സ്ത്രീകളിലേയും കുട്ടികളിലേയും മനുഷ്യക്കടത്ത് തടയുകയും അമര്‍ച്ച ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ 2000-ല്‍ ഐക്യരാഷ്ട്രസഭ കൊണ്ടുവന്ന പലെര്‍മോ പ്രൊട്ടോക്കോളിന്റെ മൂന്നാം വകുപ്പ് മനുഷ്യക്കടത്തിന് ഒരു നിര്‍വ്വചനം നല്‍കുന്നുണ്ട്. വ്യക്തികളെ ചൂഷണത്തിന് വേണ്ടി ബലം പ്രയോഗിച്ചോ, തട്ടിക്കൊണ്ടുവന്നോ, ചതി, വഞ്ചന എന്നിവ പ്രയോഗിച്ചോ, അധികാരം പ്രയോഗിച്ചോ, ദുരിതം മുതലെടുത്തോ, ഒരു വ്യക്തിയുടെ മേല്‍ നിയന്ത്രണമുള്ള ആള്‍ക്ക് പണം കൊടുത്തോ അയാളില്‍ നിന്ന്‍ പണം വാങ്ങിയോ കൈമാറ്റം ചെയ്യുന്നതിനെയാണ് മനുഷ്യക്കടത്തെന്ന് അതില്‍ നിര്‍വ്വചിക്കുന്നത്. മറ്റുള്ളവരെ വേശ്യാവൃത്തിയ്ക്കോ മറ്റ് തരത്തിലുള്ള ലൈംഗിക ചൂഷണത്തിനോ വിധേയമാക്കുന്നതോ നിര്‍ബന്ധിത വേലയ്ക്ക് നിയോഗിക്കുന്നതോ അടിമത്തമോ അവയവങ്ങള്‍ നീക്കം ചെയ്യുന്നതോ ഏറ്റവും ചുരുങ്ങിയതായി ചൂഷണത്തില്‍ ഉള്‍പ്പെടുമെന്നും പ്രോട്ടോക്കോള്‍ വ്യക്തമാക്കുന്നു. നേരത്തെ പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്ന അവസരങ്ങളില്‍ ഇരകളാക്കപ്പെടുന്നവരുടെ സമ്മതം ഇത്തരം ചൂഷണങ്ങള്‍ക്ക് ഉണ്ടെന്നത് അപ്രസക്തമാണെന്നും വകുപ്പില്‍ പറയുന്നു. ഒപ്പം, ഈ പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ അല്ലാതെയും ചൂഷണത്തിനായിട്ടാണ് കൈമാറ്റമെങ്കില്‍ അത് മനുഷ്യകടത്തായി തന്നെ കണക്കാക്കണമെന്നും ഈ അന്താരാഷ്ട്ര നിയമം നിര്‍ദ്ദേശിക്കുന്നു. 2003-ല്‍ പ്രാബല്യത്തില്‍ വന്ന ഈ പ്രോട്ടോക്കൊളില്‍ ഒപ്പ് വെച്ചിട്ടുള്ള ഇന്ത്യ ഈ നിര്‍വ്വചനങ്ങളും വിശദീകരണങ്ങളും അതേപടി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 370-ാം വകുപ്പ് ഭേദഗതി ചെയ്ത് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ കേരളത്തിലേക്ക് വന്‍തോതില്‍ കുട്ടികളെ കൊണ്ടുവന്ന സംഭവം മനുഷ്യക്കടത്താണോ എന്ന തര്‍ക്കവിഷയം ഈ പശ്ചാത്തലത്തിലാണ് പരിശോധിക്കേണ്ടത്. മൂന്ന്‍ മുതല്‍ 13 വയസ്സ് വരെ പ്രായത്തിലുള്ള 580-ല്‍ അധികം കുട്ടികളെയാണ് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന്‍ മേയ് 24, 25 തിയതികളില്‍ റെയില്‍വേ പോലീസ് മോചിപ്പിച്ചത്. ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന്‍ യാതൊരു നടപടിക്രമവും പാലിക്കാതെയാണ് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ അനാഥാലയങ്ങളിലേക്കെന്ന് പറഞ്ഞ് കുട്ടികളെ കൊണ്ടുവന്നിട്ടുള്ളത്. പുറത്ത് വന്ന വിവരങ്ങള്‍ അനുസരിച്ച് തന്നെ ഇടനിലക്കാര്‍ വഴി വ്യാജരേഖകള്‍ ഉപയോഗിച്ചും മാതാപിതാക്കള്‍ക്ക് പണം കൊടുത്തതായും തെളിഞ്ഞിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന്‍ കേരളത്തിലെത്തിയ ജാര്‍ഖണ്ഡ് സംഘം നടന്നിരിക്കുന്നത് മനുഷ്യക്കടത്താണെന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് അവയവ കടത്ത് അടക്കമുള്ള കാര്യങ്ങള്‍ക്ക് കുട്ടികളെ ചൂഷണം ചെയ്യുകയാണ് ലക്ഷ്യമെന്നും ആരോപിക്കുകയും ചെയ്തിരിക്കുന്നു. കേസ് അന്വേഷിക്കുന്ന കേരള പോലീസിന്റെ ക്രൈം ബ്രാഞ്ചും അറസ്റ്റിലായ ഇടനിലക്കാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മനുഷ്യക്കടത്ത് സംബന്ധിച്ച വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്.
അതേസമയം, കേരള സര്‍ക്കാര്‍ സംഭവം കൈകാര്യം ചെയ്ത രീതി നാണക്കേടുണ്ടാക്കുന്നതും ആത്മവിശ്വാസം ജനിപ്പിക്കാത്തതാണെന്നുമായിരുന്നു ഈ വിഷയത്തില്‍ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവേ കേരള ഹൈക്കോടതിയുടെ പരാമര്‍ശം. അന്താരാഷ്ട്ര നിയമമനുസരിച്ചും അതിനെ പിന്തുടരുന്ന ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചും പ്രഥമദൃഷ്ട്യാ മനുഷ്യക്കടത്താണ് നടന്നിരിക്കുന്നത് സംശയിക്കാന്‍ കുട്ടികളെ കൊണ്ടുവരാന്‍ ഉപയോഗിച്ച മാര്‍ഗ്ഗങ്ങള്‍ മതിയാകും. ചൂഷണമാണോ ഉദ്ദേശം എന്നത് അന്വേഷണത്തിലൂടെ തെളിയേണ്ടതുമാണ്. എന്നിട്ടും സംഭവത്തെ മനുഷ്യക്കടത്തെന്ന് വിളിക്കാനാവില്ലെന്ന സര്‍ക്കാറിന്റെ നിലപാടാണ് കോടതിയെ പ്രകോപിച്ചതെന്ന്‍ വ്യക്തം. മുസ്ലിം സമുദായത്തില്‍ പെട്ട സംഘടനകള്‍ നടത്തുന്ന അനാഥാലയങ്ങളാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത് എന്നതിനാല്‍ യു.ഡി.എഫിലെ പ്രമുഖ ഘടകകക്ഷി മുസ്ലിം ലീഗ് ആഭ്യന്തര വകുപ്പിനെതിരെ രംഗത്ത് വന്നതാണ് സര്‍ക്കാറിന്റെ ഈ നിലപാടിന് പിന്നില്‍. അനാഥാലയങ്ങള്‍ സേവനമാണ് നടത്തുന്നതെന്നും കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നുമായിരുന്നു ലീഗിന്റെ ആവശ്യം. ഇതിനെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പിന് തെറ്റ് പറ്റിയിട്ടില്ലെന്നും എന്നാല്‍ നടന്നത് മനുഷ്യക്കടത്തല്ലെന്നുമുള്ള, ഭാഷയില്‍ വിരോധാഭാസമെന്നും രാഷ്ട്രീയത്തില്‍ ഇരുകൂട്ടരേയും തൃപ്തിപ്പെടുത്തുന്നതെന്നും വിശേഷിപ്പിക്കാവുന്ന, നിലപാടിലേക്ക് സര്‍ക്കാര്‍ എത്തിയത്.
അന്താരാഷ്ട്ര നിയമത്തിന്റേയോ ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റേയോ നിര്‍വ്വചനങ്ങളില്‍ ഒരുപക്ഷേ, വന്നിട്ടില്ലെങ്കിലും ഈ സംഭവത്തില്‍ വ്യക്തമായി തെളിയുന്ന ഒരു ചൂഷണമുണ്ട്. മൂന്നും അഞ്ചും വയസ്സുള്ള ബാല്യം വിടാത്ത കുട്ടികളെ തങ്ങളുടെ മാതാപിതാക്കളില്‍ നിന്ന്‍, കുടുംബത്തില്‍ നിന്നടര്‍ത്തി മാറ്റുന്നതില്‍ ആ കുട്ടികളോടുള്ള അനീതി അന്തര്‍ലീനമാണ്. വീടുകളില്‍ കുട്ടികളുടെ മാനസിക വളര്‍ച്ച പരിപൂര്‍ണ്ണമായിരിക്കും എന്നല്ല. പക്ഷെ, അത് ഒരു കുട്ടിയുടെ അവകാശമാണ്. അവിടെയുണ്ടാകുന്ന പോരായ്മകള്‍ പരിഹരിക്കാന്‍ സംവിധാനമുണ്ടാക്കാം. പക്ഷേ, ആ അവകാശം എടുത്തുമാറ്റുന്നത് ആ കുട്ടിയോട് ചെയ്യുന്ന സാമൂഹിക അനീതിയാണ്. രക്ഷകര്‍ത്താക്കളുള്ള കുട്ടികളും അനാഥാലയങ്ങളില്‍ എത്തുന്നത് പ്രോത്സാഹിപ്പിക്കുന്ന ഒരു അനാഥാലയം നടത്തുന്നത് സേവനമാണെന്ന് അവകാശപ്പെടുന്നതിലുള്ള വൈരുദ്ധ്യം അതാണ്. ഇത് ഏതെങ്കിലും മതവിഭാഗം മാത്രം നടത്തുന്ന അനാഥാലയങ്ങളുടെ പ്രശ്നമല്ല. എല്ലാ മതവിഭാഗത്തില്‍ പെട്ട ഒട്ടേറെ അനാഥാലയങ്ങളിലും ഇത് പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്നത് കേരളം ആകുലതയോടെ കാണേണ്ട ഒരു പ്രശ്നമാണ്. ഇതില്‍ സാമൂഹികമായി തെറ്റായ വശത്ത് നില്‍ക്കുന്ന തങ്ങള്‍ക്ക് ചുറ്റുമുള്ള സമ്മര്‍ദ്ദ ഗ്രൂപ്പുകളെ തൃപ്തിപ്പെടുത്താനുള്ള ശ്രമങ്ങളിലേക്ക് കേരള സര്‍ക്കാര്‍ നീങ്ങുമ്പോള്‍ ഈ സംഭവത്തിലെ നിയമപരമായ അന്വേഷണമാണ് സമ്മര്‍ദ്ദത്തില്‍ ആയിരിക്കുന്നത്. കുട്ടികളോട് എങ്ങനെ പെരുമാറുന്നു എന്നതാണ് ഒരു ഭരണകൂടത്തിന്റെ ധാര്‍മിക പരീക്ഷണം. അതില്‍ തോറ്റുകൊണ്ടിരിക്കുകയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇപ്പോള്‍. കേരളത്തിലെ അനാഥാലയങ്ങളെ ചൂഴ്ന്നു നില്‍ക്കുന്ന ദുരൂഹത കാണാതെ പോകാനാണ് ഇനിയും സര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്കില്‍ സ്വയം പരാജയപ്പെടുക മാത്രമല്ല, നിസ്സഹായരായ ഒരുപറ്റം കുട്ടികളെ കൂടി പരാജയപ്പെടുത്തുകയായിരിക്കും സര്‍ക്കാര്‍ ചെയ്യുന്നത്.