നാളുകളായി പട്ടിണിയിലായിരുന്ന ഒരുവന്റെ മുന്നിലേക്ക് രണ്ട്കൂട്ടം പായസമുള്‍പ്പെടെയുള്ള സദ്യയെത്തിയാല്‍ എന്തായിരിക്കും അവസ്ഥ? കേരളത്തിലെ ബി.ജെ.പിക്കും സംഘപരിവാര്‍ സംഘനടകള്‍ക്കും ശബരിമല വിഷയത്തിലൂടെ തുടര്‍ച്ചായായി വീണ് കിട്ടിക്കൊണ്ടിരിക്കുന്നത് ആ അവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ്. കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ പറഞ്ഞതുപോലെ നിവര്‍ന്ന് നില്‍ക്കാന്‍ പാങ്ങില്ലാത്തവന് കിടക്കയിട്ടുകൊടുക്കുന്ന കാഴ്ച. കേരളത്തില്‍ ആര്‍.എസ്.എസ്സും ബി.ജെ.പിയും മറ്റ് പരിവാര്‍ സംഘടനകളും പ്രവര്‍ത്തനമാരംഭിച്ചിട്ട് കാലമേറെയായെങ്കിലും ജനകീയമാകാന്‍ സാധിച്ചിരുന്നില്ല. അതിന് പ്രധാനകാരണം നേതാക്കളുടെ അഭാവമാണ്. എന്തായാലും ശബരിമല യുവതീപ്രവേശന വിഷയത്തിലൂടെ ബി.ജെ.പിയുടെ ആ കുറവ് നികന്നുകൊണ്ടിരിക്കുകയാണ്.
യുവതീ പ്രവേശന വിധിക്ക് ശേഷം രണ്ടാമത്, ചിത്തിര ആട്ട വിശേഷത്തിനായി ഒറ്റ ദിവസത്തേക്ക് ശബരിമല നട തുറന്നിരുന്നു. അന്ന് വരെ കേരളീയ സമൂഹത്തിന് വലിയ അറിവൊന്നുമില്ലാതിരുന്ന ആളായിരുന്നു ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി. പതിനെട്ടാം പടിയിലെ പ്രകടനവും, പോലീസ് മൈക്കിലൂടെയുള്ള പ്രസംഗവും അതിന് മാധ്യമങ്ങള്‍ നല്‍കിയ അമിത പ്രാധാന്യവും തില്ലങ്കേരിയെ പ്രമുഖനാക്കി. അണികള്‍ക്കിടയില്‍ വീരപരിവേഷവും. ശേഷം തൃപ്തി ദേശായിയുടെ വരവാണ് ബി.ജെ.പിക്ക് അടുത്ത അവസരമായത്. ആ ദിവസം ആര്‍.വി ബാബു എന്ന ഹിന്ദു ഐക്യവേദിയുടെ ജനറല്‍സെക്രട്ടറിയുടെ ഊഴമായിരുന്നു.
നേരത്തെ തന്നെ ജനങ്ങള്‍ക്ക് അറിയുന്ന മുഖമായിരുന്നെങ്കിലും കഴിഞ്ഞ ദിവസം ശബരിമല യാത്രക്കിടെ മരക്കൂട്ടത്ത് വച്ചുണ്ടായ അറസ്റ്റ് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയെ കൂടുതല്‍ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്നു. അവരുടെ പേരില്‍ സംസ്ഥാനത്ത് ജനങ്ങളെ ആകെ വലച്ച ഒരു ഹര്‍ത്താലും നടന്നു. അതോടൊപ്പം തന്നെ ശബരിമലയിലെ പ്രശ്‌ന സാധ്യത കണക്കിലെടുത്ത് കരുതല്‍ തടങ്കലിലാക്കപ്പെട്ട ശബരിമല ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥ്വിപാല്‍, ബി.ജെ.പി നേതാവ് പി.സുധീര്‍ എന്നിവരും പ്രത്യേകിച്ച് ചെലവില്ലാതെ തന്നെ ജനങ്ങള്‍ അറിയുന്നവരായി മാറിയിരിക്കുന്നു.
ശബരിമല വിഷയത്തിലെ സര്‍ക്കാരിന്റെ സമീപനം ഈ രീതിയില്‍ തുടര്‍ന്നാല്‍ ഇത്തവണത്തെ മണ്ഡലകാലം അവസാനിക്കുന്നതിന് മുമ്പ് ബി.ജെ.പിക്ക് കേരളത്തില്‍ കൂടുതല്‍ നേതാക്കാളെ കിട്ടും. ജനങ്ങളറിയുന്ന നേതാക്കളുണ്ടായാല്‍ സ്വാഭാവികമായും പാര്‍ട്ടിയിലേക്ക് അണികള്‍ വന്നുചേരും. നേതാക്കളും അണികളുമുണ്ടായാല്‍ അധികാരം വിദൂരവുമല്ല.