യുവാക്കളില്‍ ഏറി വരുന്ന ഓണ്‍ലൈന്‍ ഗെയിം ആസക്തി

Glint desk
Sat, 02-01-2021 06:45:39 PM ;

കൊറോണയ്ക്ക് ശേഷം ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് വളരെ പ്രാമുഖ്യം ഏറി വരികയാണ്. അതില്‍ തന്നെ പണം മുടക്കിക്കൊണ്ടുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് യുവാക്കള്‍ക്കിടയില്‍ വളരെ അധികം പ്രചാരം ലഭിക്കുന്നുണ്ട്. ചിലര്‍ക്ക് ഈ രീതിയില്‍ പണം ലഭിക്കുന്നുണ്ട്. മറ്റു ചിലര്‍ക്ക് പണം നഷ്ടപ്പെടുന്നുമുണ്ട്. ഈ രീതിയിലുള്ള സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ സര്‍വ്വസാധാരണമാണ്. അതിന് ഒരു ഉദാഹരണമാണ് ഇന്ന് തിരുവനന്തപുരത്ത് നടന്ന സംഭവം. 

വിദ്യാഭ്യാസമ്പന്നരും പ്രൊഫഷണലുമായ ആളുകളാണ് ഇതില്‍ പെട്ട് പോകുന്നത് എന്നതാണ് ഇതില്‍ ശ്രദ്ധേയമായ കാര്യം. ഇതില്‍ അടിമപെട്ട് പോകുന്നവരില്‍ പല തരത്തിലുള്ള മാനസ്സിക സമ്മര്‍ദ്ദം ഉണ്ടാവുകയും അതില്‍ നിന്ന് രക്ഷ നേടാനായി പല മാര്‍ഗങ്ങളും തേടുകയും ചെയ്യുന്ന ഒരു സാഹചര്യവും നമ്മുടെ നാട്ടില്‍ കാണാവുന്നതാണ്. ഇതിന് ഉദാഹരണമാണ് ഇന്ന് തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കിയ സംഭവം. 

ഐ.എസ്.ആര്‍.ഒയിലെ കരാര്‍ ജീവനക്കാരനും തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശിയുമായ വിനീതാ(28)ണ് മരിച്ചത്. ഡിസംബര്‍ 31-ാം തീയതിയാണ് വിനീതിനെ വീടിന് സമീപത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഒരു വര്‍ഷമായി വിനീത് പതിവായി ഓണ്‍ലൈന്‍ റമ്മി കളിക്കാറുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് വലിയ തുകയ്ക്കാണ് റമ്മി കളിച്ചത്. തുടര്‍ന്ന് 12 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടായി. ഈ ബാധ്യത ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് തീര്‍ത്തെങ്കിലും വിനീത് വീണ്ടും ഓണ്‍ലൈന്‍ റമ്മി കളി തുടരുകയായിരുന്നു.

നിലവില്‍ 20 ലക്ഷത്തോളം രൂപയുടെ കടബാധ്യത വിനീതിനുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സാമ്പത്തികബാധ്യത രൂക്ഷമായതോടെ വീട്ടിലും പ്രശ്‌നങ്ങളുണ്ടായി. ഒരിക്കല്‍ വിനീത് വീട് വിട്ടിറങ്ങുകയും ചെയ്തു. പിന്നീട് പോലീസാണ് യുവാവിനെ കണ്ടെത്തി തിരികെ എത്തിച്ചത്.

Tags: