Skip to main content
കൊച്ചി

 

അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം അന്വേഷിക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ. ഇക്കാര്യം സി.ബി.ഐ കോടതിയെ ഇന്ന്‍ വാക്കാല്‍ അറിയിക്കും. കേസ് ഏറ്റെടുക്കുന്നതിന് മറ്റ് നിയമതടസങ്ങളില്ലേന്ന് സി.ബി.ഐക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച ഹൈക്കോടതി സി.ബി.ഐയെ കേസില്‍ സ്വമേധയാ കക്ഷി ചേര്‍ക്കുകയും അന്വേഷണം നടത്തുന്നതില്‍ നിലപാട് തേടി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

 

കേസിന്റെ അന്വേഷണ പുരോഗതി കോടതിയെ ഇന്ന് സര്‍ക്കാറും അറിയിക്കും. ചീഫ് ജസ്റിസ് ഇന്ന് അവധിയാണെങ്കില്‍ കേസ് നാളെ മാത്രമേ പരിഗണിക്കുകയുള്ളൂ. കേസില്‍ സി.ബി.ഐ അന്വേഷണമാണ് ഉചിതമെന്നും മൂന്ന് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന കേസായതിനാല്‍ കേന്ദ്ര ഏജന്‍സി എന്ന നിലയില്‍ സി.ബി.ഐയ്ക്ക് സ്വതന്ത്രമായി അന്വേഷിക്കാന്‍ കഴിയുമെന്നും ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായ ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ പറഞ്ഞിരുന്നു.

 

മെയ് 24-നാണ് പാലക്കാട് ട്രെയിനില്‍ വെച്ച് പോലീസ് വിവിധ ഓര്‍ഫനേജുകളിലേക്ക് കൊണ്ട് വന്ന 466 ഓളം കുട്ടികളെ പിടികൂടിയത്. പാലക്കാട് ജങ്ഷന്‍ റെയില്‍വേസ്‌റ്റേഷനില്‍ പാട്ന എറണാകുളം എക്‌സ്പ്രസ്സിലെത്തിയ കുട്ടികളെയും ഒപ്പമുള്ളവരെയും പോലീസ് പിടികൂടുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം കുട്ടികളെ അവരവരുടെ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.

Tags