Skip to main content

hadiya, supreme court

തിങ്കളാഴ്ച ഹാദിയകേസ് സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു ' ഞങ്ങളുടെ സംയുക്തമായ അനേക വര്‍ഷത്തെ അനുഭവത്തിനിടയില്‍ ഹാദിയ കേസുപോലെ സവിശേഷതയുള്ള ഒരു കേസ് കൈകാര്യം ചെയ്തിട്ടില്ല'. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായിരുന്ന മൂന്നംഗ ബെഞ്ചാണ് ഹാദിയകേസ് കേട്ടത്. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ് , എ.എം ഖാന്‍വില്‍ക്കര്‍ എന്നിവരായിരുന്നു മറ്റ് രണ്ട് ജഡ്ജിമാര്‍.'വ്യക്തി സ്വാതന്ത്ര്യത്തെ പരമോന്നതമായി കാണുക എന്നതിലാണ് ഞങ്ങളുടെ പ്രതിബദ്ധത' ജസ്റ്റിസ് ചന്ദ്രചൂഡ് നിരീക്ഷിച്ചു . എന്നാല്‍ അത് ഹാദിയയുടെ കേസില്‍ ഈ ഘട്ടത്തില്‍ അംഗീകരിക്കാന്‍ സുപ്രീംകോടതിക്ക് നിവൃത്തി ഉണ്ടായിരുന്നില്ല. ദേശീയ അന്വേഷണ സംഘം (എന്‍.ഐ.എ) സമര്‍പ്പിച്ച തെളിവുകളും ആ തെളിവുകളെ സാധൂകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന കേരള സര്‍ക്കാരിന്റെ നിലപാടും, ഇതിലെല്ലാം ഉപരി ഹാദിയയുമായി ഒരുമണിക്കൂര്‍ നടത്തിയ ആശയ വിനിമയവുമാണ് ആ നിലപാട് സ്വീകരിക്കുന്നതില്‍ നിന്നും ഈ ഘട്ടത്തില്‍ സുപ്രീംകോടതിയെ പിന്തിരിപ്പിച്ചത്.ഇവിടെയാണ് ഹാദിയ കേസിന്റെ മര്‍മ്മം ഗര്‍ഭസ്ഥാവസ്ഥയില്‍ ഇരിക്കുന്നത്. ഇത് കേരളത്തില്‍ സമീപകാലത്തായി ബീജാവാപം ചെയ്യപ്പെടുകയും, നിശബ്ദവും ശക്തവുമായി ഒളിഞ്ഞും തെളിഞ്ഞും തഴച്ചുകൊണ്ടിരിക്കുന്നതുമായ പ്രതിഭാസത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

 

കേരളാന്തരീക്ഷം രാജ്യത്തെ പൊതു അന്തരീക്ഷത്തില്‍ നിന്ന് വിഭിന്നമായി ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതകൊണ്ട് ആന്തരികമായും ബാഹ്യമായും പുകഞ്ഞ് തുടങ്ങിയിട്ട് നാളുകുറേയായി . ഈ തീയില്‍ നിന്നുള്ള പുകയെ തങ്ങള്‍ക്കനുകൂലമായ ദിശയിലേക്ക് വീശിക്കൊണ്ടുപോകുന്നതിന് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും ശ്രമിച്ചിരുന്നു. ആ ശ്രമം ഇപ്പോഴും തുടരുന്നു. ഇസ്ലാമിക തീവ്രവാദ സംഘടനയായ ഐ എസ്സിലേയ്ക്ക് കേരളത്തില്‍ നിന്ന് യുവാക്കള്‍ പോവുകയും, കൊല്ലപ്പെടുകയും, തിരിച്ചുവരികയും, അവരെ കാണാതാവുകയും ചെയ്തത് യാഥാര്‍ത്ഥ്യമാണ്. ഇത് ഒരു സുപ്രഭാതത്തില്‍ ഉണ്ടാകുന്ന പ്രതിഭാസമല്ല. വ്യക്തികള്‍ അല്ലെങ്കില്‍ യുവാക്കള്‍ മരണത്തെ അറിഞ്ഞുകൊണ്ട് സ്വീകരിക്കാന്‍ തയ്യാറാവുന്ന ഒരു പശ്ചാത്തല രൂപീകരണത്തിന്റെ ഫലമാണ് ഇത്. വ്യക്തിത്വത്തെ ബോധപൂര്‍വ്വം മാറ്റിമറിക്കുന്ന പ്രക്രിയയിലൂടെ സംഭവിക്കുന്നതാണ്. ഇന്‍ഡോക്ട്രിനേഷന്‍ എന്ന് ഇതിനെ ആംഗലേയത്തില്‍ അറിയപ്പെടുന്നു.

 

ഒട്ടേറെ സവിശേഷതകളാണ് ഹാദിയ കേസ് കേരളചരിത്രത്തിലേക്കും ജനായത്ത സംസ്‌കൃതിയിലേക്കും കൊണ്ടുവന്നിട്ടുള്ളത്. സുപ്രീംകോടതി കണ്ടെത്തിയ സവിശേഷ സാഹചര്യങ്ങളുടെ വെളിച്ചത്തിലാകാം അസാധാരണമായ വിധിയിലൂടെ 2017 മെയ് 24ന് ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം അസാധുവാക്കി, ഹാദിയയെ രക്ഷകര്‍ത്താക്കളുടെ സംരക്ഷണത്തില്‍ വിട്ടയച്ചത്. തുടര്‍ന്നുണ്ടായ ഏറ്റവും ശ്രദ്ധേയമായ അസാധാരണമായ സംഭവം ഹൈക്കോടതി വിധിക്കെതിരെ കേരളത്തിന്റെ തെക്ക് മുതല്‍ വടക്കുവരെയുള്ള ഭഗത്ത് നിന്ന് ആളുകളെ ആവേശപൂര്‍വം പങ്കെടുപ്പിച്ചുകൊണ്ട് മുസ്ലിം ഏകോപന സമിതി കൊച്ചിയില്‍ നടത്തിയ പ്രതിഷേധമാണ്. കൊച്ചിയെ സ്തംഭിപ്പിച്ചുകൊണ്ടാണ് ഹൈക്കോടതി വിധിക്കെതിരെ നടത്തിയ പ്രക്ഷോഭം സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ട് അനുവദിച്ചു എന്നുള്ളത് മറ്റൊരു അസാധരണത്വമാണ്. കേരളസര്‍ക്കാര്‍ എന്‍.ഐ.എയുടെ അന്വേഷണത്തെ അനുകൂലിക്കുന്നു. തീവ്രവല്‍ക്കരണ കേസുകളെന്ന് സംശയിക്കപ്പെടുന്ന ഇത്തരത്തിലുള്ള പതിനൊന്ന് കേസുകളാണ് എന്‍.ഐ.എ ഇപ്പോള്‍  അന്വേഷിക്കുന്നത്. ഇതുപോലുള്ള 89 കേസുകള്‍ കേരളാ പോലീസ് എന്‍.ഐ.എയ്ക്ക് കൈമാറിയിട്ടുണ്ട്. ഇതുകൊണ്ടാണ് സുപ്രീംകോടതി സവിശേഷമെന്ന് വിശേഷിപ്പിക്കുന്ന ഹാദിയ കേസ് കേരളത്തിന്റെ ശ്രദ്ധയിലേക്ക് വരേണ്ടത്.

 

ജാതി മത ഭേദമന്യേ പരസ്പരം ഇഷ്ടപ്പെടുന്ന യുവതി യുവാക്കള്‍ വിവാഹിതരാവുക തന്നെ വേണം അവിടെ വിജയിക്കുന്നത് മനുഷ്യത്വവും സ്‌നേഹവുമാണ്. മനുഷ്യത്വത്തിന്റെ ആധാരം  എന്നത് സ്‌നേഹമാണ് എന്നാല്‍ പ്രണയം, വിവാഹം, മതംമാറല്‍ ഇത് മൂന്നും കൂടിക്കുഴഞ്ഞു വരുമ്പോള്‍ പരാജയപ്പെടുന്നത് പ്രണയവും വിവാഹവും മതവുമാണ്. ഇതിന്റെ ബഹിര്‍സ്ഫുരണമാണ് ഇന്ന് ലോകത്ത് കാണുന്ന എല്ലാവിധ മൗലിക തീവ്രവാദ പ്രവര്‍ത്തനങ്ങളുടെയും മൂലകാരണമായി പ്രവര്‍ത്തിക്കുന്നത് . ഒരു മതവും ഹിംസയ്ക്ക് വേണ്ടിയല്ല നിലകൊള്ളുന്നത്. എല്ലാ മതവും സ്‌നേഹത്തില്‍ നിന്നാണ് ഉറവ് പൊട്ടിയിരിക്കുന്നത്. അതുകൊണ്ടാണ് കേരള നവോത്ഥാനത്തിന് തുടക്കം കുറിച്ച ശ്രീനാരായണ ഗുരു 'പലമതസാരവും ഏകമെന്ന്' മലയാളിയെയും ലോകരെയും ഓര്‍മ്മിപ്പിക്കുന്നത്.