2ജി സ്പെക്ട്രം അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡി.എം.കെ അധ്യക്ഷന്‍ എം. കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിന്റെ മൊഴി രേഖപ്പെടുത്തി. പ്രത്യേകകോടതിയുടെ നിര്‍ദ്ദേശപ്രകാരം ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് ഗോപാലന് ദയാലു അമ്മാളിന്റെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. 85 കാരിയായ ദയാലു അമ്മാളിന് ആരോഗ്യകാരണങ്ങളാല്‍ കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് വീട്ടിലെത്തി മൊഴിയെടുത്തത്.
മകളും രാജ്യസഭാംഗവുമായ കനിമൊഴി, കലൈഞ്ജര്‍ ടി.വിയുടെ മാനേജിംഗ് ഡയറക്ടറും നടനുമായ ശരത്കുമാര്, മുന്‍ ടെലികോം മന്ത്രിയായിരുന്ന എ. രാജ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു മൊഴിയെടുത്തത്. മൂവരും ഈ കേസില്‍ ആരോപണ വിധേയരുമാണ്. കഴിഞ്ഞ സെപ്റ്റംബര്‍ 22-നാണ് വിചാരണക്കോടതിയില്‍ നേരിട്ട് ഹാജരാവുന്നതില്‍ നിന്നും ദയാലു അമ്മാളിനെ ഒഴിവാക്കി സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ദയാലു അമ്മാളിന്റെ മൊഴി രേഖപ്പെടുത്തുന്ന സമയത്ത് 2ജി കേസില്‍ ആരോപണ വിധേയരായ 17 പേരും ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
കലൈഞ്ജര്‍ ടി.വിയുടെ ഡയറക്ടര്‍ എന്ന നിലയില്‍ 2ജി കേസിലെ പ്രധാന സാക്ഷിയാണ് ദയാലു അമ്മാള്‍