ആലപ്പുഴ ജില്ലയിലെ പാണാവള്ളി പഞ്ചായത്ത് അതിര്‍ത്തിയില്‍ പെടുന്ന കായല്‍ത്തുരുത്തില്‍ അനധികൃതമായി നിര്‍മ്മിച്ച കാപ്പികോ റിസോര്‍ട്ട് പൊളിച്ചു നീക്കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. ചൊവ്വാഴ്ച റിസോര്‍ട്ട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ സമീപിക്കുമെന്നും വിഎസ് പറഞ്ഞു.
സുപ്രീംകോടതി വിധിയുടെ വെളിച്ചത്തില്‍ റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കാന്‍ ജില്ലാ ഭരണകൂടം പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിയോട് ഔപചാരികമായി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് റിസോര്‍ട്ടിന് കഴിഞ്ഞ സെപ്തംബറില്‍ അവസാനം സാങ്കേതികമായി നോട്ടീസ് നല്‍കി. എന്നാല്‍, റിസോര്‍ട്ടുകള്‍ പൊളിച്ചുനീക്കിയാല്‍ പഞ്ചായത്തിന് ഭീമമായ നഷ്ടമുണ്ടാവുമെന്ന് അടുത്തദിവസം പാണാവള്ളി പഞ്ചായത്ത് പ്രമേയം പാസ്സാക്കി. റിസോര്‍ട്ട് പൊളിക്കാനുള്ള സാങ്കേതിക-സാമ്പത്തിക ശേഷി തങ്ങള്‍ക്കില്ലെന്ന് പാണാവള്ളി പഞ്ചായത്ത് ജില്ലാ ഭരണകൂടത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. റിസോര്‍ട്ടുകള്‍ പൊളിക്കപ്പെടാതെ സുപ്രീം കോടതി വിധി ഫലത്തില്‍ ലംഘിക്കപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്.
സിംഗപ്പൂര്‍ കമ്പനിയായ ബനിയന്‍ ട്രീ നടത്തുന്ന നെടിയന്‍തുരുത്തിലെ റിസോര്‍ട്ടാണ് നടപടി നേരിടുന്നവയില്‍ പ്രധാനം. കുവൈത്ത് കമ്പനി കാപ്പിക്കോയും കേരളത്തിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമായ മിനി മുത്തൂറ്റും ചേര്‍ന്ന് രൂപീകരിച്ച കാപ്പിക്കോ കേരള റിസോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഈ റിസോര്‍ട്ടിന്റെ പ്രൊമോട്ടര്‍മാര്‍. തുരുത്ത് മുഴുവനായും റിസോര്‍ട്ടിന്റെ കൈവശമാണ്.
പാണാവള്ളി പഞ്ചാത്തതിര്‍ത്തിയില്‍ ചെറുതുരുത്തുകളിലും കായല്‍ തീരത്തുമായി പന്ത്രണ്ടോളം റിസോര്‍ട്ടുകളാണുള്ളത്. അവയെല്ലാം തീരസംരക്ഷണ നിയമം, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം എന്നിവയുടെ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് അനധികൃതമായാണ് നിര്‍മ്മിച്ചിട്ടുള്ളത്. നിയമം ലംഘിച്ച് തീരം കയ്യേറിയുള്ള റിസോര്‍ട്ടുകളുടെ നിര്‍മ്മാണത്തിന് പഞ്ചായത്തുള്‍പ്പടെയുള്ള എല്ലാ ഔദ്യോഗിക തലങ്ങളില്‍ നിന്നും റിസോര്‍ട്ടുടമകള്‍ക്ക് സഹായം ലഭ്യമായിരുന്നു. തീരസംരക്ഷണ നിയമം ലംഘിച്ചതു ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള സ്വകാര്യ അന്യായത്തെത്തുടര്‍ന്ന് കേരള ഹൈക്കോടതി മൂന്നു മാസത്തിനകം ഈ റിസോര്‍ട്ടുകള്‍ പൊളിച്ചുമാറ്റാന്‍ 2013 ജൂലൈ 25-ന് ഉത്തരവായതായിരുന്നു. ഇതിനെതിരെ റിസോര്‍ട്ടുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് ഹൈക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ടുള്ള പരമോന്നത കോടതിയുത്തരവുണ്ടായത്.