തിരുവനന്തപുരം: അടിസ്ഥാനസൗകര്യ വികസനത്തില്‍ കേരളം ഇനിയും മുന്നേറേണ്ടതുണ്ടെന്ന് രാഹുല്‍ ഗാന്ധി. ഗള്‍ഫിലെ നേരിടുന്ന തൊഴില്‍ നഷ്ടത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല നടത്തിയ ‘കേരളയാത്ര’യുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എ.ഐ.സി.സി ഉപാധ്യക്ഷന്‍.
യു.ഡി.എഫ് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ സഹായം രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കി. വിഴിഞ്ഞം തുറമുഖം, സ്മാര്‍ട്ട്സിറ്റി, കൊച്ചി മെട്രോ, മോണോ റെയില്‍, കണ്ണൂര്‍ വിമാനത്താവളം എന്നിങ്ങനെയുള്ള പദ്ധതികള്‍ യു.ഡി.എഫ് സര്‍ക്കാര്‍ വേഗത്തിലാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. കോളേജുകള്‍ക്ക് സ്വയംഭരണ അവകാശം നല്‍കാനുള്ള യു.ഡി.എഫ് തീരുമാനവും അദ്ദേഹം എടുത്തുപറഞ്ഞു.
കമ്യൂണിസം കാലഹരണപ്പെട്ട ആശയമാണെന്നും ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളെല്ലാം അതുപേക്ഷിച്ചെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. സാധാരണക്കാരുടെ പുരോഗതിയായിരിക്കണം പുതിയ നൂറ്റാണ്ടിലെ രാഷ്ട്രീയത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എകെ ആന്റണി, വയലാര്‍ രവി, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, വിഎസ് ശിവകുമാര്‍, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ് എംഎംഹസന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഏപ്രില്‍ 18-ന് കാസര്‍ഗോഡ് ഹോസങ്കടിയില്‍ നിന്ന് ആരംഭിച്ച പ്രചാരണ ജാഥ കഴിഞ്ഞ ദിവസം പാറശാലയില്‍ സമാപിച്ചിരുന്നു.
ഉച്ചകഴിഞ്ഞ് മൂന്നരയോടെ പ്രത്യേക വിമാനത്തിലാണ് രാഹുല്‍ ഗാന്ധി തലസ്ഥാനത്തെത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വയലാര്‍ രവി, രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമായിരുന്നു അദ്ദേഹം സമാപന സമ്മേളന വേദിയിലേക്ക് എത്തിയത്.