കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക്; സി.പി.എം, ബി.ജെ.പി വാദം ഫലം കാണുന്നു?

Glint desk
Wed, 23-12-2020 07:00:15 PM ;

പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നു. വേങ്ങര നിയമസഭാ മണ്ഡലത്തില്‍ നിന്നു ജയിച്ച് എം.എല്‍.എ ആയ ശേഷം ആ സ്ഥാനം രാജിവെച്ചാണ് പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചതും വിജയിച്ചതും. രാഹുല്‍ ഗാന്ധി കഴിഞ്ഞാല്‍ കേരളത്തില്‍ നിന്ന് ഏറ്റവും അധികം ഭൂരിപക്ഷം ലഭിച്ചത് കുഞ്ഞാലിക്കുട്ടിക്കായിരുന്നു. സി.പി.എമ്മിന്റെ വി.പി സാനുവിനോട് മത്സരിച്ച് 2.60 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് കുഞ്ഞാലിക്കുട്ടി ജയിച്ചു കയറിയത്.  ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് വര്‍ഷം പോലും തികയും മുമ്പെയാണ് കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജി വെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ തീരുമാനിക്കുന്നത്. 

സി.പി.എമ്മും ബി.ജെ.പിയും ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു തീരുമാനമാണ് ഇപ്പോള്‍ മുസ്ലീം ലീഗിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. യു.ഡി.എഫിനെ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗാണ് എന്ന് മുഖ്യമന്ത്രി തന്നെ ആരോപണം ഉന്നയിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അധികാരം കിട്ടിയാല്‍ പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആകും അധികാരം ലഭിച്ചില്ല എങ്കില്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം വരെ മുസ്ലീം ലീഗ് ചോദിക്കും തുടങ്ങിയ നിരവധി പ്രചാരണങ്ങള്‍ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കന്മാരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. സി.പി.എമ്മിന്റെ ഈ വാദത്തെ അംഗീകരിക്കുന്നതാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഇപ്പോഴത്തെ നീക്കം.

കേരളത്തില്‍ ഭൂരിപക്ഷ വര്‍ഗീയത ശക്തിപ്പെടാന്‍ മാത്രമെ ഈ നീക്കം സഹായിക്കുകയുള്ളൂ. ബി.ജെ.പിയും ആഗ്രഹിക്കുന്നത് ഇത് തന്നെയാണ്. ഈ നീക്കത്തിലൂടെ തകരാന്‍ പോകുന്നത് യു.ഡി.എഫാണ്. ന്യൂനപക്ഷ സമുദായത്തിന്റെ വോട്ട് വിഘടിച്ച് ബി.ജെ.പിയിലേക്കും സി.പി.എമ്മിലേക്കും പോകുന്നതിനും അത് വഴി ലീഗും യു.ഡി.എഫും തകര്‍ച്ചയിലേക്ക് കൂപ്പു കുത്തുന്നതിനും മാത്രമെ ഇത്തരം പക്വതയില്ലാത്ത നീക്കങ്ങള്‍ ഉപകാരപ്പെടുകയുള്ളൂ.

വോട്ട് ചെയ്ത് വിജയിപ്പിക്കുന്ന ജനങ്ങളെ മണ്ടന്‍മാരാക്കുന്ന തരത്തിലുള്ള തീരുമാനങ്ങളാണ് ഇപ്പോഴത്തെ ഭൂരിഭാഗം രാഷ്ട്രീയ നേതാക്കളും കൈക്കൊള്ളുന്നത്. നേതാക്കന്മാര്‍ തോന്നുമ്പോള്‍ തോന്നുന്ന തരത്തിലുള്ള തീരുമാനങ്ങള്‍ എടുക്കുന്നതും അത് ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രവണതകളാണ് പലപ്പോഴും കാണുന്നത്. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന നേതാക്കള്‍ പലപ്പോഴും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കാതെ സ്വന്തം വ്യക്തി താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇത്തരം പക്വത ഇല്ലാത്ത തീരുമാനങ്ങള്‍ വോട്ടര്‍മാര്‍ക്ക് ഇവരിലുള്ള വിശ്വാസ്യത തകരുന്നതിന് മാത്രമെ ഉപകാരപ്പെടൂ എന്നത് തിരിച്ചറിഞ്ഞ് സ്വയം തിരുത്താന്‍ തയ്യാറാവാത്ത പക്ഷം ഇത്തരം തീരുമാനങ്ങള്‍ ഇവരുടെ തകര്‍ച്ചയിലേക്ക് മാത്രമെ നയിക്കുകയുള്ളൂ. 

Tags: