍ പാര്‍ട്ടി വേദി അടിച്ചു തകര്‍ക്കുന്ന സാഹചര്യം വരെയുണ്ടായി. എന്നാല്‍ മോഡിയുടെ വരവോടെ രംഗംമാറി. ഇടയ്ക്കിടക്ക് രാഹുല്‍ ഗാന്ധിയെ പരാമര്‍ശിച്ചെങ്കിലും സിദ്ധരാമയ്യയെ കേന്ദ്രീകരിച്ചായിരുന്നു മോഡിയുടെ മിക്ക പ്രസംഗങ്ങളും. അവസാന ഘട്ടത്തിലെ മോഡിയുടെ റാലികള്‍ പാര്‍ട്ടി അണികളെ സജീവമാക്കി. തുടക്കത്തില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന മേല്‍ക്കൈ കുറയ്ക്കാന്‍ മോഡിയുടെ വരവ് ബി.ജെ.പിയെ വളരെയേറെ സഹായിച്ചു.
രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ സജീവമായിരുന്നെങ്കിലും ഗുജറാത്തിലേതുപോലെ അധികമൊന്നും ചെയ്യാനുണ്ടായിരുന്നില്ല. സിദ്ധരാമയ്യ തന്നെയാണ് മുന്നില്‍ നിന്ന് പ്രചാരണത്തെ നയിച്ചത്. മോഡി തനിക്കെതിരെ ഉന്നിയിച്ച ആരോപണങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും അതേ രീതിയില്‍ തന്നെ അദ്ദേഹം മറുപടി പറഞ്ഞു. ടു പ്ലസ് വണ്‍ പരാമര്‍ശത്തിന് വാരണാസിയില്‍ എന്തിന് മോഡി മത്സരിച്ചു എന്ന മറുചോദ്യം ഒരു ഉദാഹരണം മാത്രം. മാത്രമല്ല താന്‍ നിശ്ചയിച്ച അജണ്ടയിലേക്ക് ബി.ജെ.പിയെ കൊണ്ടുവരാനും അദ്ദേഹത്തിനായി.
കര്‍ണാടക കോണ്‍ഗ്രസിന് നിലനില്‍പ്പിന്റെ പ്രശ്നമാണെങ്കില്‍ ബി.ജെ.പിക്ക് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള വാതിലാണ്. സര്‍വെ ഫലങ്ങളില്‍ എല്ലാം കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. എന്നാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനാവതെ പോയ ഗോവയും മണിപ്പൂരും മേഘാലയയും കോണ്‍ഗ്രസിനെ പേടിപ്പിക്കുന്നുണ്ടാകും. ബി.ജെ.പിയാണെങ്കില്‍ കര്‍ണാടകയിലെ മൂന്നാമത്തെ കക്ഷിയായ ജെ.ഡി.എസ്സുമായി വലിയ യുദ്ധത്തിനൊന്നും പോയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അതായത് എന്തെങ്കിലുമൊരു ചെറിയ സാഹചര്യം കിട്ടിയാല്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ചുരുക്കം. ജയം കോണ്‍ഗ്രസിനൊപ്പമായാല്‍ ബി.ജെ.പിക്കെതിരെ വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിന് കൂടുതല്‍ സാധ്യതകള്‍ തുറക്കും. ഒപ്പം രാജസ്ഥാന്‍ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലും തികഞ്ഞ പ്രതീക്ഷയുമായി കോണ്‍ഗ്രസിന് മുന്നോട്ട് പോവുകയും ചെയ്യാം. മറിച്ചായാല്‍ മോഡിക്കും ബി.ജെ.പിക്കും തിരിഞ്ഞു നോക്കാതെ 2019 കടമ്പയെ നേരിടാമെന്ന സാഹചര്യവും സംജാതമാകും.