കാറിന്റെ വിന്‍ഡ്ഷീല്‍ഡ് കല്ലുവീണ് തകര്‍ന്നിട്ടും ഹരികുമാറിന് തെല്ലും വിഷമമോ അസ്വസ്ഥതയോ ഉണ്ടായില്ല. മറിച്ച് സന്തോഷവും ആശ്വാസവുമാണ് അനുഭവപ്പെട്ടത്. അത് ഷെല്‍ജയെ അത്ഭുതപ്പെടുത്തി. നേരെ സര്‍വ്വീസ് സ്റ്റേഷനില്‍ കാര്‍ ഏല്‍പ്പിച്ചിട്ട് അവിടെ നിന്നും യൂബറില്‍ ഷെല്‍ജയും, ഹരികുമാറും, ശിവപ്രസാദും ടാഗോര്‍ തീയറ്ററിലേക്കു പോയി. അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിലേക്ക്. ഷെല്‍ജയ്ക്ക് ആ പോക്കിനോട് വലിയ താല്‍പ്പര്യമില്ലായിരുന്നു. എന്നാല്‍ പുതിയ കുറേ ആള്‍ക്കാരെ പരിചയപ്പെടുത്തിക്കൊടുക്കാമെന്ന് ഹരികുമാര്‍ പറഞ്ഞപ്പോഴാണ്, താന്‍ വരാമെന്നും സിനിമ കാണാമെന്നും സമ്മതിച്ചത്. ചലച്ചിത്രോത്സവം വലിയ ബുദ്ധിജീവികളുടെ ഏര്‍പ്പാടാണെന്നാണ് ഷെല്‍ജയുടെ അഭിപ്രായം. അതില്‍ പങ്കെടുക്കുന്ന താടി വളര്‍ത്തിയവരെയും മുടി മുറിച്ച് കുളിക്കാറില്ലെന്നു തോന്നുന്ന വിധം അലക്ഷ്യമായി വസ്ത്രം ധരിച്ചെത്തുന്ന സ്ത്രീകളെയും സംഭാഷണം ചാനലിലൂടെ കാണുമ്പോള്‍, ആ പശ്ചാത്തലം തന്നെ സംബന്ധിച്ചിടത്തോളം ഏതോ വിസ കിട്ടാന്‍ ബുദ്ധിമുട്ടുള്ള വിദേശ രാജ്യം പോലെയാണ് ഷെല്‍ജയ്ക്ക് തോന്നിയിരുന്നത്.
തങ്ങളുടെ ഫ്‌ളാറ്റിലെ അംഗമായ നെക്ക് ലെസ്സ് എന്നറിയപ്പെടുന്ന രൂപ വിദേശ യാത്ര അവസാനിപ്പിച്ച് ഓടിപ്പിടിച്ചെത്തിയത് ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ്. അവള്‍ തലേ വര്‍ഷവും എല്ലാവരെയും നിര്‍ബന്ധിച്ചതാണ്. ഒരു ദിവസമെങ്കിലും ഏതെങ്കിലും ഒരു സിനിമ കാണാന്‍ .പക്ഷേ ആരും പോയില്ല ' നിങ്ങളിവിടെക്കാണുന്ന പോര്‍ണോയുടെ ഇഫക്ടല്ല അവിടെ കാണുന്ന സിനിമ കണ്ടാല്‍' എന്ന് പറഞ്ഞ് പ്രലോഭിച്ചപ്പോള്‍ ' ഓ പിന്നെ, ഇതില്‍ കൂടുതലൊന്നും എന്തായാലും അവിടെയും കാണാന്‍ പോകുന്നില്ല. പിന്നല്ലെ , ലീവെടുത്ത് സിനിമാ കാണാന്‍ പോവുന്നെ. ' എന്ന് പറഞ്ഞ് അമാന്റയാണ് രൂപയുടെ ശ്രമം പരാജയപ്പെടുത്തിയത്.
പ്ലാമൂട് ജംഗ്ഷനില്‍ ട്രാഫിക് ബ്ലോക്കില്‍ കിടന്നപ്പോള്‍ ശിവപ്രസാദ് ചിത്രാംഗദന്‍ സാറിന്റെ താക്കീതിനെക്കുറിച്ച് പറഞ്ഞു. ചിത്രാംഗദന്‍സാര്‍ നല്‍കിയ മുന്നറിയിപ്പ് അച്ചട്ടാണെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് തന്റെ കാറിന്റെ വിന്‍ഡ് ഷീല്‍ഡുടഞ്ഞതെന്ന് ആലോചിച്ചിരിക്കുകയായിരുന്നു ഹരികുമാര്‍. ചെറു ചിരിയോടെ ഹരികുമാര്‍ പറഞ്ഞു, ' ഓ, ആ കാറിന്റെ ചില്ലുടഞ്ഞു കഴിഞ്ഞ നേരം എനിക്കൊന്തൊരാശ്വാസ്വമാ ഉണ്ടായതെന്നറിയുവോ. ഏതോ അപകടം ഒഴിഞ്ഞു പോയ പോലെ. സാര്‍ പ്രത്യേകം പറഞ്ഞതാണ് ഒരു കാരണവശാലും കാര്‍ ഡ്രൈവു ചെയ്തുള്ള യാത്ര പാടില്ലെന്ന്. ഹൊ, സാറിന്റെ കഴിവ് അപാരം തന്നെ. എങ്ങനെ കൃത്യമായി കാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയുന്നു. ഹാ, ഷെല്‍ജയ്ക്കറിയില്ലല്ലോ ചിത്രംഗാദന്‍ സാറിനെ' എന്നു സൂചിപ്പിച്ചുകൊണ്ട് ഹരികുമാര്‍ ചിത്രാംഗദന്‍ സാറിനെക്കുറിച്ച് ഷെല്‍ജയോട് പറഞ്ഞു.
ഹരികുമാറിന്റെ ഫോണ്‍ ശബ്ദിച്ചു, ' ഹലോ, ഹാ. ഞാനിതാ എത്തിക്കഴിഞ്ഞു. നിങ്ങളെത്ര പേരുണ്ട്. എട്ടു പേരുണ്ടല്ലേ. ഗുഡ്. എത്ര ഗേള്‍സ്, എത്ര ബോയ്‌സ്. ഓ മൂന്നു ബോയ്‌സും നാല് ഗേള്‍സും. കുഴപ്പമില്ല. അവരോട് അവിടെ നില്‍ക്കാന്‍ പറ' . ഫോണ്‍ വച്ചതിനു ശേഷം പിന്‍സീറ്റില്‍ തന്നോടപ്പമിരുന്ന ഷെല്‍ജയോട് ഫോണില്‍ സംസാരിച്ചതിനെക്കുറിച്ച് ഹരികുമാര്‍ വിശദീകരിച്ചു.' ഞാന്‍ സെക്രട്ടേറിയറ്റിലാണ് വര്‍ക്കു ചെയ്യുന്നതെന്നറിയാമല്ലോ. ഞാന്‍ മറ്റൊരു ഫേം കൂടി നടത്തുന്നുണ്ട്. ഒഫിഷ്യലായിട്ട് എന്റെ പേരിലല്ലെങ്കിലും. ഞാനൊരു സെഫോളജിസ്റ്റും സോഷ്യല്‍ സര്‍വേ എക്‌സ്‌പെര്‍ട്ടും കൂടിയാ. ഇപ്പോള്‍ ഒരു പ്രമുഖ ചാനലിനു വേണ്ടി ഒരു സര്‍വേ നടത്തിക്കൊണ്ടിരിക്കുവാ. അതിന് ഞങ്ങളെ ഹെല്‍പ്പ് ചെയ്യാന്‍ കുറേ ജേര്‍ണലിസം വിദ്യാര്‍ഥികള്‍ ടാഗോര്‍ തീയറ്ററിലെത്തിയിട്ടുണ്ട്. അതു കാരണമാ ഞാനിന്ന് കാറെടുക്കാമെന്നു വിചാരിച്ചത്. ക്വസ്റ്റനയറും മറ്റും കൊണ്ടുപോകാനുണ്ടായിരുന്നു.
' എന്തിനെക്കുറിച്ചാ ചാനല്‍ സര്‍വേ' ഷെല്‍ജ ചോദിച്ചു.
' ങാ, മറന്നു. ഷെല്‍ജയ്ക്കും ഞാനൊരു ക്വസ്റ്റനയര്‍ തരാം.'
' ഓ, ഷുവര്‍. എന്താ വിഷയം'
' സംഗതി വളരെ സിമ്പിളാ. ന്യൂസ് ചാനലിന്റേതാ. വാര്‍ത്താവായനക്കാരും അവതാരകരുമായ യുവതികള്‍ ഏതു രീതിയില്‍ സ്‌ക്രീനില്‍ വരുമ്പോഴാണ് ഏറ്റവും കൂടുതല്‍ സെക്‌സ് അപ്പീല്‍ ഉണ്ടാകുന്നത് എന്നുള്ള പഠനം. അതനുസരിച്ച് അവര്‍ക്ക് അവതാരകരുടെ വേഷവും അവതാരകരെയുമൊക്കെ അവസരത്തിനൊത്ത് ഇടാന്‍ കഴിയും.'
' വാര്‍ത്ത വായിക്കുന്നവര്‍ക്കും സെക്‌സ് അപ്പീല്‍ വേണോ?'
' എല്ലാം നില്‍ക്കുന്നത് റേറ്റിംഗിലല്ലേ. നല്ല ചന്തയില്‍ ഏതെങ്കിലും ഒരു സ്ഥലത്തേക്ക് ആള്‍ക്കൂട്ടം തിക്കിത്തിരക്കി കൂട്ടം കൂടി എത്തിനോക്കിപ്പിക്കുന്ന വിധമുള്ള ചേരുവകളാണ് ന്യൂസ് ചാനലുകളുടെ റേറ്റിംഗ് നിശ്ചയിക്കുക. അടി, ഇടി, സെക്‌സ്. ഇതായിരിക്കണം വിഷയം ഏതായാലും എസ്സന്‍സ്'
' ന്യൂസിന്റെ പ്രധാന അവതാരകരൊക്കെ ആണുങ്ങളല്ലേ'
' അടി ഇടി ഭ്രാന്ത് എന്നീ സംഗതികള്‍ കൈകാര്യം ചെയ്യുന്നതിലും ചര്‍ച്ചചെയ്യുന്നതിലും ഇപ്പോഴും ആണുങ്ങള്‍ക്കാണ് മാര്‍ക്കറ്റ്. സ്റ്റണ്ട് ആണുങ്ങളുടേതേ വിലപ്പോവുകയുള്ളൂ. പെണ്ണുങ്ങള്‍ സ്റ്റണ്ടു നടത്തിയാല്‍ ശ്രദ്ധ സ്റ്റണ്ടിലാവില്ല. അവര്‍ സ്റ്റണ്ട് നടത്തിയാലും വെറുതേ നിന്നാലും ഒറ്റ അപ്പീലിനേ മാര്‍ക്കറ്റുള്ളൂ'
' ഫ്‌ളാറ്റില്‍ ഞങ്ങളുടെ കൂടെയുള്ളതില്‍ ഒരാള്‍ ചാനല്‍ പ്രവര്‍ത്തകയാ. അറിയുമായിരിക്കും, രൂപ'
' ഓ പിന്നെ, നമ്മുടെ ആക്ടിവിസ്റ്റ് ഫെമിനിസ്റ്റ്. ഞാന്‍ ഇന്നലെ ഫെസ്റ്റിവലിനു പോയപ്പോ കണ്ടിരുന്നു. എനിക്ക് നേരിട്ടു പരിചയമില്ല. അവരൊക്കെ പിന്നെ വെളിച്ചപ്പാടുകളല്ലേ'
' എന്താ , എനിക്ക് മനസ്സിലായില്ല'
' വെളിച്ചപ്പാടിനെ കണ്ടിട്ടില്ലേ.'
' ഇല്ല, '
'സിനിമയില്‍ കണ്ടിട്ടില്ലേ ഒരു വാളും പിടിച്ച് മുടിയൊക്കെ അഴിച്ചിട്ട് നടക്കുന്നയാളെ. അതാ വെളിച്ചപ്പാട്. അയാളെ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അയാള്‍ക്ക് എല്ലാവരേയും അറിയുവാന്‍ കഴിയില്ല'
' ഓ, ഐ സീ. രൂപയെങ്ങാനും സര്‍വേയുടെ കാരണത്തെക്കുറിച്ചറിയുവാണെ നിങ്ങടെ കഥ കഴിക്കും.'
' ഹഹ..ഹ...ാ..ാ.എടോ ആ രൂപേടെ ബുദ്ധിജീവി വേഷമില്ലേ അതിന് ഭയങ്കര സെക്‌സ് അപ്പീലാ. ആക്ടിവിസ്റ്റുകളോട് ചാനലുകാര്‍ പ്രത്യേകിച്ച് ഒന്നും പറയേണ്ട. അവര്‍ മിര്‍ച്ചിയായി ഡ്രെസ്സ് ചെയ്തുകൊള്ളും. പാവങ്ങള്‍ ഈ ആക്ടിവിസ്റ്റുകള്‍ ധരിച്ചിരിക്കുന്നത് തങ്ങളുടെയടുത്ത് ചാനല്‍ മേധാവികള്‍ക്ക് ഇന്ന വിധത്തില്‍ ഡ്രെസ്സ് ചെയ്യണം ടച്ചപ്പ് ചെയ്യണമെന്നൊക്കെ പറയാന്‍ പേടിയാണെന്നാ. അതവര് ബോധപൂര്‍വ്വം ചെയ്യുന്നതാ. അവരുടേത് ക്രൂഡ് സെക്‌സ് അപ്പീലായിട്ടാ തരം തിരിച്ചിരിക്കുന്നത്. '
' ശരിയാ എനിക്കും തോന്നിയിട്ടുണ്ട്. ഞാനിത് രൂപയുമായി തര്‍ക്കിച്ചിട്ടുമുണ്ട്. അപ്പോഴവള്‍ പറഞ്ഞത് അത് നമ്മുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ സ്റ്റേറ്റ്‌മെന്റ്‌ലാംഗ്വേജാണെന്നാ. നിങ്ങളുടെ സര്‍വേയില്‍ അതൊക്കെ ഉള്‍പ്പെടുന്നുണ്ടോ?'
' പിന്നെ , എല്ലാമുണ്ട്. സ്റ്റണ്ട് സ്‌കോപ്പ് കഴിഞ്ഞാലുള്ള സ്ലോട്ടുകളിലൊക്കെ അവര്‍ക്ക് സെക്‌സ് വേണം. രാവിലെ പത്തു മുതല്‍ ഉച്ച വരെയും രാത്രി പത്തിനു ശേഷവുമൊക്കെയുള്ള പരിപാടികളില്‍ റേറ്റിംഗ് കേറണമെങ്കില്‍ അതുണ്ടായെങ്കിലേ പറ്റുകയുള്ളൂ. അതുകാരണം എല്ലാ വിഭാഗക്കാരെയും എന്റര്‍ട്ടെയിന്‍ ചെയ്യാന്‍ വേണ്ടിയാ ഈ സര്‍വേ നടത്തുന്നത്. '
' അപ്പോ ഈ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസംകൊണ്ടൊന്നും റേറ്റിംഗ് കേറ്റാന്‍ പറ്റില്ലേ'
അതിനുത്തരം പറഞ്ഞത് മുന്‍സീറ്റിലിരുന്ന ശിവപ്രസാദാണ്.' ഏതെങ്കിലും ഹോട്ടലില്‍ രുചികരവും ഗുണവുമുള്ള ഭക്ഷണം വിറ്റ് ലാഭമുണ്ടാക്കാന്‍ പറ്റുവോ. പാട്ടിനനുസരിച്ച് സംഗീതമുണ്ടാക്കിയാ ചലച്ചിത്രഗാനത്തിനു പറ്റുവോ. അതുപോലെ തന്നെയല്ലേ ന്യൂസിന്റെ കാര്യവും. '
' നമ്മളതിനെ അങ്ങനെ ലഘൂകരിച്ചിട്ട് കാര്യമില്ല. ഇതൊക്കെ ബിഗ് ബിസിനസ്സാ. പണമിറക്കുന്നവര്‍ക്ക് അത് നഷ്ടപ്പെടുത്തിക്കളയാന്‍ താല്‍പ്പര്യമുണ്ടാവില്ലല്ലോ. പിന്നെ സെക്‌സ് ഉപയോഗിക്കാതെ ഇന്ന് ഒരു ബിസിനസ്സും വിജയിപ്പിക്കാന്‍ പറ്റില്ല. കുറച്ച് നാള് മുന്‍പ് ഞാനെന്റെ ഫ്രണ്ടിന്റെ കൂടെ വിജാഗിരിയും മറ്റു സാധനങ്ങളും വാങ്ങാന്‍ പോയി.അവന്റെ വീടുപണി നടക്കുവാ. അവിടെ ചെന്നപ്പോള്‍ സെയില്‍സ് ഗേള്‍ പുതിയ മോഡല്‍ എടുത്തു കാണിച്ചു. ഹോട്ട് ഹിഞ്ചെന്നു പരിചയപ്പെടുത്തിക്കൊണ്ട്. കതക് തുറക്കുമ്പോള്‍ വിജാഗിരി നല്ല ഷേപ്പിലുള്ള സ്ത്രീകളുടെ വെയ്സ്റ്റു പോലെ തോന്നും. ഏതാണ്ട് ഇരട്ടി വിലയുമാ അതിന്. കാഴ്ചയ്ക്ക് രസമുണ്ട്. എന്നിട്ട് അവനതാ എടുത്തത്.അതിനി എലിവിഷം വില്‍ക്കണേലും സെക്‌സില്ലേ പറ്റില്ല' ഹരികുമാര്‍ പറഞ്ഞു.
ഹരികുമാര്‍ ഇക്കാര്യം പറയുമ്പോള്‍ അലക്ഷ്യമായി ഷെല്‍ജയുടെ അരക്കെട്ടിലേക്ക് ഒളികണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. ഷെല്‍ജയ്ക്ക് മനസ്സിലാകത്തക്കവണ്ണം. പരോക്ഷമായി ഷെല്‍ജയുടെ അരക്കെട്ടുപോലുള്ള വിജാഗിരിയെന്ന് പറയാതെ പറയുന്ന വിധത്തില്‍.
ടാഗോര്‍ തീയറ്ററിന് മുന്നിലെത്തി ഉള്ളിലേക്കു നടന്നപ്പോള്‍ മരച്ചുവടുകളിലെല്ലാം ആണ്‍ പെണ്‍ സൗഹൃദങ്ങള്‍. കുറച്ച് മേല്‍പ്പോട്ട് നടന്നപ്പോള്‍ താന്‍ പെട്ടെന്ന് വേറൊരു ലോകത്തിലേക്ക് കയറിയതുപോലെ ഷെല്‍ജയ്ക്ക് അനുഭവപ്പെട്ടു. ഇത്രയും വര്‍ഷം തിരുവനന്തപുരത്ത് താമസിച്ചിട്ടും ആദ്യമായാണ് ശിവപ്രസാദ് ചലച്ചിത്രോത്സവ വേദിയില്‍ സിനിമ കാണാന്‍ വരുന്നത്. മുടി നീട്ടി വളര്‍ത്തിയ ആണ്‍കുട്ടികളുടെ മുടിക്കുള്ളിലൂടെ വിരലുകളോടിച്ചുകൊണ്ട് നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരിക്കുന്ന ജീന്‍സും സ്ലീവ്‌ലെസ്സ് ലൂസ് ഷോര്‍ട്ട് ടോപ്പിട്ട പെണ്‍കുട്ടികള്‍. ചില ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളുടെ മടിയില്‍ കിടക്കുന്നു. ചിലര്‍ മുടി നീട്ടിയ ആണ്‍കുട്ടികളുടെ മുടിക്കുള്ളില്‍ നിന്ന് പേനിനെ നോക്കിയെടുത്തു കളിക്കുന്നു. വേറെ ചില സ്ഥലങ്ങളില്‍ പെണ്‍കുട്ടികളും താടി വളര്‍ത്തി കഷണ്ടി കയറിയ മധ്യവയസ്‌കരും നിന്നും ഇരുന്നുമൊക്കെ വലിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ചില പെണ്‍കുട്ടികള്‍ ലുങ്കി വലിച്ചുകീറിയതുപോലുള്ള തുണികൊണ്ട് തല പൊതിഞ്ഞു കെട്ടിയിരിക്കുന്നു.
ശിവപ്രസാദിന് എന്തുകൊണ്ടോ പെട്ടെന്ന് അത്ര രസം തോന്നിയില്ല. അയാള്‍ അസ്വസ്ഥനായി. തനിക്ക് അത്ര നല്ല സുഖം തോന്നുന്നില്ലെന്നും വീട്ടിലേക്കു പോവുകയാണെന്നും പറഞ്ഞുകൊണ്ട് ശിവപ്രസാദ് പോകാനായി ഹരികുമാറിനോട് അനുമതി ചോദിച്ചു. ഹരികുമാര്‍ ഒട്ടും തടസ്സം പറയാതെ ' എങ്കില്‍ ശിവന്‍ പൊയ്‌ക്കോളൂ' എന്നു പറഞ്ഞു. ഏതോ അപകടമേഖലയില്‍ പെട്ടിട്ട് രക്ഷപെടുന്നതു പോലെ ശിവപ്രസാദ് അവിടെ നിന്നും പുറത്തേക്കു കടന്നു. എതിര്‍ വശത്തെ ബസ് സ്റ്റോപ്പില്‍ നിന്നപ്പോള്‍ മ്യൂസിയം ഭാഗത്തേക്കുള്ള ബസ് വരുന്നതു കണ്ടു. ഉടന്‍ അതില്‍ കയറി മ്യൂസിയത്തിലേക്കു പോയി.
ഹരികുമാര്‍ ചെല്ലുന്നത് കണ്ട് അയാളെ കാത്തു നിന്നിരുന്ന ജേര്‍ണലിസം വിദ്യാര്‍ത്ഥികളും തന്റെ ഫേമിലെ സ്റ്റാഫുകളിലൊരാളായ അജയും അടുത്തേക്കു വന്നു. തന്റെ കൈയിലിരുന്ന ഫയല്‍ തിട്ടയുടെ മുകളില്‍ വച്ചിട്ട് ഹരികുമാര്‍ ക്വസ്റ്റ്യനെയറെടുത്ത് വിശദമായി കുട്ടികള്‍ക്ക് വിവരിച്ചുകൊടുത്തു. ക്വസ്റ്റിയനെയറില്‍ ഒന്നിലും പ്രത്യക്ഷമായി സെക്‌സിനെ പരാമര്‍ശിക്കുന്നതോ അതിലേക്കു സൂചന നല്‍ക്കുന്നതോ ആയ ചോദ്യങ്ങളൊന്നുമില്ല. വളരെ ഗുപ്തമായ രീതിയിലാണ് കൃത്യമായ ഉത്തരം ലഭിക്കത്തക്ക വിധം ചോദ്യം ചിട്ടപ്പെടുത്തിയിരിക്കുന്നത്. പഴയകാല നക്‌സലൈറ്റിന്റെയും ബുദ്ധിജീവിയുടെയും ശേഷി മുഴുവന്‍ ഹരികുമാര്‍ ചോദ്യങ്ങള്‍ക്കുള്ളില്‍ വിന്യസിപ്പിച്ചിട്ടുണ്ട്. ഒരു ഷീറ്റ് ഒരാള്‍ പൂരിപ്പിച്ചുകഴിഞ്ഞാല്‍ ആ വ്യക്തിക്ക് ഇപ്പോള്‍ ടെലിവിഷനില്‍ വരുന്ന ഓരോരുത്തരേയും കുറിച്ചുള്ള അയാള്‍ പോലുമറിയാത്ത താല്‍പ്പര്യങ്ങളും താല്‍പ്പര്യക്കേടുകളും എന്താണെന്ന് അറിയാന്‍ കഴിയും. ഒരു ക്വസ്റ്റനയര്‍ ഷെല്‍ജയ്ക്കു കൊടുത്തുകൊണ്ട് തീയറ്ററിനുള്ളിലേക്കു പോകുമ്പോള്‍ ഹരികുമാര്‍ ഷെല്‍ജയക്ക് അതിനെക്കുറിച്ച് വിശദീകരിച്ചുകൊടുത്തു.
തീയറ്ററിനുള്ളിലേക്ക് കയറാന്‍ തുടങ്ങുമ്പോഴാണ് പിന്നില്‍ നിന്ന് ഹരീന്നൊരു വിളി അയാളുടെ ചെവിയില് വീണത്. തിരിഞ്ഞു നോക്കിയപ്പോള്‍ തന്നോടൊപ്പം കോളേജില്‍ പഠിച്ചിരുന്ന സുഹൃത്ത്. ആന്‍മേരി. മുന്‍വശത്തെ മുടി കുറേശ്ശെ നരച്ചിട്ടുണ്ട്. പെട്ടെന്നുള്ള ചിരിയില്‍ നിന്നാണ് മേരിയെ ഹരികുമാര്‍ തിരിച്ചറിഞ്ഞത്. വലിയ തടിയൊന്നും വച്ചിട്ടില്ലെങ്കിലും മേരിയുടെ മുഖത്ത് പണ്ടുണ്ടായിരുന്ന കുസൃതിയും പ്രസരിപ്പും നഷ്ടമായിരിക്കുന്നു.
' മേരീ,നീ'
' ങാ, ഇതെന്റെ മധുരിക്കും വര്‍ഷമാ. ഫിലിം ഫെസ്റ്റിവലിനു മുടങ്ങാതെ വരുന്ന പതിനേഴാമത്തെ വര്‍ഷമാ. '
' നീ ഒറ്റയ്‌ക്കേ ഉള്ളോ'
'അന്നു മുതല്‍ ഇതുവരെ ഒറ്റയ്ക്കാ വരുന്നെ. നിന്നെ കണ്ടപ്പോ വിളിക്കണോ വേണ്ടയോ എന്നു വിചാരിച്ചതാ.'
'നിന്റെ കെട്ടിയവനെന്ത്യേടി'
' ഓ അങ്ങേര്‍ക്ക് ഇതൊക്കെ അലര്‍ജിയാ'
' നിനക്കെന്നുമുതലാടീ സിനിമാക്കമ്പം കേറിത്തുടങ്ങിയത്.'
' നിനക്കറിയില്ലേ. നീയാ അതിനു കാരണക്കാരന്‍. നിങ്ങടെ ക്യാമ്പസ് ഗ്രൂപ്പ് 'മോബ്' പണ്ട് ഫിലിംഷോ നടത്തിയതോര്‍മ്മയില്ലേ. '
' ഓ. നമ്മുടെ ബേക്കര്‍ ബേക്‌സ് ദ ബ്രഡ്'
'ങാ അത് തന്നെ'
'കോളേജില്‍ പഠിക്കുമ്പോഴുള്ള ഞങ്ങളുടെ സംഘടനയായിരുന്നു മോബ്. എല്ലാ മാസവും മോബ് ഫിലിം ഷോ നടത്തുമായിരുന്നു. അതും വൈകീട്ട് ലൈബ്രറി ഹാളില്‍ . ഹോസ്റ്റലിലുള്ള കുട്ടികള്‍ക്കേ പങ്കെടുക്കാന്‍ പറ്റുകയുളളൂ. ഞാനായിരുന്നു അതിന്റെ കണ്‍വീനര്‍. ബേക്കര്‍ ബേക്‌സ് ദ ബ്രഡെന്ന ഒരു ഹോട്ട്‌സീന്‍ സ്റ്റഡഡ് പോളീഷ് മൂവി കിട്ടി. അത് നേരത്തെ ഞാന്‍ കണ്ടിട്ടുള്ളതായിരുന്നു. ഞാനന്ന് ഇവളോട് സംഗതി പറഞ്ഞു. ഇവള് നാലഞ്ച് സുഹൃത്തുക്കളുമായി സിനിമയ്‌ക്കെത്തി. ഹോട്ടെന്നു പറഞ്ഞാലും പോരാ കട്ട ഹോട്ട്. അടുത്ത മാസത്തെ ഫിലിംഷോയ്ക്ക് ലേഡീസ് ഹോസ്റ്റല്‍ മുഴുവന്‍ ലൈബ്രറി ഹാളില്‍ ഹാജര്‍. ഹാളിനകത്ത് കൊളളാത്തത്ര ആളായി' ഷെല്‍ജയോടായി പറഞ്ഞുകൊണ്ട് ഹരികുമാറും മേരിയും ഗതകാല സ്മരണ അയവിറക്കി.
തീയറ്ററിനുള്ളിലേക്കു കയറിയപ്പോ മുന്നില്‍ രണ്ടു സീറ്റ് ഒഴിഞ്ഞുകിടപ്പുണ്ട്. അവിടെ ഹരിയോടും ഷെല്‍ജയോടുമിരിക്കാന്‍ പറഞ്ഞിട്ട് മേരി നടുവിലുള്ള ഇടനാഴിയിലൂടെ നടന്ന് മുകളിലെത്തി തറയിലെ പടിയിലിരുന്നു. അപ്പോഴേക്കും ഷെല്‍ജ ഫിലിം ഫെസ്റ്റിവല്‍ അന്തരീക്ഷത്തിന്റെ പ്രത്യേകത അനുഭവിക്കാനും ആസ്വദിക്കാനും തുടങ്ങി. സിനിമ തുടങ്ങി അധികം കഴിയുന്നതിനു മുന്‍പ് തന്നെ സെക്‌സ് രംഗങ്ങള്‍ തുടങ്ങി. ആദ്യമായാണ് ഒരു തീയറ്ററിനുള്ളില്‍ ഇരുന്നുകൊണ്ട് ഷെല്‍ജ ഇവ്വിധം കാണുന്നത്. പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റാത്ത ഒരുതരം വികാരത്തിലേക്ക് താന്‍ വഴുതി വീഴുന്നതായി ഷെല്‍ജയ്ക്ക് തോന്നി. തന്റെ ശരീരം നനുത്ത പ്രകമ്പനത്തിലേക്കു പോകുന്നോ എന്നും ഷെല്‍ജയ്ക്ക് സംശയം തോന്നി. സിനിമ പുരോഗമിക്കുന്നതനുസരിച്ച് സെക്‌സ് രംഗങ്ങളും പുരോഗമിച്ചുകൊണ്ടിരുന്നു. സിനിമയുടെ പകുതിയാകാറായപ്പോഴേക്കും ആദ്യം തോന്നിയ വികാരങ്ങളൊക്കെയും അപ്രത്യക്ഷമായതായി ഷെല്‍ജ അറിഞ്ഞു. പിന്നീട് സെക്‌സ് രംഗങ്ങള്‍ കണ്ടപ്പോള്‍ സിനിമയിലെ സാധാരണ രംഗങ്ങള്‍ കാണുന്നതു പോലെയെ അവള്‍ക്കനുഭവപ്പെട്ടുള്ളൂ.
തങ്ങളുടെ ഫ്‌ളാറ്റിലെ ഏറ്റവും വലിയ വിനോദമായ കൂട്ടായി പോര്‍ണോ ഡൗണ്‍ലോഡ് ചെയ്തു കാണല്‍ ഓര്‍ത്തപ്പോള്‍ ഷെല്‍ജയ്ക്ക് ഒരറപ്പു പോലെ അനുഭവപ്പെട്ടു. തീയറ്ററിനുള്ളിലെ മുഴുവന്‍ സ്ത്രീകളും ഒരു സ്ത്രീയായി മാറുന്നതുപോലെയും പുരുഷന്മാരെല്ലാം ഒരാളായി മാറുന്നതുമായ ഇന്ദ്രജാലം സംഭവിക്കുന്നതായി ഷെല്‍ജയ്ക്കു തോന്നി. തീയറ്ററിനുള്ളിലെ ഗന്ധവിന്യാസം ഇടയ്ക്കിടെ മാറുന്നതും അവളറിഞ്ഞു. ഷെല്‍ജ തലതിരിക്കാതെ മറ്റുള്ളവരുടെ മുഖത്തേക്ക് ചെറുതായൊന്നു നോക്കി. അവള്‍ അവളെത്തന്നെ എല്ലാവരിലും കണ്ടു. തനിക്ക് ഇണചേരലില്‍ നിന്നും ഒരിക്കലും ലഭിച്ചിട്ടില്ലാത്ത സുഖാനുഭൂതി ലഭിക്കുന്നതായി അവളറിഞ്ഞു.അടുത്ത രംഗം. കിടപ്പറയിലെ സ്വകാര്യതയിലെന്നപോലെ അവള്‍ കസേരയിലേക്ക് ഒന്നുകൂടി ചാഞ്ഞു. തീയറ്ററിനുള്ളില്‍ നല്ല തണുപ്പായിരുന്നിട്ടും കുറച്ചുകഴിഞ്ഞപ്പോള്‍ അവളുടെ നെഞ്ചിന്‍തടത്തില്‍ വിയര്‍പ്പു തുള്ളികള്‍ പൊടിഞ്ഞതവളറിഞ്ഞു.
സിനിമ കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോള്‍ പരിപൂര്‍ണ്ണ നിശബ്ദത. കാല്‍പ്പെരുമാറ്റങ്ങളും വസ്ത്രങ്ങളുടെ പരസ്പരമുള്ള ഉരച്ചിലും നിശബ്ദതയുടെ ആഴം കൂട്ടി. ആ ശാന്തതയുടെ സുഖം തകരാതിരിക്കാന്‍ എല്ലാവരും ഒരുപോലെ ശ്രദ്ധിച്ചു. എല്ലാവരുമല്ലല്ലോ, രണ്ടു പേര്‍ മാത്രമല്ലേ ഉള്ളു. അവളോര്‍ത്തു.രണ്ടാമത്തെയാളുടെ മുഖമൊന്നോര്‍ക്കാന്‍ അവള്‍ ശ്രമിച്ചു.പക്ഷേ ഒരു മുഖവും തെളിഞ്ഞുവരുന്നില്ല. ആ ശ്രമം അവളില്‍ അലോസരം സൃഷ്ടിച്ചു. അവളുടെ ശാന്തയുടെ ഓളമില്ലാത്ത പ്രതലത്തില്‍ ഇളം കാറ്റിനു പകരം ഏതോ ഉണക്കയില വീണ അനുഭവമുണ്ടായി. ആരും പരസ്പരം മുഖത്തു നോക്കുന്നില്ല. എല്ലാവരിലും ഒരേ ഭാവം. ഹരികുമാറിനൊപ്പം അവള്‍ നടന്ന് ഒരു സ്‌നാക്ക് ബാറിനു മുന്നിലെത്തി. മൃദുലമായി ഹരികുമാര്‍ ചോദിച്ചു
' കോഫി'
'ഉം'
ഹരികുമാറിന്റെ ചോദ്യം നിശ്ചലമായ ജലാശയത്തിന് മീതെ ജലപ്പരപ്പിനെ തലോടിക്കൊണ്ടുള്ള ഇളം കാറ്റുപോലെ ഷെല്‍ജക്ക് അനുഭവപ്പെട്ടു. ഓളമില്ലാത്തെ ഓളം പോലെ അറിയാതെയാണ് അവളില്‍ നിന്ന് മൂളലും ഉണ്ടായത്. ജീവിതത്തില്‍ ആദ്യമായാണ് നല്ല കുറുകിയ കോഫിക്ക് ഇത്രയും രുചി ഷെല്‍ജ അനുഭവിക്കുന്നത്. ആദ്യമായാണ് ഇത്രയും ചൂടോടെ ഷെല്‍ജ കോഫി കുടിക്കുന്നതും. കോഫി കുടിച്ച് തീരാറായപ്പോള്‍ അതു തീര്‍ന്നുപോകുന്നതില്‍ അവള്‍ക്ക് വിഷമം തോന്നി. എന്നാല്‍ ഒരു കോഫി കൂടി കുടിക്കുന്ന കാര്യം ആലോചിച്ചപ്പോള്‍ മനംപുരട്ടലും അനുഭവപ്പെട്ടു. രഹസ്യം പറച്ചില്‍ പോലെയാണ് ആള്‍ക്കാര്‍ സ്‌നാക്‌സിനും കോഫിക്കുമൊക്കെ ഓര്‍ഡര്‍ കൊടുത്തത്. കൂടുതല്‍ പേരും കോഫിക്ക് ഓര്‍ഡര്‍ കൊടുക്കുന്നതും അവള്‍ ശ്രദ്ധിച്ചു. കോഫി കുടിച്ചു കഴിഞ്ഞപ്പോള്‍ എവിടെയെങ്കിലുമിരിക്കണമെന്ന് തോന്നി. അവളുടെ മനസ്സ് കണ്ട പോലെ ഹരികുമാര്‍ ഒരു മരച്ചുവടിനടുത്തേക്ക പോയി.
' എങ്ങനെയുണ്ടായിരുന്നു' ഹരികുമാര്‍ ചോദിച്ചു
' താങ്ക്യൂ സാര്‍.താങ്ക്യൂ വെരി മച്ച്. ഇറ്റ്‌സ് ആന്‍ എക്‌സ്പീരിയന്‍സ്.നെവര്‍ ഡിഡ് ഐ ......'
'ദാറ്റ്‌സ് ഫെസ്റ്റിവല്‍'
' എക്‌സാറ്റ്‌ലി'
വീണ്ടും നിശബ്ദത. അവര്‍ മരച്ചുവട്ടിലെത്തി. അപ്പോഴേക്കും അവിടം ആളുകളെകൊണ്ട് നിറഞ്ഞുകഴിഞ്ഞിരുന്നു. പക്ഷേ അവരോട് അപരിചിതത്വം തെല്ലും തോന്നിയില്ല. അവരുടെ ഇടയിലേക്കിരുന്നു. അല്‍പ്പം സ്ഥലക്കുറവുണ്ടായിരുന്നിട്ടും മറ്റുള്ളവര്‍ സ്‌നേഹപൂര്‍വ്വം ഒതുങ്ങിയിരുന്നുകൊടുത്തു. തൊട്ടടുത്തിരുന്ന താടിയും മുടിയും വളര്‍ത്തിയ യുവാവ് തന്റെ മുട്ടിനോട് തട്ടി നില്‍ക്കുന്ന യുവതിയുമായി സംസാരം തുടങ്ങി. അവള്‍ ഒരു കൈയ്യ് യുവാവിന്റെ തോളില്‍ വച്ചിരിക്കുകയാണ്. അതു കണ്ടപ്പോള്‍ ഷെല്‍ജയ്ക്ക് കൗതുകം തോന്നി. ഈ കുട്ടികള്‍ എത്ര ഭാഗ്യം ചെയ്തവര്‍ എന്നവള്‍ ചിന്തിച്ചു. മെല്ലെ നിശബ്ദതയെല്ലാം മാറി അന്തരീക്ഷം വീണ്ടും സജീവമായി . അവിടം ചുറ്റും യുവതീയുവാക്കളാല്‍ നിറഞ്ഞു. ഇടയ്ക്കിടെയുള്ള ചിരിയിലും തലകുലുക്കുത്തിലും യുവാവിന്റെ മുടിത്തുമ്പ് തന്റെ മുഖത്ത് തട്ടി. അതില്‍ ഷെല്‍ജയ്ക്ക് അസ്‌കിത തോന്നിയില്ല. എന്നാല്‍ വല്ലാത്തൊരു ദുര്‍ഗന്ധം അവളെ അലോസരപ്പെടുത്തി. എന്നിരുന്നാലും അത് അലോസരമായി കരുതേണ്ടതില്ലെന്ന് അവള്‍ സ്വയം ഉപദേശിച്ചു.
'എടീ, ഇതു നമ്മുടെ ഫര്‍സാനയല്ലേ. ദേ അവള് മാസ്സ് കാച്ചു കാച്ചുന്നു. എവിടെയാ അവള് നില്‍ക്കുന്നെ'യുവാവ് മോബൈലില്‍ ഒരു ചാനലിന്റെ ലൈവ് കാട്ടിക്കൊണ്ട് പെണ്‍കുട്ടിയുടെയടുത്തു പറഞ്ഞു.അവള്‍ വലിയ ഒരൊച്ചയോടെ ' ടാ അത് താഴെയാടാ. '
'ഫിലിം ഫെസ്റ്റിവല്‍ എന്നു പറയുന്നത് ഒരു പ്രഖ്യാപനവേദിയാണ്. ഇവിടെ വന്ന് സിനിമ കാണുക എന്നതു മാത്രമല്ല. എല്ലാ പൊതു ഇടങ്ങളും പെണ്ണിന്റേതു കൂടിയാണെന്ന് പ്രഖ്യാപിക്കാനുള്ള അവസരം കൂടിയാണ്. മതത്തിന്റെ പേരില്‍ നടക്കുന്ന പുരുഷാധിപത്യത്തിനെ വെല്ലുവിളിക്കാനും സ്ത്രീയുടെ കഴിവുകളും ഈ സമൂഹത്തിന് അവകാശപ്പെട്ടതാണെന്നും സമൂഹം അവള്‍ക്കും ഒരേ പോലെ അവകാശപ്പെട്ടതാണെന്നുമുള്ള പ്രസ്താവനയാണ് ഫിലിംഫെസ്റ്റിവല്‍. ഞങ്ങള്‍ ഇവിടെ സ്വതന്ത്രരാണ്. ഞങ്ങള്‍ക്കിവിടെ നൃത്തം ചെയ്യാം. കൈയടികളല്ലാതെ മറ്റ് അടികളെ ഭയക്കേണ്ടതില്ല. '
ഫര്‍സാനയുടെ അഭിപ്രായപ്രകടനം കഴിഞ്ഞപ്പോള്‍ പണ്ടു പാടത്തു പണിയെടുക്കുന്നവരുടെ തലേക്കെട്ടിനെ ഓര്‍മിപ്പിക്കുന്ന ഏതാണ്ട് തുറന്ന സ്ലീവ്‌ലെസ്സ് ലൂസ്സായ പ്രത്യേകതരം കുപ്പായമിട്ട ഒരു പെണ്‍കുട്ടിയുടെ ഊഴമായിരുന്നു.
' ഇതിപ്പോ എന്താ പറയുന്നെ, കേരളത്തിലെ പൊതുസമൂഹത്തിന്റെ ഒരു വൃത്തികേടുകളും തൊട്ടുതീണ്ടിയിട്ടില്ലാത്ത അങ്ങെയറ്റം പുരോഗമനപരമായ സാംസ്‌കാരികാന്തരീക്ഷമാണ് ഫിലിം ഫെസ്റ്റിവല്‍ ഞങ്ങള്‍ക്ക് ഒരുക്കിത്തരുന്നത്. ഞങ്ങള്‍ക്ക് ഇഷ്ടമുള്ള ഏതു തരം വസ്ത്രം വേണമെങ്കിലും ധരിക്കാം. ആണ്‍കുട്ടികളുമായുള്ള സൗഹൃദം പങ്കുവയ്ക്കാം. എന്തിനെക്കുറിച്ചും തുറന്നു ചര്‍ച്ച ചെയ്യാം. പിന്നെ സദാചാരത്തിന്റെ ഒരു ബാധ്യതയും ഇവിടെ വരുന്നവര്‍ക്കില്ല. ആരും ആരെയും ചുഴിഞ്ഞു നോക്കുകയോ, ഒളിഞ്ഞു നോട്ടമോ ഒന്നുമില്ല. രതിയെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമുള്ള സങ്കല്‍പ്പങ്ങളും വൈകാരികതകളുമെല്ലാം ഫിലിം ഫെസ്റ്റിവല്‍ പൊളിച്ചെഴുതുന്നുണ്ട്. ലൈംഗികതയെക്കുറിച്ച് തുറന്ന് ചര്‍ച്ച ചെയ്ത് മുന്നേറേണ്ടതിന്റെ ആവശ്യകതയും എന്നാല്‍ ഒട്ടും അശ്ലീലമില്ലാതെ അതിനെ സമീപിക്കാനുമൊക്കെയുള്ള അവസരമാണ് ഫിലിം ഫെസ്റ്റിവല്‍ ഒരുക്കിത്തരുന്നത്. നമ്മുടെ സമൂഹത്തെയും രാഷ്ട്രീയത്തെയുമൊക്കെ ജീര്‍ണ്ണിപ്പിക്കുന്ന സംസ്‌ക്കാരത്തെ എങ്ങനെ ശുദ്ധീകരിക്കാം എന്നും ഫിലിം ഫെസ്റ്റിവല്‍ നമ്മളെ പഠിപ്പിക്കുന്നു. കേരളവും മലയാളിയും ഉയരേണ്ടത് ഈ സംസ്‌ക്കാരത്തിലേക്കാണന്നും ഫിലിംഫെസ്റ്റിവല്‍ നമ്മോട് പറയുന്നുണ്ട്. അത് ഓരോ മലയാളിയും കേള്‍ക്കണം. കേള്‍ക്കേണ്ടതാണ്. അങ്ങനെയെങ്കില്‍ നാമിന്ന് മാധ്യമങ്ങളില്‍ കാണുന്ന പല വാര്‍ത്തകളും ഉണ്ടാകില്ല. ഞാനിതു പറയുമ്പോള്‍ , ഓര്‍ക്കണം സ്വന്തം വീടു പോലും പെണ്ണിന് സുരക്ഷിതമല്ലാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. അവിടെയാണ് ഫിലിം ഫെസ്റ്റിവല്‍ ഈ സംസ്‌കാരത്തെ അടയാളപ്പെടുത്തുന്നത്. ഇവിടെ നോക്കൂ ആരും ആരെയും നയിക്കാനോ നിയന്ത്രിക്കാനോ ഇല്ല. ഇതുവരെ ഏതെങ്കിലുമൊരു മോശം സംഭവം ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ.ഇല്ല. '
ആ യുവതിയുടെ സംഭാഷണം നീണ്ടുകൊണ്ടിരുന്നതിനിടയില്‍, പശ്ചാത്തലത്തില്‍ ഒരു വെഞ്ചാമരം പൊന്തിയുയരുന്നതു പോലെ, ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മുടി ആകാശത്തിലേക്കു പറന്നുയരുന്ന ദൃശ്യം. പെട്ടന്ന് അവതാരക,' ഇത് യുവത്വത്തിന്റെ ആഘോഷമാണ് ' എന്നു പറഞ്ഞുകൊണ്ട് മോബ്ഡാന്‍സിലേക്ക് ക്യാമറ തിരിച്ചു. ചാടി മറിഞ്ഞു കൊണ്ടുള്ള നൃത്തം. കൂട്ടായി ആകാശത്തിലേക്കെടുത്തെറിയപ്പെടുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും. മരം കയറുന്നതുപോലെ ആണ്‍കുട്ടികളിലേക്ക് ചാടിക്കയറി തോളിലെത്തി താഴേക്ക് ചാടി നൃത്തം ചെയ്യുന്ന പെണ്‍കുട്ടികള്‍ അവരെ ആഘോഷത്തോടും കരുതലോടും പിടിച്ച് ചുവടുവയ്ക്കുന്ന ആണ്‍കുട്ടികള്‍.
'വാടീ നമ്മക്കും അങ്ങോട്ടു പോകാം' എന്നു പറഞ്ഞ് ക്ഷമാപണത്തിന്റെ മുഖഭാവത്തോടെ യുവാവും യുവതിയും അവരോടൊപ്പമുള്ളവരും താഴേക്ക് അവരുടെ വരവറിയിക്കുന്ന അലര്‍ച്ചയോടെ ഓടി. ഷെല്‍ജയും ഹരികുമാറും അവിടെയെത്തിയ ആന്‍മേരിയുമെല്ലാം ആ യുവാവിന്റെ മോബൈലിലെ ചാനല്‍ ദൃശ്യങ്ങള്‍ തങ്ങളുടെ ഫോണിലെന്ന പോലെ നോക്കിയിരിക്കുകയായിരുന്നു.
' ങാ, മേരി, നീ ഷെല്‍ജയെ പരിചയപ്പെട്ടില്ലല്ലോ' എന്നു പറഞ്ഞുകൊണ്ട് ഹരികുമാര്‍ വിശദമായി ഷെല്‍ജയെ പരിചയപ്പെടുത്തി. കൂട്ടത്തില്‍ മേരിയെയും മേരിയുടെ സഹോദരന്‍ ആര്‍ക്കിട്ടെക്ട് മാത്യൂസിനെയും ഹരികുമാര്‍ ഷെല്‍ജയുടെ ക്ലയന്റാക്കിക്കൊടുക്കുന്ന കാര്യവും ഉറപ്പാക്കി.
' ഷെല്‍ജയ്ക്ക് ആദ്യം വല്യ ബുദ്ധിമുട്ടായിരുന്നു ഫിലിം ഫെസ്റ്റിവലിനു വരാന്‍. പിന്നെ ക്ലയന്റിനെ ഒപ്പിക്കാമെന്നു പറഞ്ഞാ കൂട്ടിയത്. ഇപ്പോ ഫെസ്റ്റിവല് തീരുന്നതുവരെ ഉണ്ടാവുമെന്നാ ഷെല്‍ജ പറയുന്നെ'
' പോരെ, എന്തിനാ പുറത്തു പോണെ. ഇന്നിപ്പോ രണ്ടു ക്ലയന്റിനെ കിട്ടിയില്ലേ'
' ക്ലയന്റിനെ വിട്ടു ചേച്ചീ. അക്കാര്യം ഞാന്‍ മറന്നിരിക്കുകയായിരുന്നു. സാറാണ് ഓര്‍ത്തത്; ചേച്ചി കഴിഞ്ഞ പതിനേഴ് കൊല്ലമായി മുടങ്ങാതെ കാണാന്‍ വരുന്നുവെന്നു കേട്ടപ്പോള്‍ ഞാന്‍ വല്ലാതെ അത്ഭുതപ്പെട്ടുപോയി. എനിക്ക് ബുദ്ധിജീവികളുമായുള്ള അടുപ്പവും കുറവാ'
'ഒന്നു പോ കൊച്ചേ, എന്റെ ജീവിതത്തില്‍ വര്‍ഷത്തിലൊരിക്കല്‍ കിട്ടുന്ന സന്തോഷമാ ഇത്. അല്ലാതെ സിനിമയും സാഹിത്യവും അന്താരാഷ്ട്രവുമൊന്നും നോക്കിയല്ല ഞാന്‍ വരുന്നത്. എന്നെ സംബന്ധിച്ച് ഇതൊരു ഹോര്‍മോണ്‍ ഫെസ്റ്റിവലാ.'
' മനുഷ്യനെ ഏറ്റവും കൂടുതല്‍ വഷളരും വൃത്തികെട്ടവരുമാക്കുന്ന സംഗതിയാ സെക്‌സ്. ആ വൃത്തികേടിനെ ഇല്ലായ്മ ചെയ്യുന്നു എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ സംഭാവന. 'ഹരികുമാര്‍ പറഞ്ഞു.
' ശരിക്കും. മേളയ്ക്കു വരുന്നവരെയെടുത്തു നോക്ക് . അവരൊരു പ്രത്യേക കമ്മ്യൂണിറ്റി പോലെയാ. നഗ്നത, ലൈംഗികത എന്നൊക്കെയുളളത് ഇത്രയേ ഉള്ളുവെന്നു മനസ്സിലായാല്‍ തീരുന്നതേ ഉള്ളു പ്രശ്‌നങ്ങള്‍' മേരി പറഞ്ഞു.
' കറക്ട്. അണ്ടര്‍സ്റ്റാന്‍ഡിംഗ്. ബുദ്ധന്‍ പറയുന്ന പോലെ' ഹരികുമാര്‍ അഭിപ്രായപ്പെട്ടു.
'നീ പോടാ. ഇവിടെ ബുദ്ധനും യേശുവുമൊന്നുമില്ല. വന്നിട്ടു തിരിച്ചു പോകുമ്പോ ഒരു സമാധാനം. '
' അതാണെടീ മേരീ, ബുദ്ധനുമൊക്കെ പറയുന്നെ' ഹരികുമാര്‍ പറഞ്ഞപ്പോള്‍ മേരി വീണ്ടും പഴയ ക്യാമ്പസ് മേരി പോലെയായി.
' നിന്റെ വട്ടിതുവരെ മാറീല്ലെ. ഒരുകാലത്ത് തീവ്രം. ഇപ്പോ നിനക്ക് ബുദ്ധന്‍ പിടിച്ചോ. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ല്. കേട്ടോ. ഞാന്‍ സിനിമ കാണാനോ ബുദ്ധനിട്ട് പണികൊടുക്കാനോ അല്ല വരുന്നത്. ഇവന് വട്ടാ കൊച്ചേ. ഓഷോന്നെങ്ങാനും പറഞ്ഞാ പിന്നേം വേണ്ടില്ല. '
' എടി നസ്രാണി, ഓഷോന്നു പറഞ്ഞാല്‍ ബുദ്ധനാടി'
' എങ്കി ശരി. ഞാന്‍ ശ്രീയിലെ ബുദ്ധനെ കാണാനായിട്ടു പോകുവാ നീ വരുന്നോ' മേരി ചോദിച്ചു.
' ഇല്ലടീ, എനിക്ക് പോണം. കുറച്ച് പണി ചെയ്തു തീര്‍ക്കാനുണ്ട്. ഞാനിപ്പോ പുതിയൊരു സര്‍വേ ഏറ്റെടുത്തിരിക്കുവാ. നിന്റെ റെസ്‌പോണ്‍സും വേണം . ഞാനയച്ചു തരാം.'
മേരി യാത്ര പറഞ്ഞ് ശ്രീ തീയറ്ററിലേക്കു പോയി.
' എന്താ ഷെല്‍ജയുടെ പരിപാടി'
' സാര്‍ നിശ്ചയിച്ചോ. എന്തായാലും രണ്ടു ക്ലയന്റുമുറപ്പായല്ലോ. ഇന്നെന്തായാലും ബോസ്സിന്റെ ചാട്ടമൊന്നൊതുക്കാമല്ലോ'
' ഞാന്‍ നേരേ വീട്ടിലേക്ക് പോവുകയാ'
' എങ്കി പിന്നെ ഞാനും സാറിന്റെ വീട്ടിലേക്കു വരാം. വീട് കാണുകയും ചെയ്യാമല്ലോ'(തുടരും)