കേജ്രിവാളിന്റെ രാഷ്ട്രീയ വെല്ലുവിളി തുടങ്ങുന്നു

Sun, 08-12-2013 07:09:00 PM ;

arvind kejriwal

 

നാല് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ നാലിലും മുന്നിലെത്തിയ ബി.ജെ.പിയെക്കാള്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചത് ദില്ലിയിൽ അരവിന്ദ്‌ കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിയുടെ നേട്ടമാണ്. മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത്തിനെതിരെ മത്സരിച്ച കേജ്രിവാള് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ (ഇതെഴുതുമ്പോള്‍) 27 സീറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്ന പാര്‍ട്ടിയുടെ പ്രകടനം 70 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ നേട്ടം ഒറ്റയക്കത്തിലേക്ക് ചുരുക്കുകയും ബി.ജെ.പിയെ കേവല ഭൂരിപക്ഷത്തില്‍ നിന്ന്‍ തടയുകയും ചെയ്യുന്നു. ഫലം പൂര്‍ണ്ണമായി പുറത്തുവന്ന് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ പിന്തുണ നേടിയാല്‍ പോലും അരങ്ങേറ്റം കുറിച്ച തെരഞ്ഞെടുപ്പില്‍ എ.എ.പിയുടെ നേട്ടത്തിന്റെ മാറ്റ് കുറയുന്നില്ല. രൂപീകൃതമായി കേവലം ഒന്‍പത് മാസങ്ങള്‍ കൊണ്ടാണ് പാര്‍ട്ടി ഈ നേട്ടത്തിലേക്ക് എത്തിയത് എന്ന കാര്യം പരിഗണിച്ചാല്‍ പ്രത്യേകിച്ചും.

 

അതേസമയം, ആം ആദ്മി പാര്‍ട്ടിയുടെ ഈ നേട്ടം ഇന്ത്യന്‍ രാഷ്ട്രീയത്തിന് നല്‍കുന്ന സൂചനകള്‍ സൂക്ഷ്മതയോടെ പരിശോധിക്കേണ്ടതുണ്ട്. ഈ പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ മാധ്യമങ്ങളുടെ, പ്രത്യേകിച്ച് ദേശീയ മാധ്യമങ്ങള്‍ എന്ന്‍ വിശേഷിപ്പിക്കുന്ന ഇംഗ്ലീഷ് ടെലിവിഷന്‍ ചാനലുകളുടെ പങ്ക് പ്രധാനമാണ്. ഇംഗ്ലീഷ് ചാനലുകൾ തങ്ങളുടെ പാർട്ടിയെന്നോണമാണ് ആം ആദ്മി പാർട്ടിയുടെ വാർത്ത കൈകാര്യം ചെയ്തിരുന്നത്. മാധ്യമങ്ങളെ പരമാവധി തങ്ങളുടെ പ്രചാരത്തിനായി വിനിയോഗിക്കുന്നതില്‍ അരവിന്ദ് കേജ്രിവാളും മികവ്‌ കാണിച്ചു. അതിനാൽ, പ്രതികൂലമായ സാഹചര്യങ്ങള്‍ പോലും തങ്ങൾക്കനുകൂലമാക്കാനും അവർക്കു കഴിഞ്ഞു. ഒരുപക്ഷെ, ഡെല്‍ഹിയ്ക്ക് പകരം ഛത്തിസ്‌ഗഡിലാണ് എ.എ.പി മത്സരിച്ചിരുന്നതെങ്കില്‍ ഈ പ്രകടനം സാധ്യമാകുമായിരുന്നോ എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്. ഡെല്‍ഹിയുടെ ഭൂമികയില്‍ നിന്ന്‍ ദേശീയമായ ഒരു രാഷ്ട്രീയത്തിലേക്ക് എ.എ.പി എങ്ങനെ വളരുന്നു എന്നത് നാമിനിയും കാത്തിരുന്ന് കാണേണ്ടതാണ്.

 

എ.എ.പിയുടെ ശക്തിയും ഈ അപ്രവചനീയതയാണ്. അതേസമയം ഈ അപ്രവചനീയതയ്ക്ക് ആധാരം പാര്‍ട്ടിയുടെ പരിമിതമായ രാഷ്ട്രീയ സ്വഭാവം തന്നെയാണ്. അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ പ്രസ്ഥാനത്തില്‍ നിന്ന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് വിട്ടുപോന്നതാണെങ്കിലും ഹസാരെ സംഘത്തിന്റെ ആക്ടിവിസ്റ്റ് സമീപനത്തിന്റെ രാഷ്ട്രീയ രൂപമായാണ് ഇപ്പോഴും എ.എ.പി നില്‍ക്കുന്നത്. രാഷ്ട്രീയമായിട്ടാണ് എ.എ.പി വളര്‍ന്നത് എന്ന്‍ പറയാന്‍ കഴിയില്ല. പ്രസ്ഥാനത്തിന്റെ ആശയം പ്രചരിപ്പിച്ച് അതിനോട് ജനങ്ങൾക്ക് ആഭിമുഖ്യമുണ്ടാക്കി ജനങ്ങളെ കൂടെനിർത്തി ജനങ്ങളുടെയിടയിൽ പ്രവര്‍ത്തിക്കുമ്പോഴാണ് ഒരു പ്രസ്ഥാനം രാഷ്ട്രീയമായി പരിണമിക്കുന്നത്. കേജ്രിവാൾ ചുരുങ്ങിയ സമയം കൊണ്ട് ഈ പിന്തുണ നേടിയത് ബഹുജന മാധ്യമങ്ങളെ തന്റെ അജണ്ടയുടെ മാധ്യമമാക്കി മാറ്റിക്കൊണ്ടാണ്.  

 

മെച്ചപ്പെട്ട ഭരണം എന്ന വാഗ്ദാനമല്ലാതെ രാജ്യം നേരിടുന്ന അടിസ്ഥാനപരമായ പ്രശ്നങ്ങളില്‍ എ.എ.പി നിലപാട് എന്താണെന്ന് വ്യക്തമല്ലാത്തതാണ് രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ തങ്ങളുടെ വളര്‍ച്ചക്കായി ബഹുജന മാധ്യമങ്ങള്‍ എന്ന എളുപ്പവഴി എ.എ.പി സ്വീകരിച്ചതിന്റെ അനന്തര ഫലം. ഇത് വളരെ പ്രധാനമാണ്. കാരണം, ഈ നിലപാടുകളാണ് രാഷ്ട്രീയം. ഭരണമല്ല. നിലപാടുകളുടെ അടിസ്ഥാനത്തിലുള്ള ഭരണമേ സാമൂഹ്യമാറ്റം കൊണ്ടുവരൂ. പ്രതിപക്ഷം എന്ന നിലയില്‍ പ്രവര്‍ത്തിക്കുക വഴി ഇത്തരം രാഷ്ട്രീയ നിലപാടുകള്‍ രൂപീകരിക്കാനുള്ള അവസരമാണ് എ.എ.പിയുടെ മുന്നിലുള്ളത്. അതുകൊണ്ടുതന്നെ, പാര്‍ട്ടിയുടെ രാഷ്ട്രീയ വെല്ലുവിളി തുടങ്ങുന്നതേ ഉള്ളൂ.

 

എന്നാല്‍, നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തന രീതികളോടുള്ള ജനസമൂഹത്തിന്റെ അസംതൃപ്തിയുടെ സൂചനയും കേജ്രിവാളിന്റെ വിജയം മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ക്ക് നല്‍കുന്നുണ്ട്. പ്രകടിപ്പിക്കാന്‍ ഫലപ്രദമായ ഒരു അവസരം മുന്നില്‍ വന്നാല്‍ ജനങ്ങളുടെ മുന്നില്‍ തങ്ങള്‍ക്ക് കാര്യമായ സാധ്യതകളില്ല എന്ന വസ്തുത രാജ്യമെങ്ങുമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്ഡെല്‍ഹി തെരഞ്ഞെടുപ്പ് കാണിച്ചുകൊടുക്കുന്നു. തങ്ങള്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയത്തില്‍ നിന്ന്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അകന്നത് തന്നെയാണ് വ്യക്തമായ രാഷ്ട്രീയം ഒന്നും മുന്നോട്ട് വെക്കാതിരിന്നിട്ടും എ.എ.പിയെ സ്വീകാര്യമാക്കിയത് എന്ന്‍ രാഷ്ട്രീയ കക്ഷികള്‍ തിരിച്ചറിയേണ്ടതുണ്ട്.

Tags: