ക്ലാസിലുറങ്ങുന്ന കുട്ടിയുടെ പാകപ്പിഴ

Glint Guru
Sun, 24-11-2013 04:30:00 PM ;

സുബിൻ. പതിനൊന്നാം ക്ലാസ്സ് വിദ്യാർഥി. പ്രസിദ്ധമായ സി.ബി.സി.ഇ സ്‌കൂളിൽ പഠിക്കുന്നു. നന്നായി പഠിക്കുന്ന കുട്ടി. പത്താംതരത്തിൽ ഒരെണ്ണത്തിനൊഴിച്ച് എല്ലാ വിഷയത്തിലും എ ഗ്രേഡ് കിട്ടി. പ്ലസ് വണ്ണിലേയും അവസ്ഥ അതു തന്നെ. സുബിൻ നേരിടുന്ന ഒരു പ്രശ്‌നമുണ്ട്. അഞ്ചാം ക്ലാസ്സുമുതൽ തന്റെ ഉറ്റ ചങ്ങാതിമാരായിരുന്ന പലരും ഇപ്പോൾ അതുപോലെ ചങ്ങാത്തം കൂടുന്നില്ല. അവരുടെ കൂടെ കൂടുമ്പോൾ സുബിൻ അവരുടെയിടയിൽ ഒറ്റപ്പെട്ടപോലെ. അതേസമയം വളരെ സ്‌നേഹത്തോടെയാണ് പഴയ ചങ്ങാതിമാരൊക്കെ സുബിനോട് പെരുമാറുന്നത്. ആ സ്‌നേഹപ്രകടനത്തിൽ ചില ഉപദേശങ്ങളുമുണ്ടാകും. അതായത് സുബിൻ നീ മെച്വേഡായി പെരുമാറാൻ ശ്രമിക്കൂ എന്നിങ്ങനെ. അതു കേൾക്കുമ്പോൾ സുബിൻ കൂടുതൽ ഇമ്മെച്വേർഡായി പെരുമാറും. അതു സ്വാഭാവികം. കാരണം അവന് ചങ്ങാതിമാർ ഉദ്ദേശിക്കുന്ന തരത്തിലുള്ള മച്വരിറ്റി ഉണ്ടെങ്കിൽ മാത്രമേ അവരുടെ ഉപദേശം യഥാർഥ തലത്തിൽ ഉൾക്കൊണ്ട് പെരുമാറാൻ സാധിക്കുകയുള്ളു. അതുകൊണ്ടുതന്നെ കൂടുതൽ ഇമ്മച്വേർഡായുള്ള പ്രതികരണമാകും അപ്പോൾ കൂട്ടുകാരിൽ നിന്നുണ്ടാവുക. അതേസമയം സുബിനോട് അവർക്ക് ദേഷ്യവുമില്ല. അവർ സുബിനെ മനസ്സിലാക്കുകയും ചെയ്യുന്നു. സുബിന് കൂട്ടുകാരേപ്പോലെ പൊടിമീശയൊന്നും വന്നിട്ടില്ല. സ്വരവും കാര്യമായി മാറിയിട്ടില്ല. പെൺകുട്ടികളോടുള്ള പെരുമാറ്റമൊക്കെ അഞ്ചാം തരത്തിലേതുപോലെ തന്നെ. അപ്പോൾ ചിലപ്പോൾ ന്യൂജനറേഷനാണെങ്കിലും പതിനേഴിന്റെ പടിവാതിൽക്കൽ നിൽക്കുന്ന പെൺകുട്ടികളുടേയും സുബിന്റെ സ്വഭാവത്തിലെ അസ്വാഭാവികതയിലുള്ള പ്രതികരണം അയാൾക്ക് അഭികാമ്യമാകുന്ന വിധത്തിലാവില്ല.

 

എന്തായാലും ഇപ്പോൾ സുബിൻ മെച്വേർഡാകാനുള്ള തയ്യാറെടുപ്പിലാണ്. അതിനാൽ തന്റെ പഴയ ഉറ്റ ചങ്ങാതിമാരെ വിട്ടിട്ട് ക്ലാസ്സിലെ തന്നെ ഒരു ബുജിസംഘത്തോടൊപ്പം നടക്കാൻ ശ്രമിക്കുന്നു. ബുജി എന്നാൽ ബുദ്ധിജീവിയുടെ ചുരുക്കം തന്നെ. അവരാണെങ്കിൽ ക്ലാസ്സിലെ മുഖ്യധാരയിലില്ലാത്തവരാണ്. എന്നാൽ പഠിപ്പിസ്റ്റുകളും. പക്ഷേ അവരുടെ സംഭാഷണം എപ്പോഴും വലിയ വലിയ കാര്യങ്ങളേക്കുറിച്ചായിരിക്കുമത്രെ. അങ്ങനെ പെട്ടന്ന് ചിരിക്കാനെങ്ങും അവർ കൂട്ടാക്കില്ല. പെൺകുട്ടികളുമായും വലിയ ലോഹ്യമൊന്നുമില്ല. അവർ സുബിനെ ‘നശിപ്പിക്കുമെന്ന’ ആശങ്ക മുഖ്യധാരയ്ക്കുണ്ട്. അതിനാൽ ഇപ്പോഴും സുബിന്റെ കാര്യത്തിൽ മുഖ്യധാരയിലെ പ്രമാണിമാർക്കൊക്കെ ശ്രദ്ധയുണ്ട്. മുഖ്യധാരാ പ്രമാണിമാർ ചിലപ്പോൾ മിസ്സുമാരോട് സുബിനുവേണ്ടി സംസാരിച്ച് ചില ചെറിയ അപകടങ്ങളിൽ നിന്നൊക്കെ രക്ഷപ്പെടുത്താറുമുണ്ട്.

 

മുഖ്യധാരയുമായി മിസ്സുമാർക്കൊക്കെ വലിയ സൗഹൃദമാണ്. മുഖ്യധാരാ ആൺകുട്ടികളൊക്കെ മിസ്സുമാരുടെ കണ്ണിലുണ്ണികളാണ്. അതിനാൽ മിസ്സുമാർക്ക് വിഷമം വരുന്ന രീതിയൽ അവർ ആരും പെരുമാറുകയുമില്ല. അഥവാ അങ്ങിനെയെന്തെങ്കിലുമുണ്ടായാൽ മുഖ്യധാരാ പ്രമാണികളിടപെട്ട് പരിഹാരവുമൊക്കെ കാണുക പതിവാണ്. ഒരു ദിവസം ഫിസിക്‌സ് ക്ലാസ്സിൽ മിസ്സ് ബോർഡിൽ നോട്ട്‌സ് എഴുതിക്കഴിഞ്ഞതിനു ശേഷം വീണ്ടും പഠിപ്പിച്ചു തുടങ്ങുമ്പോഴാണ് ഇടയ്ക്കുള്ള നിരയിൽ സുബിൻ സുഖമായി ഇരുന്നുറങ്ങുന്നത് ശ്രദ്ധയിൽ പെട്ടത്. മിസ്സ് സുബിനെ ഉണർത്തി. ഉണർന്ന ഉടൻ തന്നെ, ഓ ഇത് ഫിസിക്‌സ് പീരിയേഡാണല്ലേ എന്ന് ഉറക്കച്ചവടിൽ ഉറക്കെ ചോദിച്ചു. അധികം താമസിച്ചില്ല, മിസ്സ് സുബിനെ ക്ലാസ്സിനു പുറത്താക്കി. മുഖ്യധാരയ്ക്ക് വലിയ വിഷമമായി, മിസ്സ് അപമാനിക്കപ്പെട്ടതിൽ. അച്ഛനേയും അമ്മയേയും വിളിച്ചുകൊണ്ടുവന്നതിനു ശേഷം തന്റെ ക്ലാസ്സിൽ ഇരുന്നാൽ മതിയെന്ന് മിസ്സ് പ്രഖ്യാപിക്കുകയും ചെയ്തു.

 

സംഗതി അശകൊശയായി. അച്ഛനെ വിളിച്ചുകൊണ്ടുവരിക എന്നുപറഞ്ഞാൽ സുബിന്റെ പണി കഴിഞ്ഞതു തന്നെ. അതു സുബിന്റെ സുഹൃത്തുക്കൾക്കുമറിയാം. കാരണം അത്രയ്ക്ക് പേടിയാണ് സുബിന് അച്ഛനെ. അമ്മയെ മാത്രമാണെങ്കിൽ വലിയ പ്രശ്‌നമില്ല. സുബിന് എന്തു ചെയ്യണമെന്ന് പിടിയില്ലാതെയായി. ക്ലാസ്സു കഴിഞ്ഞപ്പോൾ മുഖ്യധാരയിലെ സുഹൃത്തുക്കൾ ഉപദേശിച്ചു, മിസ്സിനെ സ്റ്റാഫ് റൂമിൽ പോയിക്കണ്ട് സോറി പറയാൻ. കൂട്ടത്തിൽ മിസ്സിനോട് കൂടുതൽ അടുപ്പമുള്ള മുഖ്യധാരാ പ്രമാണി പറഞ്ഞു, താനും മിസ്സിനോട് പറയാമെന്ന്. ക്ഷമ പറയാനായി സുബിൻ സ്റ്റാഫ്‌ റൂമിലെത്തി. ഫിസ്‌ക്‌സ് മിസ്സ് അപ്പോൾ തന്റെ ക്ലാസ്സനുഭവം മറ്റ് അധ്യാപികമാരോട് വിശദീകരിച്ചു കഴിഞ്ഞ സമയമായിരുന്നു. അപ്പോൾ അവർക്കും സുബിന്റെ ക്ലാസ്സിലുള്ള ശ്രദ്ധയില്ലായ്മയേയും തീരെ ബഹുമാനിക്കാത്ത സ്വഭാവത്തേക്കുറിച്ചും പരാതിയുണ്ടായിരുന്നു. സുബിൻ കയറിച്ചെന്നയുടൻ സോറി പറയുന്നതിനു മുൻപ് തന്നെ മിസ്സുമാരെല്ലാവരും കൂടി സുബിന്റെ നേർക്ക് ചാടിവീണു. സുബിന് ഒന്നും മിണ്ടാൻ പറ്റിയില്ല. ഒടുവിൽ വിങ്ങിപ്പൊട്ടാറായ സുബിൻ കരയാതെ കരച്ചിലടക്കി ക്ലാസ്സിൽ വന്നിരിപ്പായി. അവൻ ആരോടും ഒന്നും മിണ്ടിയില്ല. അവന്റെ സുഹൃത്തുക്കൾക്കും എന്തു ചെയ്യണമെന്നറിയാതെയായി. കാരണം മിസ്സുമാരുടെയെല്ലാം കൂട്ടായ തീരുമാനമാണ് സുബിന്റെ അച്ഛനേയും അമ്മയേയും കൊണ്ടുവരണമെന്നുള്ളത്. സംഗതി പ്രിൻസിപ്പലും അറിഞ്ഞിരിക്കുന്നു. സുബിൻ ഡസ്‌കിൽ തലവച്ചു കിടന്നു. കൂട്ടുകാരും നിസ്സഹായരായി.

 

വീട്ടിൽ അച്ഛനും അമ്മയും. സ്‌കൂളിൽ കൂട്ടുകാരും അധ്യാപകരും. ഇവരെല്ലാമുണ്ട്. പക്ഷേ സുബിൻ ഒറ്റയ്ക്കാണ്. ഒറ്റയ്ക്കാണെന്നു മാത്രമല്ല ഈ സൂചിപ്പിച്ചവരുടെ പിടിയിൽ സുബിൻ പെട്ടിരിക്കുന്നു. ആ കുട്ടി തല ചായ്ച്ച് ഡസ്‌കിൽ ഇരുന്നതല്ലാതെ അവൻ കരഞ്ഞതുമില്ല. തീർച്ചയായും വിങ്ങിയിട്ടുണ്ടാവും. കാരണം കരഞ്ഞാൽ അത് കൂട്ടുകാരുടെ മുന്നിൽ പക്വതയില്ലായ്മയുടെ മറ്റൊരു ഉദാഹരണമാകുമല്ലോ. ഇവിടെ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. എല്ലാവരും സമൂഹത്തിന്റെ തടവുകാർ. സമൂഹം ബോധപൂർവ്വം തടവുകാരാക്കിയതാണോ എന്നു ചോദിച്ചാൽ അല്ല. സമൂഹത്തിന്റെ പൊതുവേയുള്ള ഒഴുക്കിൽ പെട്ടുപോകുന്നു. ഈ ഒഴുക്കിന് മാറ്റം വരാതെ ആ ഒഴുക്ക് ശക്തി പ്രാപിക്കുമ്പോഴാണ് ഒരു സംസ്‌കാരവും ജനതയുമൊക്കെ ജീർണ്ണിക്കുന്നത്. ആ ജീർണ്ണത അതിന്റെ പാരമ്യത്തിലെത്തുമ്പോൾ അവിടെ ഒരു നേതാവ് പലപ്പോഴും ഉദിച്ചുയരും. ഗാന്ധിജിയുടെ ഉദിച്ചുയരൽ ഭാരതചരിത്രത്തിലെ ഉദാത്ത ഉദാഹരണം. അതവിടെ നിൽക്കട്ടെ. സമൂഹത്തിൽ എന്നും സമൂഹത്തിന്റെ ഒഴുക്കിൽ നിന്നുകൊണ്ട് അതിന്റെ ഗതിയെ നിയന്ത്രിക്കുന്ന അറിയപ്പെടാത്ത നേതാക്കൾ എല്ലാ സമൂഹത്തിലുമുണ്ടാകും. ചിലപ്പോൾ ചില സ്‌കൂളുകളിലുമുണ്ടാകും. അങ്ങിനെയുള്ള അധ്യാപകർ വേറിട്ടു നിൽക്കും. ഉദാഹരണങ്ങൾ ധാരാളം. ഇന്ന് അങ്ങിനെയുള്ള വംശത്തിന് നാശം സംഭവിച്ച് വളരെ ന്യൂനപക്ഷമായിക്കൊണ്ടിരിക്കുന്നു. പുതിയ സ്‌കൂളുകളിൽ ചിലപ്പോൾ സൈക്കോളജിസ്റ്റുണ്ടാകും. പക്ഷേ അതുപോലും പലപ്പോഴും സ്‌കൂളിന്റെ മേനി കൂട്ടാനുള്ള ഒരു ഘടകമായിട്ടായിരിക്കും ഉപയോഗിക്കപ്പെടുക.

 

 

പതിനൊന്നു വർഷമായി സുബിൻ പഠിക്കുന്നത് ഒരേ സ്‌കൂളിലാണ്. അതിൽ ചില അധ്യാപകർക്കെങ്കിലും സുബിനുമായി ദീർഘകാല പരിചയമുണ്ടാകും. എന്നാൽ അത്തരത്തില്‍ ഒരധ്യാപികയായിട്ടോ അധ്യാപകനുമായിട്ടോ സുബിന് അടുത്ത ബന്ധമില്ല. തന്റെ കൂട്ടുകാർ കാണിക്കുന്ന വാത്സല്യം പോലും ആ കുട്ടിയുടെ ഒരധ്യാപകനോ അധ്യാപികയ്‌ക്കോ നൽകാനാവുന്നില്ല. പതിനേഴ് വയസ്സു തികയുന്നതിനു മുൻപ് താൻ ഈ ലോകത്തിൽ ഒറ്റപ്പെട്ടവനാണെന്ന് അറിയുന്ന കുട്ടിയുടെ മാനസികാവസ്ഥ വളരെ കലുഷിതമായിരിക്കും. എന്നിട്ടും ജീവിതത്തെ സ്‌നേഹിക്കുന്ന കുട്ടിയാണ് സുബിൻ. അതുകൊണ്ടാണ് മറ്റുള്ളവരെപ്പോലെ തനിക്കും പക്വതയാർജിക്കണമെന്ന ആഗ്രഹം പുലർത്തുന്നതും അതിനുവേണ്ടി തനിക്കറിയാവുന്ന വിധം ശ്രമിക്കുന്നതും. പ്രാഥമികമായി ഒരധ്യാപിക മനസ്ലിലാക്കേണ്ടത് തന്റെ ക്ലാസ്സിൽ ഒരു കുട്ടി ഉറങ്ങുന്നുവെങ്കിൽ അതിന്റെ കാരണം എന്തായിരിക്കുമെന്നുള്ളതാണ്. കാരണം അതിന്റെ ഉത്തരവാദിത്വം ആ അധ്യാപികയുടേതാണ്. മാറ്റത്തിന്റെ ഘട്ടത്തിലൂടെ കടന്നുപോകുന്ന കുട്ടികളിലെ ഓരോ മാറ്റവും മുതിർന്നവരെ സംബന്ധിച്ചിടത്തോളം നിരീക്ഷണവിധേയമാണ്. ആ കുട്ടിയുടെ ഓരോ പെരുമാറ്റവും ആ കുട്ടിയിലെ ആ കുട്ടിക്കുപോലുമറിയാത്ത കാരണങ്ങളുടെ തള്ളലാലുണ്ടാവുന്ന പ്രതികരണങ്ങളാണ്. ആഴത്തിനുമേൽ കാണുന്ന ഓളങ്ങൾ. അവിടെ ആ ആഴത്തിലേക്ക് നോക്കേണ്ടത് രക്ഷിതാക്കളും അധ്യാപകരുമാണ്.

 

അച്ഛന്റെ പേരുകേട്ടാൽ പേടിച്ചുവിറയ്ക്കുന്ന കുട്ടിയാണ് സുബിൻ. പേടി എന്ന വികാരം സുബിനിൽ വളരെ കൂടുതലാണ്. എന്നിട്ടും തീരെ പേടിയില്ലാത്ത പോലെ മറ്റു കുട്ടികൾ പോലും ധൈര്യപ്പെടാത്ത വിധം ക്ലാസ്സിലിരുന്ന് ഉറങ്ങുകയും ഉണർത്തിയ മിസ്സിനോട് അപമര്യാദയായി പെരുമാറുകയും ചെയ്തിരിക്കുന്നു. അവിടെയാണ് സുബിന് അമ്മയെ പേടിയില്ല എന്നുള്ളത് ഓർക്കേണ്ടത്. ആ മിസ്സിൽ സുബിൻ അമ്മയുടെ ചെറിയ സാന്നിദ്ധ്യം അവനറിയാതെ കണ്ടു. അതാണ് അതു പറയാൻ അവന് ധൈര്യം നൽകിയത്. എന്തുകൊണ്ട് ഈ കുട്ടി ഇങ്ങനെ പെരുമാറുന്നു എന്നറിയാൻ ആ മിസ്സിന്റെ ഉള്ളിൽ ആഗ്രഹം മുളച്ചിരുന്നുവെങ്കിൽ അവിടെ അവർക്ക് പഠിക്കാൻ അതിബൃഹത്തായ തുറന്ന ഒരു പാഠപുസ്തകം സംഭവിക്കുമായിരുന്നു. എന്നാൽ സമൂഹത്തിന്റെ അബോധ സമീപനം മിസ്സിന്റെ വ്യക്തിപരമായ കാഴ്ചപ്പാടിനേയും ഇവിടെ സ്വാധീനിച്ചു. അതുപോലെ ആ സമീപനത്തിന് ആധാരമായ ഗോത്രസംസ്‌കാരത്തിന്റെ അവശേഷിപ്പു ജീനുകൾ സക്രിയമായെന്ന പോലെ മറ്റ് മിസ്സുമാരും അവർക്കൊപ്പം കൂടി. ആരും ആ കുട്ടിയുടെ പോരായ്മ എന്താണെന്നോ അതു പരിഹരിക്കാനുള്ള ശ്രമത്തിലേക്കോ തിരിയുന്നില്ല.

 

പതിനേഴ് വയസ്സായിട്ടും ശാരീരികവും മാനസികവുമായ മാറ്റങ്ങൾ കാര്യമായി സുബിനിൽ കാണുന്നില്ല എന്നത് അയാളുടെ രക്ഷാകർത്താക്കളും അന്വേഷിക്കേണ്ടതാണ്. അപ്പോൾ മാത്രമേ അത്തരത്തിലൊരു സാഹചര്യത്തിലകപ്പെട്ട ആ കുട്ടിക്ക് സംഘർഷങ്ങൾ അധികമില്ലാതെ ആ ഘട്ടത്തിലൂടെ കടന്നുവരാൻ കഴിയുകയുള്ളു. പക്ഷേ അതിവിടെ സാധ്യമല്ല. ഒരുപക്ഷേ സുബിൻ ഇവ്വിധമാകാൻ ഒരു കാരണം തന്റെ അച്ഛന്റെ സമീപനമായിരിക്കാം. അദ്ദേഹത്തിന്റെ ആ കാർക്കശ്യസ്വഭാവത്തിന് കാരണം അദ്ദേഹത്തിന്റെ ബാല്യവും വളർന്ന ചുറ്റുപാടുമൊക്കെയാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ക്ലാസ്സിലിരിക്കുന്ന ഒരു കുട്ടിയുടെ മുഖത്തുനിന്ന്, സ്വരത്തിൽ നിന്ന് ആ കുട്ടിയുടെ കുടുംബത്തെ അധ്യാപകർക്കു കാണാൻ കഴിയണം. അവിടെയാണ് സ്വയം സ്‌നേഹവും വിദ്യാർഥികളോടുള്ള സ്‌നേഹവും അധ്യാപകരിൽ അങ്കുരിക്കുക. ആ കുട്ടിയിലൂടെ വായിച്ചെടുക്കാൻ കഴിയുന്ന അധ്യായങ്ങളായിരിക്കും ആ അധ്യാപകന് അല്ലെങ്കിൽ അധ്യാപികയ്ക്ക് സ്വയം ബഹുമാനവും സ്‌നേഹവും ഉളവാക്കുന്ന സന്ദർഭമുണ്ടാവുക. അങ്ങിനെയെങ്കിൽ ക്ലാസ്സിൽ ഉറങ്ങിക്കിടന്ന കുട്ടിയെ ആ അധ്യാപിക ഉണർത്തുന്നതുപോലും സ്‌നേഹത്തിന്റെ അന്തരീക്ഷത്തിലേക്കായിരിക്കും. അതൊരുപക്ഷേ അവന്റെ ഉണർവിലേക്കുയരാനും സഹായകമാകും. ഉറക്കത്തിൽനിന്ന് പെട്ടന്നുണർന്ന പതിനേഴുകാരൻ നിറഞ്ഞ ക്ലാസ്സിൽ മറ്റുള്ളവരുടെ മുന്നിൽ ചെറുതാകാതിരിക്കാൻ നടത്തിയ ശ്രമം അവന്റെ അബോധതലത്തിൽ അവനെ സദാസമയം നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന സ്വഭാവ ധാതുക്കളുമായി പ്രതിപ്രവർത്തിച്ച് ആ രീതിയിൽ പ്രതികരിച്ചു. അവന്റെ തിരയിൽ മിസ്സിന്റെ തിരയും തല്ലി.

 

എന്തായാലും അന്നു വൈകിട്ട് സ്‌കൂൾ വിടുന്നതിന് തൊട്ടുമുൻപ് മിസ്സ് വന്ന് സുബിനെ വിളിച്ചുപറഞ്ഞു, ഇനി മേലിൽ ഇത്തരത്തിൽ പെരുമാറരുതെന്ന്. അവൻ സോറിപറയുകയും തലകുലുക്കുകയും ചെയ്തു. അതിനുശേഷം അച്ഛനേയും അമ്മയേയും തത്ക്കാലം വിളിച്ചുകൊണ്ടുവരേണ്ടതില്ലെന്നും മിസ്സ് പറഞ്ഞു. പക്ഷേ അതുകേട്ടപ്പോഴും സുബിന്റെ മുഖത്ത് പ്രത്യേക ഭാവപ്രകടനവുമൊന്നുമുണ്ടായില്ല. അവൻ അധികം സംസാരിക്കാതെ ഒറ്റയ്ക്ക് സ്‌കൂളിൽ നിന്ന് ബസ് സ്റ്റോപ്പിലേക്കു നടന്നു. ഒന്നും സംസാരിച്ചില്ലെങ്കിലും അവന്റെ മുഖ്യധാരയിലുള്ള ചില കൂട്ടുകാരും ഒപ്പം നടന്നു.

 

സുബിൻ കടന്നുപോകുന്ന ലോകം ആർക്കും അറിയില്ല. വീട്ടുകാർക്കും അധ്യാപകർക്കും കൂട്ടുകാർക്കും. എല്ലാവരിൽ നിന്നും ഒരു കാര്യം സുബിന് മനസ്സിലാകുന്നുണ്ട് താൻ ശരിയല്ലെന്ന്. ശരിയാകാൻ അയാൾക്കറിയാവുന്ന രീതിയിൽ ശ്രമിക്കുകയും ചെയ്യുന്നു. ഈ കുട്ടിയുടെ ഉള്ളിലേറ്റിട്ടിട്ടുള്ള മുറിവുകളാണ് അയാളുടെ പ്രശ്‌നം. ഇത് ഏതെങ്കിലുമൊരധ്യാപകനോ അധ്യാപികയോ മനസ്സിലാക്കുന്ന പക്ഷം അവരുമായി സംസാരിക്കാൻ തയ്യാറായാൽ ചിലപ്പോൾ അവർക്കും സുബിനും കാര്യമായ, ഗുണപരമായ മാറ്റം ഉണ്ടായാനെ. ഇവിടെ വളരെ പുരോഗമനപരമായ ചില മാറ്റങ്ങളും പുത്തൻ തലമുറയിൽ സംഭവിക്കുന്നത് കാണേണ്ടതാണ്. പുതിയ തലമുറയ്ക്ക് മുതിർന്നവരേക്കാൾ തങ്ങളുടെ പ്രായത്തിന്റെ പ്രത്യേകതകളും ചാപല്യങ്ങളും തിരിച്ചറിയാൻ കഴിയുന്നു. അതവർ കാണുന്ന വിദേശ സിനിമകളുടെയും വൈവിദ്ധ്യമാർന്ന വിവരലഭ്യലോകത്തിന്റെയും പ്രത്യേകതകളാണ്. ഗാർഹിക സംഘർഷം ഇല്ലാത്ത വീടുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്നത് യാഥാർഥ്യമാണ്. ആ സാമൂഹ്യ അപചയം തന്റെ മുന്നിലിരിക്കുന്ന വിദ്യാർഥികളുടെ മുഖത്തു നിഴലിക്കുന്നുണ്ടാവുമെന്നറിയുന്ന അധ്യാപിക വെറും സിലബസ്സ് പഠിപ്പിക്കുന്ന യാന്ത്രിക വ്യക്തിക്കുപകരം ഗുരുവിന്റെ നിലയിലേക്കുയരും. വിദ്യാർഥിയിലൂടെ വീടിനേയും സമൂഹത്തേയും കാണുന്ന അധ്യാപകർക്ക് ചലനങ്ങൾ സാധ്യമാക്കാൻ കഴിയും. അതുവഴി അവർക്കും സംഘർഷത്തിന്റെ വ്യക്തിപരമായ ചുഴിയിൽ നിന്ന് രക്ഷപ്പെടാനാകും. അതിനും സാധ്യതകളുണ്ട്. കാരണം എല്ലാ അധ്യാപികമാരും ഒന്നിച്ചു തീരുമാനിച്ചിട്ടും പിന്നീട് ആ മിസ്സ് വന്ന് സുബിനോട് സ്‌നേഹത്തോടെ പെരുമാറുകയും അച്ഛനേയും അമ്മയേയും വിളിച്ചുകൊണ്ട് വരേണ്ടതില്ലെന്നും പറഞ്ഞത് വെള്ളിരേഖ തന്നെ. സുബിൻ നേരിടുന്നതു പോലുള്ള പ്രശ്‌നം അധികമുണ്ടാവണമെന്നില്ല. എന്നാൽ ഈ പ്രായക്കാരും അതിനു താഴെയുള്ളവരും വൈവിധ്യങ്ങളായ അസുഖകരമായ അന്തരീക്ഷത്തിന്റെ ഭാണ്ഡവും പേറി വന്നിരിക്കുന്നവരാകാം. അതേ, തങ്ങളുടെ മുന്നിലുള്ള കുട്ടികൾ സമൂഹത്തിന്റെ മേൽപ്പരപ്പിലുള്ള തിരകളാണെന്നറിഞ്ഞാൽ അവിടെയാണ് ആഴത്തിലേക്കുള്ള നോട്ടം സംഭവിക്കുക. അതാണ് യഥാർഥ വിപ്ലവം. ഒരു മിസ്സിനോ അധ്യാപകനോ അങ്ങനെ തോന്നിയാൽ തന്നെ ധാരാളം.

Tags: