കളമശേരി ഭൂമിയിടപാടു കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ നടത്തിയ റെയ്ഡില്‍ കേസിലെ രണ്ടാം പ്രതിയും മുന്‍ വില്ലേജ് ഓഫീസറുമായ മുറാദീന്റെ വീട്ടില്‍ നിന്ന് വെടിയുണ്ടകള്‍ പിടിച്ചെടുത്തു. മുറാദീന്റെ ചേര്‍ത്തലയിലെ വീട്ടില്‍ നിന്ന് പൊലീസുകാര്‍ ഉപയോഗിക്കുന്ന 303 റൈഫിളിലെ 10 വെടിയുണ്ടളാണ് കണ്ടെത്തിയത്. പിടിച്ചെടുത്ത വെടിയുണ്ടകള്‍ പോലീസിന് കൈമാറി. ആയുധ നിയമ പ്രകാരം ഇയാള്‍ക്കെതിരേ കേസെടുക്കും.
കടകംപള്ളി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗൺമാന് സലിം രാജിന്റെ തിരുവനന്തപുരത്തെ പൊലീസ് ക്വാർട്ടേഴ്സിലും വീട്ടിലും ഇന്നലെ രാവിലെ സി.ബി.ഐ സംഘം റെയ്ഡ് നടത്തിയിരുന്നു. കടകംപള്ളി ഭൂമി തട്ടിപ്പുമായി ബന്ധമുള്ള ഉദ്യോഗസ്ഥരുടെയും തട്ടിപ്പില്‍ പ്രതികളായ സലിം രാജിന്റെ ബന്ധുക്കളുടെയും വീടുകളടക്കം ഇരുപതോളം ഇടങ്ങളില്‍ ഒരേ സമയം റെയ്ഡ് നടത്തി. റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്.