സി.ബി.ഐക്ക് ഭരണഘടനാസാധുതയില്ലെന്ന് ഗുവാഹതി ഹൈക്കോടതി. വിധി വന്ന ഉടൻ തന്നെ അതിന്റെയടിസ്ഥാനത്തിൽ തങ്ങൾക്കെതിരെയുള്ള നടപടികൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ടൂജി സ്‌പെക്ട്രം കേസ്സിലെ പ്രതിയായ മുൻ കേന്ദ്രമന്ത്രി എ.രാജയും സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസ്സിൽ കോൺഗ്രസ്സ് നേതാവ് സജ്ജൻ കുമാറും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നു. കേന്ദ്രസർക്കാർ ഗുവാഹതി ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതിൽ അപ്പീൽ നൽകി. ചരിത്രവായനയ്ക്കിടയിൽ താത്വികഫലിതവും ചിരിയും ഉണർത്തുന്ന ഒന്നാണ് സി.ബി.ഐ രൂപീകരിച്ച് അഞ്ച് പതിറ്റാണ്ട് തികയുന്ന വേളയില്‍ വന്നിരിക്കുന്ന ഈ വിധി. എന്തായാലും ഗുവാഹതി വിധി വെറുമൊരു നിയമപ്രശ്‌നമോ ഭരണഘടനാവിഷയമോ ആയി ചുരുങ്ങാൻ പോകുന്നില്ല. ഗതി കണ്ടിട്ട് വരുന്ന പൊതു തെരഞ്ഞെടുപ്പിലെ താരമാകാനുള്ള എല്ലാ സാധ്യതയും ഈ ഗുവാഹതി വിധി ഗർഭം ധരിച്ചിട്ടുണ്ടെന്നു കാണാം.
നേതൃത്വപാടവവും അൽപ്പം ഇച്ഛാശക്തിയുമുണ്ടെങ്കിൽ വരുന്ന പൊതുതിരഞ്ഞെടുപ്പിൽ വിഷയമാക്കി വിജയം കൈവരിക്കാനുള്ള സന്ദർഭമാണ് കോൺഗ്രസ്സ് നേതൃത്വത്തിലുള്ള യു.പി.എ മുന്നണിക്ക് ഈ വിധി അവസരമൊരുക്കിക്കൊടുക്കുന്നത്. സി.ബി.ഐയെ കേന്ദ്രസർക്കാർ തങ്ങളുടെ ചൊൽപ്പടിക്കു നിർത്തുന്നുവെന്നും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നുവെന്നുമുള്ള മുറവിളി അടുത്ത കാലത്തായി ശക്തമായിട്ടുണ്ട്. അതിന് കാരണം സുപ്രീംകോടതിയുടെ ഇടപെടലുകളും കൽക്കരിഖനികൾ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസ്സിൽ സുപ്രീം കോടതി സി.ബി.ഐയെ കൂട്ടിലടച്ച തത്ത എന്നു വിശേഷിപ്പിച്ചു കൊണ്ടെടുത്ത നിലപാടുകളും തുടർന്ന് സി.ബി.ഐ ഡയറക്ടർ സമർപ്പിച്ച സത്യവാങ്മൂലവുമൊക്കെയാണ് സമീപകാലത്ത് ഈ ദേശീയ അന്വേഷണ ഏജൻസിയുടെ വിശ്വാസ്യതയെ മുമ്പെന്നത്തേക്കാളും തകർക്കാനിടയായത്. ഈ പശ്ചാത്തലത്തിൽ സി.ബി.ഐയുടെ ഘടനയും പ്രവർത്തനരീതിയും പരിഷ്കരിക്കുന്നത് സുപ്രീംകോടതി തങ്ങളുടെ പരിഗണനയിലെടുക്കുകയും സി.ബി.ഐയുടെ സ്വയംഭരണം ഉറപ്പുവരുത്താൻ ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. അപ്പോഴാണ് ശരിയായ രീതിയിൽ ജന്മം കൊണ്ടതല്ല സി.ബി.ഐയെന്നുള്ള ഗുവാഹതി ഹൈക്കോടതി വിധി.
അഴിമതി എന്നുള്ളത് ഇന്ത്യയിൽ നിലവിലുള്ള യാഥാർഥ്യമാണ്. എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പരസ്യമായ നിലപാടും പരസ്പരം ചെളിവാരിയെറിഞ്ഞുകൊണ്ടുള്ള തിരഞ്ഞെടുപ്പു പ്രചരണവുമെല്ലാം മിക്കപ്പോഴും ഈ വിഷയത്തെ ചുറ്റിപ്പറ്റിക്കൊണ്ടാണ്. ഈ പശ്ചാത്തലത്തിലാണ് അണ്ണാ ഹസ്സാരെയുടെ നേതൃത്തിൽ ലോക്പാൽ ബിൽ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭം രാജ്യാന്തര ശ്രദ്ധവരെ പിടിച്ചുപറ്റുന്ന വിധം ഉയർന്നുവന്നത്. ആ പ്രക്ഷോഭത്തിന്റെ അണിയറപ്രവർത്തകർക്ക് രാഷ്ട്രീയ കാഴ്ചപ്പാടില്ലാതിരുന്നതിനാലും അണ്ണാ ഹസ്സാരെ ഒരു ഊതിവീർപ്പിച്ച ബിംബമായിരുന്നതിനാലും ആ പ്രക്ഷോഭം വന്നപോലെ പോയി. മുഖ്യസൂത്രധാരൻ അരവിന്ദ് കേജ്രിവാൾ തന്റെ രാഷ്ട്രീയ ലക്ഷ്യം നിറവേറ്റാനായുള്ള അവസരമായി അതിനെ വിനിയോഗിച്ച് ഇപ്പോൾ ദില്ലി തിരഞ്ഞെടുപ്പിൽ സജീവമാകുകയും ചെയ്തു.
കേന്ദ്രസർക്കാരിന്റേയും യു.പി.എയുടേയും മുന്നിലുള്ള വിഷയം സി.ബി.ഐയെ ഭരണഘടനാപദവിയുള്ള സ്ഥാപനമാക്കുക എന്നുള്ളതാണ്. കുറഞ്ഞ സമയംകൊണ്ട്. ശീതകാല സമ്മേളനവും ബജറ്റ് സമ്മേളനവുമാണ് ഇനി അവശേഷിക്കുന്നത്. ഈ ചുരുങ്ങിയ സമയം കൊണ്ട് സ്വതന്ത്രവും അതിശക്തവുമായ ഫെഡറല്‍ അന്വേഷണ ഏജൻസിയായി മാറ്റിക്കൊണ്ടുള്ള നിയമനിര്‍മ്മാണം നടത്തുകയാണെങ്കിൽ അത് വൻ വിജയം തന്നെയാകും. മോഡി അഴിച്ചുവിട്ടിരിക്കുന്ന കൊടുങ്കാറ്റിനെപ്പോലും തടയാനുള്ള ഊർജ്ജം ആ വിജയത്തിനുണ്ടാകും. അത് സാധ്യമാക്കാൻ കഴിയുമോ ഇല്ലയോ എന്നുള്ള മുഖ്യ ചോദ്യമാണിപ്പോൾ അവശേഷിക്കുന്നത്. ഗുവാഹതി ഹൈക്കോടതി വിധി പരോക്ഷമായി സുപ്രീംകോടതിയേയും വിമർശാനാത്മകമായി ചോദ്യം ചെയ്യുന്നതാണെങ്കിലും അതുയർത്തിയിരിക്കുന്ന കാതലായ വിഷയത്തെ തള്ളിക്കളയുക പ്രയാസമായിരിക്കും. എന്തായാലും വരുംദിനങ്ങളിൽ സി.ബി.ഐ തന്നെയായിരിക്കും താരവിഷയം.