കണ്ണൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഇ. മനോജിന്റെ വധം സി.ബി.ഐ അന്വേഷണത്തിന് വിടുമെന്ന് സംസ്ഥാന സര്‍ക്കാര്‍. സംഭവത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും പ്രതികള്‍ക്ക് സഹായം ലഭിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നും ഗൂഡാലോചന നടന്നിരിക്കാമെന്നും അതിനാല്‍ സി.ബി.ഐ അന്വേഷണം ഉചിതമായിരിക്കുമെന്നും ഡി.ജി.പി നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സി.ബി.ഐ അന്വേഷണത്തിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കുമെന്നും അതുവരെ നിലവിലുള്ള അന്വേഷണ സംഘം തുടരുമെന്നും മന്ത്രി അറിയിച്ചു. ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി അനന്തകൃഷ്ണന്റെ മേൽനോട്ടത്തിലുള്ള സംഘമാണ് ഇപ്പോള്‍ കേസന്വേഷണം നടത്തുന്നത്. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും ആഭ്യന്തര മന്ത്രിയ്ക്കും കഴിഞ്ഞ ദിവസം നിവേദനം നല്‍കിയിരുന്നു.
തലശ്ശേരിക്കടുത്ത് കതിരൂരില്‍ സെപ്തംബര്‍ ഒന്ന്‍ തിങ്കളാഴ്ചയാണ് മനോജ് വധിക്കപ്പെട്ടത്. സംഭവത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകരായ എട്ടുപേര്‍ക്ക് എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതില്‍ എന്‍.ഐ.എ നിയമമനുസരിച്ചുള്ള വകുപ്പ് ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. നിയമത്തിലെ വ്യവസ്ഥയനുസരിച്ച് സംഭവം സംസ്ഥാനം കേന്ദ്രസര്‍ക്കാറിനെ അറിയിക്കേണ്ടതും തുടര്‍ന്ന്‍ 15 ദിവസത്തിനകം രാജ്യത്തെ ഭീകരവാദ കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സിയായ എന്‍.ഐ.എ അന്വേഷണം ഏറ്റെടുക്കണമോ എന്ന കാര്യത്തില്‍ കേന്ദ്രം തീരുമാനം അറിയിക്കേണ്ടതുമാണ്.
സംസ്ഥാന സര്‍ക്കാറിന്റെ നടപടിയെ തുടര്‍ന്ന്‍ സംഭവത്തില്‍ ഒന്നുകില്‍ സി.ബി.ഐ അന്വേഷണമോ അല്ലെങ്കില്‍ എന്‍.ഐ.എ അന്വേഷണം തന്നെയോ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കഴിയും.