കെ.ഇ.എന്നും മാദ്ധ്യമ ഔചിത്യവും

Glint Staff
Sat, 05-07-2014 02:27:00 PM ;

ken kunjahammed

 

മാദ്ധ്യമങ്ങൾ എന്നുവെച്ചാൽ മാദ്ധ്യമപ്രവർത്തകർ തന്നെ. അവരുടെ ചിന്തയുടേയും കാഴ്ചപ്പാടിന്റേയും പ്രതിഫലനം തന്നെയാണ് അവർ പ്രവർത്തിക്കുന്ന മാദ്ധ്യമങ്ങളിൽ പ്രകടമാകുന്നത്. അതൊക്കെ വലിയ കാര്യമായി വർത്തമാനകാല മാദ്ധ്യമലോകത്ത് ചർച്ച ചെയ്യുന്നത് ഒരു പരിധി വരെ അപ്രസക്തമാണ്. എങ്കിലും അവ പ്രസക്തമല്ലാതാകുന്നില്ല. ആവുകയുമില്ല. മാദ്ധ്യമപ്രവർത്തകർ കേട്ടെഴുത്തുകാരും വെറും കാഴ്ചകാണിപ്പുകാരുമല്ല. അവിടെയാണ് കേട്ടെഴുത്തുകാരിൽ നിന്നും കാഴ്ചകാണിപ്പുകാരിൽ നിന്നും മാദ്ധ്യമപ്രവർത്തകര്‍ വേറിടുന്നത്. അവിടെയാണ് വിവേചനം അനിവാര്യമാകുന്നത്. ഉത്തമമായ വിവേചനം സാമൂഹിക കാഴ്ചപ്പാടോടെ നടത്തുക എന്നതാണ് മാദ്ധ്യമപ്രവർത്തകരിൽ നിന്നും പ്രതീക്ഷിക്കുന്നത്. അനാവശ്യവും അപ്രസക്തവുമായ കാര്യങ്ങൾ സമൂഹത്തിന്റെ ബോധമണ്ഡലത്തിലേക്ക് കടത്തിവിടാതിരിക്കുക എന്നത് വളരെ പ്രധാനമാണ്. അങ്ങനെ കടത്തിവിട്ട വാർത്തയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് -സി.പി.എമ്മിനെ തള്ളി കെ.ഇ.എൻ; പച്ചയെ എതിർക്കുന്നത് സംഘപരിവാർ യുക്തിയെന്ന്- എന്ന തലക്കെട്ടിൽ വന്ന വാർത്ത (മാതൃഭൂമി, 04-07-2014).

 

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളാണ് കെ.ഇ.എൻ കുഞ്ഞഹമ്മദ്. വിവാദപരമായ പ്രസ്താവങ്ങളിലൂടെ മാദ്ധ്യമശ്രദ്ധയിലേക്കു വന്ന വ്യക്തിയാണ് അദ്ദേഹം. അത് അദ്ദേഹത്തിന്റെ കുറ്റമല്ല. ഓരോ വ്യക്തിയും വ്യതിരിക്തരാണ്. അദ്ദേഹത്തിന്റെ ഉള്ളിൽ വരുന്ന ചിന്തകൾ അദ്ദേഹം എഴുതുന്നു. അദ്ദേഹം അവയെ ശരിയാണെന്നു ധരിക്കുന്നുണ്ടാകും. അതുകൊണ്ടുതന്നെ അവ അദ്ദേഹത്തിനു ശരിയാണെന്നും തോന്നും. എന്നിരുന്നാലും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ പുരോഗമന കലാസാഹിത്യ രംഗത്ത് കെ.ഇ.എൻ നടത്തിയതോ നടത്തിക്കൊണ്ടിരിക്കുന്നതോ ആയ പ്രവർത്തനം അജ്ഞാതമാണ്. ആ സംഘടനയുടെ സാന്നിദ്ധ്യത്തെ അറിയുന്നതു തന്നെ കെ.ഇ.എൻ നടത്തുന്ന വിവാദപ്രസ്താവങ്ങളോട് ചേർത്തുവെച്ചാണ്. അദ്ദേഹം പ്രവർത്തിക്കേണ്ട മേഖലയിൽ ഗുണപരമായ പ്രവർത്തനങ്ങളൊന്നും കാഴ്ചവയ്ക്കാൻ കഴിയാതെ കുറ്റങ്ങളും കുറവുകളും തേടിപ്പിടിച്ച് അദ്ദേഹത്തിനുപോലും ദഹിക്കാത്തവിധം ഓരോ കാര്യങ്ങൾ ഓരോ കാലത്തു പറയുന്നു. ഇതൊക്കെ മാദ്ധ്യമങ്ങൾ ഏറ്റുപിടിക്കുന്നു. ഇപ്പോൾ ഗൾഫിൽ പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് എന്ന പത്രത്തിൽ എഴുതിയ ഒരു ലേഖനമാണ് വിവാദമാക്കിയിരിക്കുന്നത്. സി.പി.ഐ.എമ്മിനെ കെ.ഇ.എൻ തള്ളിയാൽ വീണുപോകും എന്നു ഭയപ്പെടുത്തുന്നതുപോലെയാണ് തലവാചകം. ഇപ്പോൾ കെ.ഇ.എൻ ഉയർത്തിയിരിക്കുന്നത് നിറത്തിന്റെ പേരിലുള്ള വിവാദമാണ്. സ്കൂളുകളിൽ പച്ചബോർഡുകള്‍ ഉപയോഗിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ സി.പി.ഐ.എം എടുത്ത നിലപാടിനെ ചോദ്യം ചെയ്ത് പച്ചയ്ക്കനുകൂലമായ നിലപാട് കെ.ഇ.എൻ എടുത്തിരിക്കുന്നു എന്നതാണ് മാദ്ധ്യമങ്ങൾ ഉയർത്തിക്കാട്ടിയിരിക്കുന്നത്.

 

മിഡിൽസ്കൂൾ തലത്തിൽ പഠിക്കുന്ന ശാസ്ത്രപാഠം പോലും കെ.ഇ.എൻ മറന്ന പോലെയാണ് ലേഖനത്തിൽ എഴുതിയിരിക്കുന്നത്. മുസ്ലീം ലീഗ് പാർട്ടിയുടെ കൊടിനിറമായതിന്റെ പേരിലല്ല പച്ച നിറം സ്കൂളുകളിൽ ബോർഡെഴുത്തിന് ഉപയോഗിക്കുന്നതെന്നാണ് കെ.ഇ.എൻ കണ്ടെത്തിയിരിക്കുന്നത്. അതിനാൽ പച്ചയെ എതിർക്കുന്നത് സംഘപരിവാറിന്റെ യുക്തിയാണെന്നാണ് അദ്ദേഹം സ്ഥാപിക്കുന്നത്. സി.പി.ഐ.എമ്മിനെ കേരളത്തിലെ ഹിന്ദുപാർട്ടിയായി ഉയർത്തിക്കാട്ടി ബി.ജെ.പിയുടെ മുന്നേറ്റത്തെ തടയിടാനുള്ള ഏതെങ്കിലും സി.പി.ഐ.എം. കേന്ദ്രങ്ങളുടെ ശ്രമത്തിന്റെ ഭാഗമായാണോ കെ.ഇ.എൻ ഈ സിദ്ധാന്തവുമായി എത്തിയിട്ടുള്ളതെന്നും അറിയില്ല. എന്തുതന്നെയായാലും കെ.ഇ.എൻ എന്താണ് പറയുന്നതെന്ന് അദ്ദേഹത്തിനും അദ്ദേഹത്തെ ശ്രദ്ധിക്കുന്നവർക്കും മനസ്സിലാകുന്നില്ല. അദ്ദേഹത്തിന്റെ നിലവാരത്തിലേക്ക് ഉയരാത്തതിന്റെ പ്രശ്നമാണതെന്ന് അതിനെ തള്ളിക്കളയാനുള്ള സാദ്ധ്യതയെ കാണാതിരിക്കുന്നില്ല. എന്നിരുന്നാലും ലേഖനത്തിൽ പറയുന്ന ഒരു വാചകം നോക്കാം. ശത്രുതാപരമായ സാമൂഹികവൈരുദ്ധ്യങ്ങൾ അവസാനിക്കുമ്പോൾ ഒരൊറ്റ നിറം വികസിച്ചുവരുമെങ്കിൽ അത് പച്ചയായിരിക്കുമെന്ന് അദ്ദേഹം സമർഥിക്കുന്നു. എന്താണ് അദ്ദേഹം ഉദ്ദേശിച്ചിരിക്കുന്നതെന്ന് അദ്ദേഹത്തിനുപോലും വ്യക്തതയില്ലെന്ന് വാചകത്തുടക്കം നോക്കിയാൽ മതി. വൈരുദ്ധ്യങ്ങളും ശത്രുതാപരമായ വൈരുദ്ധ്യങ്ങളും. ശത്രുതാപരമായ വൈരുദ്ധ്യങ്ങൾ അവസാനിക്കുക. ഒരു നിറം വികസിച്ചുവരിക. ശാസ്ത്രപ്രകാരം എല്ലാ നിറങ്ങളും അടങ്ങുക വെള്ളയിലാണ്. എന്താണ് താൻ പറയുന്നതെന്ന് വ്യക്തതയില്ലാത്തതാണ് കെ.ഇ.എന്നിന്റെ പ്രശ്നം. അത് മനസ്സിലാക്കാനുള്ള കെൽപ്പാണ് മാദ്ധ്യമങ്ങൾക്കു വേണ്ടത്. മാദ്ധ്യമങ്ങളുടെ വിലപ്പെട്ട സമയവും സ്ഥലവും ഇത്തരം അവ്യക്തതകളെ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾക്ക് ചെലവഴിക്കുന്നത് നന്നല്ല. മാത്രമല്ല അവ്യക്തതയുടെ അംശം വർധിക്കും. അവ്യക്തതയിലാണ് ആൾക്കാർ കബളിക്കപ്പെടുന്നത്. ചുരുക്കം പറഞ്ഞാൽ വഴിതെറ്റുന്നത്. വഴികാട്ടിക്കൊടുക്കുകയോ അതിന് സഹായമേകുകയോ ചെയ്യുക എന്നതും മാദ്ധ്യമത്തിന്റെ കർത്തവ്യങ്ങളിൽപ്പെട്ടതാണ്.

Tags: