Skip to main content

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രിയായി ഇടതു മുന്നണി നേതാവ് മണിക് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഡി.വൈ. പാട്ടീല്‍ മണിക് സര്‍ക്കാരിനും 11 കാബിനറ്റ്‌ മന്ത്രിമാര്‍ക്കും സത്യ വാചകം ചൊല്ലിക്കൊടുത്തു. തുടര്‍ച്ചയായ അഞ്ചാം വട്ടമാണ് ഇടതു മുന്നണി അധികാരത്തിലെത്തുന്നത്. മുഖ്യമന്ത്രി പദത്തില്‍ മണിക് സര്‍ക്കാരിനു ഇത് നാലാമൂഴവും.

 

ഫെബ്രുവരി 14ന് നടന്ന തിരഞ്ഞെടുപ്പില്‍ 60ല്‍ 50 സീറ്റുകള്‍ നേടിയാണ്‌ ഇടതു മുന്നണി അധികാരം നിലനിര്‍ത്തിയത്. സി.പി.ഐ.എമ്മിന് 49ഉം സി.പി.ഐക്ക് ഒരു സീറ്റും ലഭിച്ചു.

 

മന്ത്രിമാരില്‍ 11 പേര്‍ സി.പി.ഐ.എമ്മില്‍ നിന്നാണ്. ഏക സി.പി.ഐ. പ്രതിനിധിക്ക് മന്ത്രി സ്ഥാനം ലഭിച്ചു. മന്ത്രിസഭയില്‍ രണ്ടു പേര്‍ പുതുമുഖങ്ങളാണ്.

 

സി.പി.ഐ.എം. പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി, പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സൂര്യകാന്ത് മിശ്ര എന്നിവര്‍ സംബന്ധിച്ചു. തിരഞ്ഞടുപ്പിനു ശേഷം നടന്ന അക്രമങ്ങളുടെ പേരില്‍  പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു.