Skip to main content

മന്ത്രിമാരായ ജി.സുധാകരനും ഡോ. തോമസ് ഐസക്കും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മത്സര രംഗത്തുണ്ടാവും. സുധാകരന്‍ അമ്പലപ്പുഴ നിന്നും തോമസ് ഐസക്ക് ആലപ്പുഴ നിന്നുമായിരിക്കും മത്സരിക്കുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മണ്ഡലം മാറില്ല. ഹരിപ്പാട്ട് നിന്നു തന്നെയായിരിക്കും ജനവിധി തേടുക. 

സുധാകരനും തോമസ് ഐസക്കും തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിട്ട് നാളുകളായി. അമ്പലപ്പുഴ മണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ പുതിയവരെ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ സുധാകരന്റെ ഓഫീസ് ആരംഭിച്ചു കഴിഞ്ഞു. ഇതിന് ഓരോ ബൂത്തിലേക്കും ചെലവിന് വേണ്ട പണവും നല്‍കിയിട്ടുണ്ട്. ആലപ്പുഴ മണ്ഡലത്തിലും സമാനമായ പ്രവര്‍ത്തനം നടക്കുന്നുണ്ട്. ഇവിടെ തോമസ് ഐസക്കിന്റെ ഓഫീസ് പ്രാദേശിക പാര്‍ട്ടി ഘടകത്തെ കൊണ്ടാണ് ഇത് ചെയ്യിക്കുന്നതെന്നു മാത്രം.

ഇതിനിടയിലും തങ്ങള്‍ വീണ്ടും മത്സരിക്കുന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന മട്ടില്‍ ഇരുവരും പ്രചാരണം നടത്തുന്നുമുണ്ട്. ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നേരത്തെ മന്ത്രി സുധാകരന്‍ പരസ്യ പ്രസ്താവന നടത്തിയിരുന്നു. ഇതിനോടകം ഏഴു തവണ മത്സരിച്ച സുധാകരന്‍ ഇനി മാറി നിന്നേക്കുമെന്ന് സാധാരണ പ്രവര്‍ത്തകര്‍ കണക്കു കൂട്ടുകയും ചെയ്തിരുന്നു. നാലു തവണ മത്സരിച്ചു വിജയിച്ചിട്ടുള്ള തോമസ് ഐസക്കിനും ഇനി അവസരം നല്‍കില്ലെന്ന് പാര്‍ട്ടിയിലെ കീഴ് വഴക്കം ചൂണ്ടിക്കാട്ടി പലരും പ്രവചിച്ചിരുന്നു. ഈ മണ്ഡലങ്ങളില്‍ കണ്ണും നട്ടിരുന്ന പുതു തലമുറ നേതാക്കള്‍ ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല. മൂന്ന് അവസരം ലഭിച്ച വരെ പാര്‍ട്ടി മാറ്റി നിര്‍ത്തുമെന്ന് അവര്‍ വിശ്വസിക്കുന്നു.

എന്നാല്‍ ഭരണ തുടര്‍ച്ച ലക്ഷ്യമിടുന്ന സി.പി.എമ്മിന് ഒരു ഭാഗ്യപരീക്ഷണം പറ്റില്ലെന്നതാണ് ഈ മന്ത്രിമാര്‍ക്ക് വീണ്ടും മത്സരത്തിന് അവസരമൊരുക്കുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ പലപ്പോഴും യു.ഡി.എഫ്. ആഭിമുഖ്യം പ്രകടിപ്പിക്കാറുള്ള അമ്പലപ്പുഴയില്‍ വിജയമുറപ്പിക്കാന്‍ ഇടതുമുന്നണിയുടെ കൈയില്‍ സുധാകരനെ പോലെ മറ്റൊരാളില്ല. അതുകൊണ്ടു തന്നെ വീണ്ടും സുധാകരന് അവിടെ അവസരം കിട്ടും.

ഭരണ തുടര്‍ച്ചയുണ്ടായാല്‍ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യാന്‍ തോമസ് ഐസക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ അനിവാര്യമാണെന്നതാണ് അദ്ദേഹത്തിന്റെ അനുകൂല ഘടകം. ഈ നേതാക്കളോട് തങ്ങളുടെ മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുവാന്‍ മുകളില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചതായാണ് വിവരം. ഇടതു ഭരണത്തില്‍ മണ്ഡലങ്ങളിലുണ്ടായ വികസനം സംബന്ധിച്ച കൈപ്പുസ്തകം തയ്യാറാക്കുന്ന ഒരുക്കത്തിലാണ് ഇരുവരും. സുധാകരനും ഐസക്കിനും പകരം മത്സരത്തിന് തയാറായിരുന്ന പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം, കെ.ടി.മാത്യു തുടങ്ങിയവരാണ് നിരാശരായത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂടുതല്‍ സുരക്ഷിത മണ്ഡലം തേടി ഹരിപ്പാട് വിട്ടേക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ അതുണ്ടാവില്ലെന്ന് ഉറപ്പു വരുത്തി അദ്ദേഹം തന്റെ വോട്ടു ഇത്തവണ ഹരിപ്പാട് മണ്ഡലത്തിലേക്ക് മാറ്റി. നേരത്തെ ചെന്നിത്തലയിലായിരുന്നു രമേശിന്റെ വോട്ട് . ഉമ്മന്‍ ചാണ്ടിക്കൊപ്പം പാര്‍ട്ടിയെ നയിച്ചാല്‍ വിജയ സാധ്യതയില്‍ അശേഷം സംശയം വേണ്ടെന്നും മണ്ഡലം മാറുന്നത് തെറ്റായ വ്യാഖ്യാനങ്ങള്‍ക്കിടനല്‍കുമെന്നുമാണ് പ്രതിപക്ഷ നേതാവിന് ലഭിച്ച ഉപദേശം.