Skip to main content

iringal craft village

 

കോഴിക്കോട് വടകര ദേശീയപാതയോരം. ഇരിങ്ങൽ എന്നൊരു നാടു കാണാം. അൽപ്പം കൂടി മുന്നോട്ട് പോവുമ്പോൾ ഇരിങ്ങൽ ഓയിൽ മിൽ എന്ന സ്‌റ്റോപ്പായി. അവിടെ നിന്നും ഇടത്തോട്ട് തിരിയുക. ഇനി അഥവാ ഓയിൽ മിൽ സ്‌റ്റോപ്പ് കാണാതെ പോയെന്നിരിക്കട്ടെ. ബേജാറാവണ്ട. മൂരാട് പാലം എത്തും. വണ്ടി തിരിച്ചുവിട്ട് ആദ്യം കാണുന്ന വലത്തോട്ടുള്ള വഴിയേ തിരിഞ്ഞാൽ മതി. അൽപം മുന്നോട്ടു പോകുമ്പോള്‍ റെയിൽവേ ക്രോസ് കാണാം. അതു കടന്നാല്‍ തൊട്ടടുത്തായി സർഗാലയ എന്ന ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിന്റെ ചെങ്കൽ കവാടം കാണാം. ടിക്കറ്റെടുത്ത് അകത്തു കടക്കുക. വണ്ടി പാർക്കു ചെയ്യാനൊക്കെ ഇഷ്ടം പോലെ സ്ഥലമുണ്ട്.

 

ഒരു വശത്ത് മൂരാട് പുഴ എന്നിവിടെ അറിയപ്പെടുന്ന കുറ്റ്യാടി പുഴയൊഴുകുന്നു. ഇപ്പുറത്തെ വെള്ളക്കെട്ടിൽ പ്രതിഫലിക്കുന്ന മനോഹരമായ കെട്ടിടങ്ങൾ. അകത്ത് കടന്നാൽ കരകൗശല ലോകം ഇതൾ വിരിയുകയായി. കൈതോലകൾ, ചകിരികൾ, കക്കകൾ, ചിരട്ടകൾ എന്നു വേണ്ട പാഴ്വസ്തുക്കളും പരമ്പരാഗത വസ്തുക്കളുമെല്ലാം സൗന്ദര്യമണിയുന്ന കാഴ്ച കാണാം. നെയ്ത്തിന്റെ തറികളിൽ തുണികൾ ചന്തം ചാർത്തിയെടുക്കുന്നതു കാണാം. മാന്യമായ വിലയ്ക്ക് ഇഷ്ടമുള്ളവ വാങ്ങുകയും ചെയ്യാം. കുട്ടികൾക്ക് ഇതൊക്കെ എങ്ങിനെയുണ്ടാവുന്നു എന്നു നേരിട്ടു കാണാം എന്നതു തന്നെയാണീ യാത്രയുടെ നേട്ടം.

 

ഇനി പുറത്തിറങ്ങി അൽപം ചരിത്രം കൂടി അറിയാം.

 

പണ്ട് പണ്ട് ഇവിടെ കൂറ്റനൊരു കരിങ്കൽ പാറയായിരുന്നു. കൂറ്റനെന്നു പറഞ്ഞാൽ പോരാ പടുകൂറ്റൻ. അത് പൊട്ടിക്കാനായി തമിഴ്‌നാട്ടിൽ നിന്ന് എത്ര തൊഴിലാളികൾ ഇവിടെ വന്ന് പാർത്തിരുന്നെന്നോ? അന്ന് ദിവസവും എത്ര ലോഡ് പാറകളാണ് ഇവിടെ നിന്നും ലോറി കയറി പോയത്. പാറകൾ അടർന്നു വീഴുന്നതിന്റെ ശബ്ദം ഈ ഗ്രാമത്തിന്റെ അടയാള ശബ്ദമായിരുന്നു.

 

അതിനും മുമ്പ് കുഞ്ഞാലിമരയ്ക്കാരുടെ താവളമായിരുന്നു ഇവിടം. ഇതിനു മുകളിൽ പീരങ്കികൾ ഉറപ്പിച്ച് പോർച്ചുഗീസ് കപ്പൽപടകളെ അദ്ദേഹം വിറപ്പിച്ചിരുന്നു. ഇതിനു ഏതാണ്ട് നേരെ കടലിൽ മറ്റൊരു പാറയുണ്ട്. വെള്ളിയാംകല്ല്. അതും കുഞ്ഞാലിയുടെ താവളമായിരുന്നു.

 

പാറകൾ പൊട്ടി തീർന്നു. പാറയിരുന്ന സ്ഥലം ഒരു കുളമായി. പണി തീർന്നതോടെ തമിഴ് തൊഴിലാളികളെല്ലാം നാടുവിട്ടു. ശൂന്യമായ ഈ ഭൂമിയിലാണ് കരകൗശല സൗധം ഉയർന്നു വന്നത്.

 

ഇന്നിവിടെ സഞ്ചാരികളെത്തുന്നു. കരകൗശലഗ്രാമം കാണുന്നതിനു പുറമെ മൂരാട് പുഴയിൽ ബോട്ടിങ്ങ് നടത്താം. പുറത്തിറങ്ങി അൽപം കൂടി പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ കുഞ്ഞാലി മരയ്ക്കാരുടെ വീടു കാണാം. ചെറിയൊരു മ്യൂസിയമാണത്. അതും കഴിഞ്ഞാൽ കൊളാവിപ്പാലത്തേക്കും പോകാം. അവിടെയാണ് കടലാമകളെ സ്വന്തം മക്കളെ പോലെ പോറ്റുന്ന ഒരു ഗ്രാമം. അതും കാണേണ്ടതു തന്നെ. കൊളാവിപ്പാലത്തു നിന്നും പയ്യോളി വഴിയും തിരിച്ചു വരാം.