ആലപ്പുഴ ജില്ലയിലെ പാണാവള്ളി പഞ്ചായത്ത് അതിര്‍ത്തിയില്‍ പെടുന്ന കായല്‍ത്തുരുത്തില്‍ നിര്‍മ്മിച്ച കാപ്പികോ റിസോര്‍ട്ട് പൊളിച്ചു നീക്കാനുള്ള ഉത്തരവ് സുപ്രീം കോടതി വെള്ളിയാഴ്ച സ്റ്റേ ചെയ്തു. തീരദേശ സംരക്ഷണ നിയമം ലംഘിച്ചതു ചൂണ്ടിക്കാട്ടി റിസോര്‍ട്ട് പൊളിച്ചുമാറ്റാനുള്ള ഹൈക്കോടതി ഉത്തരവ് 2013 ആഗസ്ത് ആറിന് പരമോന്നത കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ റിസോര്‍ട്ട് ഉടമകള്‍ നല്‍കിയ പുന:പരിശോധനാ ഹര്‍ജിയിലാണ് സ്റ്റേ.
നിയമം ലംഘിച്ചാണോ റിസോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നതെന്ന പരിശോധന തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. തീരദേശ സംരക്ഷണ നിയമം ലംഘിച്ചാണ് റിസോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നതെന്ന കേരള തീരദേശ നിയന്ത്രണ അതോറിറ്റിയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് 2013 ജൂലൈ 25-ന് റിസോര്‍ട്ട് പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. അതോറിറ്റിയുടെ കണ്ടെത്തല്‍ വസ്തുതാവിരുദ്ധമാണെന്ന വാദമാണ് ഉടമകള്‍ ഉന്നയിക്കുന്നത്.
സിംഗപ്പൂര്‍ കമ്പനിയായ ബനിയന്‍ ട്രീയാണ് പാണാവള്ളി റിസോര്‍ട്ടിന്റെ നടത്തിപ്പുകാര്‍. കുവൈത്ത് കമ്പനി കാപ്പിക്കോയും കേരളത്തിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമായ മിനി മുത്തൂറ്റും ചേര്‍ന്ന് രൂപീകരിച്ച കാപ്പിക്കോ കേരള റിസോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് റിസോര്‍ട്ടിന്റെ പ്രൊമോട്ടര്‍മാര്‍. തുരുത്ത് മുഴുവനായും റിസോര്‍ട്ടിന്റെ കൈവശമാണ്. റിസോര്‍ട്ടിന്റെ മുതല്‍ മുടക്ക് 450 കോടി രൂപയാണെന്ന് അറിയുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കിംഗ് സ്ഥാപനങ്ങളില്‍ നിന്ന്‍ വായ്പ എടുത്തിരിക്കുന്നത് 165 കോടി രൂപയാണ്.
കൃത്യം ഒരു വര്‍ഷം മുന്‍പ് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തില്‍ റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കാന്‍ ജില്ലാ ഭരണകൂടം കഴിഞ്ഞ സെപ്തംബറില്‍ പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കിയാല്‍ പഞ്ചായത്തിന് ഭീമമായ നഷ്ടമുണ്ടാവുമെന്ന് അടുത്തദിവസം പാണാവള്ളി പഞ്ചായത്ത് പ്രമേയം പാസ്സാക്കി. റിസോര്‍ട്ട് പൊളിക്കാനുള്ള സാങ്കേതിക-സാമ്പത്തിക ശേഷി തങ്ങള്‍ക്കില്ലെന്ന് പഞ്ചായത്ത് ജില്ലാ ഭരണകൂടത്തെ അറിയിക്കുകയും ചെയ്തു.
ഇതോടെ 2013 ഒക്ടോബറില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ റിസോര്‍ട്ട് പൊളിച്ചുനീക്കാനുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും പൊളിച്ചുനീക്കല്‍ മലിനീകരണ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇത് താല്‍ക്കാലികമായി തടയുകയായിരുന്നു. തുടര്‍ന്ന്‍ കായലിന് മലിനീകരണമില്ലാതെ റിസോര്‍ട്ട് പൊളിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ഒരു വിദഗ്ധ സമിതിയെ മന്ത്രാലയം ചുമതലപ്പെടുത്തി. ഈ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം സംസ്ഥാനത്തിന് കൈമാറുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ജില്ലാ കളകടര്‍ ഒരു കര്‍മ്മപദ്ധതി തയ്യാറാക്കുകയും ചെയ്തിരുന്നു. ഇത് സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ അനുമതിയ്ക്കും ധനസഹായത്തിനുമായി സമര്‍പ്പിച്ചിരിക്കുന്ന അവസരത്തിലാണ് സുപ്രീം കോടതി വിധി.
പാണാവള്ളി പഞ്ചായത്തതിര്‍ത്തിയില്‍ ചെറുതുരുത്തുകളിലും കായല്‍ തീരത്തുമായി പന്ത്രണ്ടോളം റിസോര്‍ട്ടുകളാണുള്ളത്. അവയെല്ലാം തീരസംരക്ഷണ നിയമം, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം എന്നിവയുടെ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് അനധികൃതമായാണ് നിര്‍മ്മിച്ചിട്ടുള്ളതെന്ന് പരാതിയുണ്ട്. 2007 ജൂലൈയില്‍ നിലവില്‍ വന്ന കെട്ടിട നിര്‍മ്മാണ ചട്ടം അനുസരിച്ച് ഉള്‍നാടന്‍ ദ്വീപുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തീരദേശ സംരക്ഷണ നിയമം അനുസരിച്ചാണ് നടത്തേണ്ടത്. തീരത്ത് നിന്ന്‍ 50 മീറ്റര്‍ വിട്ടേ നിര്‍മ്മാണം നടത്താവൂ, കെട്ടിടത്തിന്റെ പരമാവധി ഉയരം ഒന്‍പത് മീറ്റര്‍ ആയിരിക്കണം, രണ്ടു കെട്ടിടങ്ങള്‍ക്കിടയില്‍ 20 മീറ്റര്‍ അകലം വേണം എന്നിങ്ങനെ ഒരുവിധം എല്ലാ ചട്ടങ്ങളും പ്രകടമായി ലംഘിച്ചാണ് നിര്‍മ്മാണം. അഞ്ചു കോടി രൂപയില്‍ അധികം ചെലവ് വരുന്ന പദ്ധതികള്‍ക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി വേണമെന്നും നിബന്ധനയും പാലിച്ചിട്ടില്ല. സംസ്ഥാന തീരദേശ അതോറിറ്റിയുടെ അനുമതിയും വാങ്ങിയിട്ടില്ല. പ്രധാനമായും ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വിധി.
നിയമം ലംഘിച്ച് തീരം കയ്യേറിയുള്ള റിസോര്‍ട്ടുകളുടെ നിര്‍മ്മാണത്തിന് പഞ്ചായത്തുള്‍പ്പടെയുള്ള എല്ലാ ഔദ്യോഗിക തലങ്ങളില്‍ നിന്നും റിസോര്‍ട്ടുടമകള്‍ക്ക് സഹായം ലഭ്യമായിരുന്നുവെന്ന് ആക്ഷേപമുണ്ട്. 2007 ഒക്ടോബര്‍ അഞ്ചിന് അപേക്ഷ സമര്‍പ്പിച്ച അന്ന് തന്നെയാണ് പഞ്ചായത്ത് റിസോര്‍ട്ടിന് അനുമതി നല്‍കിയതെന്ന കാര്യം ഹൈക്കോടതി വിധിന്യായത്തില്‍ എടുത്തു പറഞ്ഞിരുന്നു. റിസോര്‍ട്ട് പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവ് ഉണ്ടായപ്പോള്‍ റിസോര്‍ട്ടുടമകള്‍ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുപോലെ ആവശ്യം ഉന്നയിച്ചാല്‍ അനുകൂലമായ എന്തെങ്കിലും നിലപാടെടുക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സി.പി.ഐ.എമ്മിലെ നാല് പേരടക്കം എം.എല്‍.എമാരും മതമേലധ്യക്ഷന്മാരുമുള്‍പ്പടെയുള്ളവര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുകയും ചെയ്യുകയുണ്ടായി. സുരേഷ് കുറുപ്പ്, ആര്‍.രാജേഷ്, എ.എം.ആരിഫ്, സാജൂപോള്‍ എന്നിവരാണ് ഒപ്പിട്ട ഇടതുപക്ഷ എം.എല്‍.എമാര്‍. എന്നാല്‍, സംഭവം വിവാദമായതിനെതുടര്‍ന്ന് ഇവര്‍ ഈ നിവേദനത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം റിസോര്‍ട്ട് പൊളിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു.
തുരുത്ത് മുഴുവനുമായി പണിഞ്ഞ നെടിയന്‍തുരുത്ത് റിസോര്‍ട്ട് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതായി 2012-ല്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ആയിരുന്ന പി. വേണുഗോപാല്‍ റവന്യു മന്ത്രിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണ്. ഇതിലും നടപടികള്‍ ഒന്നുമുണ്ടായിട്ടില്ല. തദ്ദേശ സ്ഥാപനത്തെ കൂട്ടുപിടിച്ചുകൊണ്ട് വേമ്പനാട്ടുകായലിലെ ഒരു തുരുത്തുതന്നെ വിദേശ ശക്തികള്‍ അനധികൃതമായി കൈയ്യടക്കുന്നു എന്നും ഭാവിയില്‍ അത് രാജ്യസുരക്ഷയെത്തന്നെ ദോഷമായി ബാധിക്കുന്ന തരത്തിലാവുമെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നതായാണറിവ്. തീരദേശനിയമ ലംഘനത്തിനേക്കാള്‍ ഗൗരവമുള്ളതാണ് ആലപ്പുഴയിലെ തുരുത്തുകള്‍ ഇത്തരം വിദേശ ശക്തികളുടെ അധീനതയിലാകുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നതായാണ് അറിയാന്‍ കഴിയുന്നത്.
ചുരുക്കത്തില്‍, ഒരു തുരുത്തിന്റെ പാരിസ്ഥിതിക നില പൂര്‍ണ്ണമായും തകിടം മറിച്ചതിനൊപ്പം നാട്ടിലെ നിയമവ്യവസ്ഥയുടെ തകിടം മറിച്ചില്‍ കൂടിയാണ് കാപ്പികോ റിസോര്‍ട്ട് ദൃശ്യമാക്കുന്നത്.