തലസ്ഥാനത്തെ സമരതീവ്രതയില്‍ മുങ്ങി ഐശ്വര്യ കേരളയാത്ര

Glint desk
Sat, 13-02-2021 03:20:19 PM ;

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര തലസ്ഥാനത്ത് നടക്കുന്ന റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമര തീവ്രതയില്‍ മുങ്ങിപ്പോകുന്നു. ഐശ്വര്യ കേരള യാത്ര ഓര്‍മ്മിക്കപ്പെടുന്നത് അതിന് തുടക്കം കുറിച്ചുകൊണ്ട് ഉമ്മന്‍ചാണ്ടി കാസര്‍കോഡ് ഉദ്ഘാടനം ചെയ്തതിലൂടെയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് പ്രചാരം നല്‍കുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഐശ്വര്യ കേരള യാത്ര ഉദ്ഘാടനത്തിലൂടെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യ അജണ്ടയും പ്രഖ്യാപിക്കുയുണ്ടായി. ശബരിമല വിഷയം ആയിരിക്കും പ്രധാന അജണ്ട എന്നുള്ളതായിരുന്നു പ്രഖ്യാപനം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശബരിമല വിഷയത്തെ കുറിച്ചുള്ള ചര്‍ച്ചകളും വിവാദങ്ങളും കരട് നിയമം തയ്യാറാക്കലും തുടങ്ങിയുള്ള പ്രക്രിയകളിലൂടെ ആരംഭത്തില്‍ തന്നെ രമേശ് ചെന്നിത്തലയുടെ യാത്ര മുങ്ങിപ്പോയി എന്നുള്ളത് വസ്തുതയാണ്. രമേശ് ചെന്നിത്തലയെ ഒന്നുയര്‍ത്തിക്കൊണ്ട് വന്ന് ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയേയും തുല്യരാക്കാനുള്ള ശ്രമമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. 

ഇതിനിടെയാണ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം അതിതീവ്രമായി മുന്നേറുന്നത്. കോണ്‍ഗ്രസ് ദേശീയനേതൃത്വം കേരളത്തില്‍ ഇക്കുറി ഏതുവിധേനയും അധികാരം പിടിച്ചെടുക്കുക എന്ന ഒറ്റ ലക്ഷ്യത്തില്‍ വളരെ ആസൂത്രിതമായി നീങ്ങുന്ന ഘട്ടത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റത്. ഭാവി മുഖ്യമന്ത്രി ആകുക എന്നതാണ് ചെന്നിത്തലയുടെ ലക്ഷ്യം. ചെന്നിത്തല നിശബ്ദമായി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശങ്ങളെ സ്വീകരിക്കാന്‍ കാരണമായത് കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ അവസ്ഥ കണ്ടിട്ടാണ്. ഐക്യജനാധിപത്യ മുന്നണി വിജയിച്ചെങ്കില്‍ മാത്രമെ മുഖ്യമന്ത്രി സ്ഥാനം സ്വപ്‌നം കാണുന്നതില്‍ പ്രസക്തി ഉണ്ടാവുന്നുള്ളൂ. അത് മനസ്സിലാക്കിക്കൊണ്ടാണ് രമേശ് ചെന്നിത്തല ഉമ്മന്‍ചാണ്ടിയെ തിരഞ്ഞെടുപ്പ് നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിന് തെല്ലും എതിര്‍പ്പ് പ്രകടിപ്പിക്കാതെ ഇരുന്നത്. ആ അവസരത്തില്‍പ്പോലും തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തന്റെ അവകാശത്തെ ഊട്ടി ഉറപ്പിക്കുക എന്ന നിലയിലാണ് രമേശ് ചെന്നിത്തല ഐശ്വര്യ കേരള യാത്ര തുടങ്ങിയത്. 

ഐശ്വര്യ കേരള യാത്ര തുടങ്ങി അധികം വൈകാതെയാണ് കെ.സുധാകരന്റെ ചെത്തുകാരന്റെ മകന്‍ എന്ന പ്രയോഗം വരുന്നത്. അതിനെ രമേശ് ആദ്യം തള്ളിപ്പറഞ്ഞു. അതിലൂടെ കെ.സുധാകരനെ പരുങ്ങലിലാക്കാം എന്നതായിരുന്നു ചെന്നിത്തലയുടെ കണക്കുകൂട്ടല്‍. കാരണം സുധാകരന്‍ കെ.പി.സി.സി അധികാരസ്ഥാനത്ത് എത്തിയാല്‍ പിന്നീട് ഒരു ഹിന്ദു മുഖ്യമന്ത്രി ആവുക എളുപ്പമല്ല. ആ സാഹചര്യം മുന്‍കൂട്ടി ഒഴിവാക്കുക എന്ന ലക്ഷ്യമായിരുന്നു സുധാകരനെ തള്ളിപ്പറഞ്ഞതിന് പിന്നില്‍. എന്നാല്‍ ചെന്നിത്തലയുടെ അടവുകള്‍ പൊളിയുന്ന അവസ്ഥാ വിശേഷണമാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശത്തോടെ ഉമ്മന്‍ചാണ്ടി നേതൃത്വം ഏറ്റെടുത്തതോടു കൂടി കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്. അതിനെ മറികടക്കാനുള്ള ചെന്നിത്തലയുടെ ശ്രമങ്ങളല്ലാം പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്.

Tags: