കേരളത്തിലെ ഒരു പ്രമുഖ നഗരത്തിലെ സ്കൂളിൽ നിന്ന് പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് പ്രിൻസിപ്പലിന്റെ വക ഒരു കത്ത്. അതിങ്ങനെ: പതിനൊന്നാം ക്ലാസ്സുകാർ പന്ത്രണ്ടാം ക്ലാസ്സുകാർക്കായി വിടവാങ്ങൽ ചടങ്ങ് സംഘടിപ്പിക്കുന്നു. അതിൽ പങ്കെടുക്കുന്ന ആൺകുട്ടികൾ കോട്ട് ധരിക്കാൻ പാടില്ല. പെൺകുട്ടികൾ സ്ലീവ്‌ലെസ്സ് ബ്ലൗസും. ദയവുചെയ്ത് ഈ കത്ത് കിട്ടിയ വിവരത്തിന് മറുപടിക്കത്ത് അയക്കണമെന്ന് പ്രത്യേകം അഭ്യർഥിക്കുന്നു.
കോട്ടിനായി പതിനായിരം മുതൽ ഇരുപതിനായിരം രൂപ വരെ ചെലവാക്കി വിടവാങ്ങൽ ചടങ്ങിൽ പങ്കെടുക്കാൻ ആൺകുട്ടികൾ തയ്യാറെടുത്തപ്പോൾ പെൺകുട്ടികളിൽ അധികവും സ്ലീവ്‌ലെസ്സ് ബ്ലൗസും തയ്പ്പിച്ച് തയ്യാറായി ഇരുന്നു. ഇരുകൂട്ടർക്കും പ്രിൻസിപ്പലിന്റെ കത്ത് വലിയ നിരാശയുണ്ടാക്കി. വിടവാങ്ങൽ ദിവസത്തിന് അധികം ദിവസം ഇല്ലാത്തതിനാൽ പെൺകുട്ടികളാണ് കൂടുതൽ വിഷമത്തിലായത്. കാരണം ബ്ലൗസ് പുതിയത് തയ്പ്പിക്കേണ്ടിവന്നു. വിത്ത് ബ്ലൗസോടുകൂടി സാരി വാങ്ങിയവർ കൂടുതൽ വിഷമത്തിലും. കാരണം അവർക്ക് സാരിക്ക് ചേർന്ന ബ്ലൗസ് ഒപ്പിക്കാൻ നന്നേ ബുദ്ധിമുട്ടി. വിടവാങ്ങൽ ദിവസം ആൺകുട്ടികൾ ടൈ കെട്ടി എത്തി. പെൺകുട്ടികൾ സ്ലീവ്‌ലെസ്സ് ആരും തന്നെ ഇട്ടില്ലെങ്കിലും അവരുടെ വേഷം ഇടിവെട്ടു തന്നെയായി. ചിലർ പിന്നിൽ വിശാലമായി ഇറക്കി കഴുത്ത് തയ്ച്ച ബ്ലൗസ് ഇട്ടപ്പോൾ മറ്റ് ചിലർ ഗ്ലാസ്സുപോലെ സുതാര്യമായ നെറ്റ് തുണി ലൈനിംഗില്ലാതെയുള്ള ബ്ലൗസിട്ടു. പെൺകുട്ടികൾ എല്ലാപേരും തന്നെ ബ്യൂട്ടിപാർലർ സഹായത്തോടെ ഒരുങ്ങി സുന്ദരിക്കുട്ടികളായി എത്തി. അവർ ആഘോഷത്തോടെ വിടവാങ്ങൽ ചടങ്ങ് ഗംഭീരമാക്കി. മിസ് സ്കൂളും മിസ്റ്റർ സ്കൂളുമൊക്കെയായി ഒരു ചുള്ളത്തിയും ഒരു ചുള്ളനും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഒരു ആൺകുട്ടിയുടെ രക്ഷിതാവ് പ്രശ്നമുണ്ടാക്കിയതാണ് കോട്ട് കുട്ടികളുടെ പെട്ടിയിലിരിക്കാൻ കാരണമായത്. ആ കുട്ടി കോട്ടിനുവേണ്ടി വീട്ടിൽ നിർബന്ധം പിടിച്ചു. വാങ്ങില്ല എന്ന് അച്ഛനും. ഒടുവിൽ അച്ഛൻ സ്കൂൾ മാനേജ്‌മെന്റിനെ തന്റെ പരാതിയുമായി സമീപിച്ചു. അതോടെ പ്രിൻസിപ്പൽ വെട്ടിലായി. സ്കൂൾ വിട്ടുപോകുന്ന ബാച്ചിലെ കുട്ടികള്‍ കോട്ടിട്ട് നിരന്നിരിക്കുന്ന സ്വപ്നം കണ്ടാണ് പ്രിൻസിപ്പൽ ആദ്യം കോട്ട് നിർദ്ദേശം വച്ചത്. ഒടുവിൽ പ്രിൻസിപ്പലിനെതിരെ മാനേജ്‌മെന്റ് രക്ഷിതാവിന്റെ പരാതിയെ ആയുധമാക്കാൻ തുടങ്ങി. അപ്പോഴാണ് പ്രിൻസിപ്പലിന്റെ കത്ത് വന്നത്. പ്രിൻസിപ്പൽ വിദ്യാർഥികളുടെ പ്രിയപ്പെട്ട മാഡമായതിനാൽ വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്നും വിദ്യാർഥികളുടെ ഭാഗത്തുനിന്നും വലിയ പ്രശ്നമുണ്ടായില്ല. വിടവാങ്ങൽ ചടങ്ങ് അസ്വാരസ്യങ്ങളൊന്നുമില്ലാതെ പ്രിൻസിപ്പലിനും അധ്യാപകർക്കും വിദ്യാർഥികൾക്കും സന്തോഷകരമായി പര്യവസാനിക്കുകയും ചെയ്തു.
ഈ വിടവാങ്ങൽ ചടങ്ങിൽ കോട്ടല്ല യഥാർഥ വിഷയം. സ്ലീവ്‌ലെസ്സ് ബ്ലൗസ്സാണ്. തന്റെ സ്കൂളിലെ പതിനേഴുകാരികൾ സ്ലീവ്‌ലെസ്സ് ബ്ലൗസ്സിട്ടു സാരിയുടുത്തു വരും എന്നുള്ള സുനിശ്ചിതമായ അറിവിന്റെയടിസ്ഥാനത്തിലാണ് പ്രിൻസിപ്പൽ അത്തരത്തിലുള്ള ബ്ലൗസിടരുതെന്ന് കത്തിലൂടെ രക്ഷിതാക്കളെ അറിയിച്ചത്. സ്ലീവ്‌ലെസ്സ് ബ്ലൗസ്സിടുന്നത് ഫാഷനാണെങ്കിലും അത് സഭ്യമല്ല എന്ന സന്ദേശം അവിടുത്തെ പെൺകുട്ടികളുടെ മനസ്സിലേക്ക് ഇറങ്ങിച്ചെല്ലാൻ ആ കത്ത് കാരണമായിട്ടുണ്ട്. ഈ കത്ത് ഇല്ലെങ്കിലും ചെറിയൊരു ന്യൂനപക്ഷം മാത്രമാണ് സ്ലീവ്‌ലെസ്സ് ബ്ലൗസ്സിടാൻ ഇപ്പോഴും ധൈര്യം കാട്ടാറുള്ളു. ആ ധൈര്യമില്ലാത്തവർ, ആ ഫാഷനോട് യോജിപ്പില്ലാത്തവർ, ലജ്ജാബോധം അവശേഷിക്കുന്നവർ എന്നിങ്ങനെ മൂന്ന്‍ വിഭാഗത്തിൽ പെട്ടവരാണ് സ്ലീവ്‌ലെസ്സ് ബ്ലൗസ്സിനോട് മുഖം തിരിഞ്ഞുനിൽക്കുന്നത്. സ്ലീവ്‌ലെസ്സ് കേരളത്തിൽ ധരിക്കുന്നവരാകട്ടെ, തങ്ങൾ സ്ലീവ്‌ലെസ്സ് ബ്ലൗസ് ധരിച്ചവരാണെന്ന ബോധത്തിൽ തളച്ചിടപ്പെടുന്നതുപോലെ അവരുടെ പെരുമാറ്റത്തിന്റെ വ്യാകരണത്തിൽ പലപ്പോഴും കാണാറുണ്ട്. രഹസ്യഭാഗം സ്വമേധയാ വെളിപ്പെടുത്തുന്നതിന്റെ പരിപൂർണ്ണ സങ്കോചമില്ലായ്മയിലേക്ക് അവർ എത്തിയില്ല എന്നുള്ളതാണ് അതിന്റെ ഒരു കാരണം. മറ്റൊന്ന് ഇന്നലെവരെ ഒളിഞ്ഞുനോട്ടത്തിലൂടെ കാണാൻ ശ്രമിച്ചിരുന്നവര്‍ക്ക് അതില്ലാതെ പരസ്യനോട്ടത്തിൽ കാഴ്ച ലഭ്യമാക്കിയതിനെക്കുറിച്ചുള്ള ബോധവുമായിരിക്കണം. എന്തുതന്നെയായാലും ഈ കത്ത് കിട്ടിയ രക്ഷിതാക്കളുടെ കുട്ടികൾക്ക് തങ്ങളുടെ പ്രിയഫാഷൻ സഭ്യമല്ല എന്ന തോന്നൽ ഇനി മറ്റവസരങ്ങളിൽ സ്ലീവ്‌ലെസ്സിടുമ്പോൾ ഉണ്ടാവുക സ്വാഭാവികം. അതവർ ആ വേഷത്തിൽ പുറത്തുപോകുമ്പോൾ അവരുടെ ഉപബോധ മനസ്സിൽ ഉണ്ടാകാനിടയുണ്ട്. സഭ്യമല്ലാത്ത ഒരു കാര്യം ചെയ്യുമ്പോൾ മനസ്സിന്റെ ശാന്തത നഷ്ടമാകും. ശാന്തത നഷ്ടമാകുന്ന മനസ്സ് പെട്ടെന്ന് കുപിതമാകും. കോപം അക്രമവാസനയിലേക്കും നയിക്കും. ഇതവരിൽ സംഘട്ടനരൂപത്തിൽ നിലകൊള്ളും. ഉള്ളിൽ സംഘട്ടനം നിലനിൽക്കുമ്പോൾ പുറത്ത് അത് മറച്ചുവയ്ക്കാനുള്ള ശ്രമവും അതേ സമയം തങ്ങൾ തങ്ങളുടെ ശരീരപ്രദർശനമാണ് നടത്തുന്നതെന്ന ബോധവുമെല്ലാം കൂടി അവരെ സമ്മിശ്രവികാരങ്ങളുടെ നടുക്കയത്തിലാക്കും.
ഇതിനെല്ലാമുപരി സഭ്യമല്ലാത്ത കാര്യം ചെയ്യുന്നത് മോശമാണ്. അതിനാൽ തങ്ങൾ മോശമാണ് ആ വേഷവിധാനത്തിലൂടെ ചെയ്യുന്നതെന്നും അതിനാൽ തങ്ങൾ മോശക്കാരല്ലേ എന്ന ചെറിയ തോന്നൽ അവരറിയാതെ അവരുടെയുള്ളിൽ പ്രവർത്തിക്കും. അത് ഈ പതിനേഴുകാരികളുടെ സ്വയം ബഹുമാനത്തിന്റെ തോതിൽ ചെറിയ രീതിതിലെങ്കിലും കുറവു വരുത്തിയേക്കാനിടയുണ്ട്. അത് മറയ്ക്കാനായി ചിലപ്പോൾ അവർ ആരേയും ഗൗനിക്കാത്ത വിധത്തിലും മുഖത്തു പുഛവും അൽപ്പം ഗൗരവവും കാർക്കശ്യവുമൊക്കെ വരുത്തിയും നടക്കാനുമിടയുണ്ട്. ക്രമേണ അത് അവരുടെ സ്വഭാവത്തെ ദോഷകരമായി ബാധിച്ചേക്കാം. പെട്ടന്ന് ദേഷ്യപ്പെടുന്നവരായും മറ്റും. അവരെ ദോഷകരമായി ബാധിക്കുന്ന സ്വഭാവത്തിനെല്ലാം ഈ സ്ലീവ്‌ലെസ്സ് ബ്ലൗസ് നിരോധം കാരണമാകും എന്നല്ല. ഇത്തരത്തിൽ തുള്ളി തുള്ളികളായി മനസ്സിലേക്ക് കിനിഞ്ഞിറങ്ങുന്ന സംഭവങ്ങൾ ധാരണകളും ധാരണപ്പിശകുകളുമായി കൗമാരപ്രയത്തിന്റെ അറ്റത്തെത്തിനിൽക്കുന്ന ഇവരിൽ വൻ സ്വാധീനം ചെലുത്താൻ പോന്നവയാണ്. വിടവാങ്ങൽ ചടങ്ങിന് ഇറക്കമുള്ള ബ്ലൗസ്സിട്ടുവന്ന കുട്ടികളെ കണ്ടപ്പോൾ ആൺകുട്ടികളിലും അവരറിയാതെ അനേകം ചോദ്യങ്ങളും ഉത്തരങ്ങളും ധാരണകളും ധാരണപ്പിശകുകളും ഒക്കെ കുടിയേറിയിട്ടുണ്ടാകാം. അവർ ഈ വിഷയം എടുത്തിട്ട് തമാശകൾ പങ്കുവെച്ചുവെങ്കിലും. പലരും കോട്ട് വാങ്ങിയതിന്റേയും അതിന്റേയും കഥ പങ്കിട്ടപ്പോൾ ചില പെൺകുട്ടികൾ അവസാനനിമിഷം കൈയ്യിറക്കമുള്ള ബ്ലൗസ്സൊപ്പിക്കാൻ പെട്ട തത്രപ്പാടും ആൺകുട്ടികളുമായി പങ്കുവയ്ക്കുകയുണ്ടായി. ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും മനസ്സിൽ ഒരിക്കലും മറക്കാത്ത സംഭവമായി ഇത് നിലനിൽക്കും. ഏതു സംഭവത്തിന്റെ പിന്നിലും മുന്നിലും കാണാൻ കഴിയാത്ത ആഴത്തിലുള്ള കാരണങ്ങൾ കിടപ്പുണ്ട്. അതു കാണുമ്പോഴാണ് കാഴ്ച ശരിക്കും കാഴ്ചയാകുന്നത്.