Skip to main content
Thiruvananthapuram

DYSP Harikumar

നെയ്യാറ്റിന്‍കരയില്‍ യുവാവിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡി.വൈ.എസ്.പി ഹരികുമാര്‍ മരിച്ച നിലയില്‍. ഇന്ന് രാവിലെ തിരുവനന്തപുരം കല്ലമ്പലം വെയിലൂരിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ഹരികുമാറിനെ കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍ ഒളിവിലാണെന്ന സംശയത്തില്‍ തിരച്ചില്‍ തുടരുന്നതിനിടെയാണു മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയാണ്.

 

ഈ മാസം ഏഴിന് കൊടങ്ങാവിളയില്‍ വച്ചായിരുന്നു യുവാവായ സനലിന്റെ മരണത്തിനിടയാക്കിയ സംഭവം നടന്നത്. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഡി.വൈ.എസ്.പി ഹരികുമാര്‍ സനലിനെ റോഡിലേക്ക് തള്ളിയിട്ടു, അതേ സമയും അതുവഴി പോയ കാര്‍ സനലിനെ ഇടിച്ച് തെറിപ്പിച്ചു. ആശുപത്രിയില്‍ എത്തിക്കും മുമ്പ് സനല്‍ മരിച്ചിരിന്നു. ഇതിനിടെ ഹരികുമാര്‍ ഒളിവില്‍ പോയി.

 

സംഭവം നടന്നിട്ട് പത്ത് ദിവസമാകുമ്പോഴും ഹരികുമാറിനെ അറസ്റ്റ് ചെയ്യാന്‍ പോലീസിനായിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് സനലിന്റെ ഭാര്യ ഇന്ന് രാവിലെ കൊലപാതകം നടന്ന സ്ഥലത്ത് നിരാഹാര സമരം ആരംഭിച്ചിരുന്നു. എന്നാല്‍ ഡി.വൈ.എസ്.പിയുടെ മരണവിവരം അറിഞ്ഞതിനെ തുടര്‍ന്ന് സമരം താല്‍കാലികമായി അവസാനിപ്പിച്ചു.

 

തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഒളിവില്‍ കഴിയുകയായിരുന്ന ഹരികുമാര്‍ ഇന്ന് കേരളത്തില്‍ തിരിച്ചെത്തി പോലീസില്‍ കീഴടങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.