Skip to main content

ഉത്തര്‍ പ്രദേശില്‍ ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയിലെ തര്‍ക്കം വീണ്ടും മുറുകുന്നു. മുഖ്യമന്ത്രി അഖിലേഷ് യാദവിനെതിരെ പരസ്യ വിമര്‍ശനവുമായി പിതാവും പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ്ങ് യാദവ് രംഗത്തെത്തി. താന്‍ പറയുന്നത് കേള്‍ക്കുന്നില്ലെങ്കില്‍ അഖിലേഷിനെതിരെ മത്സരിക്കുമെന്ന് മുലായം പറഞ്ഞു.

 

പാര്‍ട്ടി ചിഹ്നമായ സൈക്കിളിന് വേണ്ടി അഖിലേഷിന്റേയും മുലായത്തിന്റെയും വിഭാഗങ്ങള്‍ തെരഞ്ഞടുപ്പ് കമ്മീഷന് മുന്‍പില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ കമ്മീഷന്റെ ഏത് തീരുമാനവും അംഗീകരിക്കുമെന്ന് മുലായം പറഞ്ഞു. അഖിലേഷിനെ മൂന്ന്‍ തവണ വിളിച്ചതായും എന്നാല്‍ അഖിലേഷ് സംസാരിക്കാന്‍ തയ്യാറായില്ലെന്നും മുലായം പാര്‍ട്ടി പ്രവര്‍ത്തകരോട് നടത്തിയ അഭിസംബോധനയില്‍ പറഞ്ഞു.

 

ചിഹ്നത്തിനു വേണ്ടിയുള്ള തര്‍ക്കത്തില്‍ വെള്ളിയാഴ്ച ഇരുപക്ഷത്തിന്റേയും വാദം കേട്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടക്കാല ഉത്തരവ് വൈകാതെ പുറപ്പെടുവിക്കും.

 

ജനുവരി ഒന്നിന് പാര്‍ട്ടി എം.പിയും മുലായത്തിന്റെ സഹോദരനുമായ രാം ഗോപാല്‍ യാദവ്  വിളിച്ച സമ്മേളനത്തില്‍ അഖിലേഷിനെ പാര്‍ട്ടി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തതോടെയാണ്‌ ഉള്‍പ്പാര്‍ട്ടി തര്‍ക്കം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലെത്തിയത്. ഇതിനെ ചോദ്യം ചെയ്ത മുലായം താന്‍ തന്നെയാണ്‌ പാര്‍ട്ടി അധ്യക്ഷനെന്നും സൈക്കിള്‍ ചിഹ്നം തന്റെ വിഭാഗത്തിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കമ്മീഷനെ സമീപിക്കുകയായിരുന്നു.