Skip to main content
ന്യൂഡല്‍ഹി

western ghats

 

പശ്ചിമഘട്ട മലനിരകളില്‍ ഉള്‍പ്പെടുന്ന പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സംബന്ധിച്ച് ആവശ്യമെങ്കില്‍ പുതിയ വിജ്ഞാപനം ഇറക്കുമെന്ന് കേന്ദ്രം. പരിസ്ഥിതി ലോല മേഖലയുടെ വിസ്തീര്‍ണം സംബന്ധിച്ച് മാധവ് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകളിലെ വ്യത്യാസം സംബന്ധിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍ ആശങ്ക ഉന്നയിച്ചതിനെ തുടര്‍ന്ന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പരിസ്ഥിതി-വനം മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
 

വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാടുകളെ ട്രൈബ്യൂണല്‍ വീണ്ടും വിമര്‍ശിച്ചു. സര്‍ക്കാരിന്റെ അയഞ്ഞ സമീപനം അംഗീകരിക്കാനാവില്ലെന്നും കുറ്റപ്പെടുത്തിയ ട്രൈബ്യൂണല്‍ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കണമെന്നും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളെ സംബന്ധിച്ച് പരിസ്ഥിതി വകുപ്പ് സെക്രട്ടറി തന്നെ സത്യവാങ്മൂലം നല്‍കണമെന്നും നിര്‍ദ്ദേശിച്ചു.

 

നേരത്തെ, ട്രൈബ്യൂണലിന്റെ തുടര്‍ച്ചയായ നിര്‍ദ്ദേശങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ശേഷം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളി പശ്ചിമഘട്ട സംരക്ഷണ നടപടികള്‍ക്ക് ആധാരമായി കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സ്വീകരിക്കുമെന്ന്‍ കേന്ദ്രം അറിയിച്ചിരുന്നു. പശ്ചിമഘട്ട നിലനിരകള്‍ നിലനില്‍പ്പിന് വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിലാണ് സംരക്ഷണ നടപടികള്‍ നിര്‍ദ്ദേശിക്കാന്‍ കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. മാധവ് ഗാഡ്ഗില്‍ അദ്ധ്യക്ഷനായി ഒരു സമിതിയെ നിയോഗിച്ചത്. സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ രൂക്ഷമായ എതിര്‍പ്പ് ഉയര്‍ത്തിയതിനെ തുടര്‍ന്ന്‍ യു.പി.എ സര്‍ക്കാര്‍ ആസൂത്രണ സമിതി അംഗമായിരുന്ന ബഹിരാകാശ ശാസ്ത്രജ്ഞന്‍ ഡോ. കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ മറ്റൊരു സമിതിയെ ഈ നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാന്‍ ചുമതലപ്പെടുത്തി. എന്നാല്‍, കസ്തൂരിരംഗന്‍ സമിതിയുടെ റിപ്പോര്‍ട്ടിനെതിരെയും കേരളത്തില്‍ പ്രതിഷേധം ശക്തമാണ്.

Ad Image