Skip to main content
ന്യൂഡല്‍ഹി

 

ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ സിവിലിയന്‍ ആണവ സഹകരണ കരാറില്‍ ഒപ്പ് വെച്ചു. ഇന്ത്യ സന്ദര്‍ശിക്കുന്ന ശ്രീലങ്ക പ്രസിഡന്റ് മൈത്രിപാല സിരിസേനയുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും നേതൃത്വത്തില്‍ തിങ്കളാഴ്ച നടന്ന ഉഭയകക്ഷി ചര്‍ച്ചകളിലാണ് കരാറില്‍ ഒപ്പ് വെച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റെ പ്രതിഫലനമാണ് കരാറെന്ന് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ മോദി പറഞ്ഞു.

 

ജനുവരിയില്‍ പ്രസിഡന്റ് സ്ഥാനമേറ്റ ശേഷം സിരിസേനയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്. ഞായറാഴ്ച വൈകിട്ട് ന്യൂഡല്‍ഹിയില്‍ എത്തിയ സിരിസേനയ്ക്ക് തിങ്കളാഴ്ച കാലത്ത് രാഷ്ടപതി പ്രണബ് മുഖര്‍ജി ഔപചാരിക വരവേല്‍പ്പ് നല്‍കി. തുടര്‍ന്ന്‍, സിരിസേന മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ട് സന്ദര്‍ശിച്ച് പ്രണാമങ്ങള്‍ അര്‍പ്പിച്ചു.  

 

പ്രസിഡന്റ് സിരിസേനയും താനും മത്സ്യബന്ധന തൊഴിലാളികളുടെ പ്രശ്നത്തിന് അതീവ പരിഗണന നല്‍കുന്നതായും ഇരുരാജ്യങ്ങളിലേയും മത്സ്യബന്ധന തൊഴിലാളികളുടെ സംഘടനകളുമായി വിഷയം വൈകാതെ ചര്‍ച്ച ചെയ്യുമെന്നും മോദി പറഞ്ഞു. ശ്രീലങ്ക സന്ദര്‍ശിക്കാനുള്ള സിരിസേനയുടെ ക്ഷണം സ്വീകരിച്ച മോദി മാര്‍ച്ചില്‍ സന്ദര്‍ശനം ഉണ്ടാകുമെന്ന് അറിയിച്ചു. തമിഴ് ഭൂരിപക്ഷ പ്രദേശമായ ജാഫ്നയും മോദി സന്ദര്‍ശിച്ചേക്കും.

 

തിങ്കളാഴ്ച രാത്രി സിരിസേനയുടെ ബഹുമാനാര്‍ഥം രാഷ്ടപതി പ്രണബ് മുഖര്‍ജി രാഷ്ട്രപതി ഭവനില്‍ വിരുന്ന്‍ ഒരുക്കുന്നുണ്ട്. ചൊവ്വാഴ്ച ബോധ്ഗയയും തിരുപ്പതിയും സന്ദര്‍ശിക്കുന്ന സിരിസേന ബുധനാഴ്ച കൊച്ചിയില്‍ നിന്നാണ് ശ്രീലങ്കയിലേക്ക് തിരിച്ചുപോകുക.  

Tags