കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തിനുള്ള ആശങ്കകള്‍ പരിഗണിക്കുമെന്ന് കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി മന്മോഹന് സിങ്ങ്. വെള്ളിയാഴ്ച രാത്രി രാജ് ഭവനില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.
പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണത്തിനായുള്ള നടപടികള്‍ നിര്‍ദ്ദേശിക്കുന്ന റിപ്പോര്‍ട്ട് പഠിക്കുന്നതിനായി കേരളം നിയോഗിച്ച മൂന്നംഗ വിദഗ്ദ്ധ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രിയുടെ മുന്നില്‍ ഉന്നയിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തെ അറിയിച്ചിരുന്നു.
സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന സമിതിയുടെ റിപ്പോര്‍ട്ടില്‍ ജനങ്ങള്‍ക്ക് ഇനിയും നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്നും ഇതിന് ശേഷമേ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാറിന്റെ പരിഗണനയ്ക്ക് നല്‍കുകയുള്ളൂ എന്ന് മുഖ്യമന്ത്രി അറിയിച്ചു.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ കടുത്ത എതിര്‍പ്പുയര്‍ത്തിയതിനെ തുടര്‍ന്നാണ് കേന്ദ്രം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുന:പരിശോധിക്കാന്‍ കസ്തൂരിരംഗന്‍ കമ്മിറ്റിയെ നിയോഗിച്ചത്. കമ്മിറ്റി നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംവേദന മേഖലകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് കേന്ദ്രം സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.