ഇസ്ലാമാബാദ്: മെയ് 11ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ഒപ്പുകള്‍ തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് പഞ്ചാബിലെ കസുര്‍ മണ്ഡലത്തില്‍ നിന്ന് പാര്‍ലിമെന്റായ ദേശീയ അസ്സംബ്ലിയിലേക്കുള്ള പത്രിക വരണാധികാരി തള്ളിയത്.
അതിനിടെ ഇസ്ലാമാബാദിലെ പാര്‍ലിമെന്റ് മണ്ഡലത്തില്‍ നിന്നുള്ള മുഷറഫിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളണമെന്നാവാശ്യപ്പെട്ടു ഒരാള്‍ ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ കമ്മീഷന്‍ തീരുമാനമെടുത്തിട്ടില്ല. നാല് മണ്ഡലങ്ങളില്‍ നിന്ന് മുഷറഫ് പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട മറ്റൊരു സംഭവവികാസത്തില്‍ മുഷറഫിനെ വഞ്ചനാ കുറ്റത്തിന് വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് റാവല്‍പ്പിണ്ടി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് തൌഫിക് ആസിഫ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ചീഫ്ജസ്റ്റിസ് ഇഫ്തിക്കര്‍ ചൌധരിയുടെ നേതൃത്വത്തിലുള്ള ബഞ്ച് ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.
അഞ്ചു വര്‍ഷത്തെ സ്വയം പ്രഖ്യാപിത പ്രവാസത്തിനു ശേഷം മാര്‍ച്ച് 24നാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്ന ലക്ഷ്യവുമായി മുഷറഫ് പാകിസ്താനില്‍ തിരിച്ചെത്തിയത്. ബേനസീര്‍ ഭൂട്ടോയുടെ വധക്കേസിലടക്കം പല കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള മുഷറഫ് കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യത്തിലാണ് തിരിച്ചെത്തിയത്.