അസൗകര്യം സഹിച്ചും നോട്ട് അസാധുവാക്കല്‍ നടപടി സ്വീകരിച്ചതിന് ജനങ്ങളോട് നന്ദി പറഞ്ഞ് മോദി

Sat, 12-11-2016 02:31:48 PM ;

500, 1000 നോട്ടുകള്‍ അസാധുവാക്കിയ നടപടി അസൗകര്യം സഹിച്ചും സ്വീകരിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാനില്‍ പ്രവാസി ഇന്ത്യാക്കാരെ അഭിസംബോധന ചെയ്യവേ നടപടിയെ വിമര്‍ശിക്കുന്നവരെ മോദി കുറ്റപ്പെടുത്തുകയും ചെയ്തു.

 

ഇത് ഒരു പ്രധാന ശുചിത്വ പരിപാടിയാണെന്നും ആരെയും അപമാനിക്കാനല്ലെന്നും മോദി പറഞ്ഞു. സ്വാതന്ത്ര്യം മുതലുള്ള കണക്കുകള്‍ പരിശോധിക്കുമെന്നും കണക്കില്‍ പെടാത്ത പണം കണ്ടെത്തുകയാണെങ്കില്‍ ആരെയും വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണം ഇല്ലാതാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് നടപടി എന്ന്‍ ആവര്‍ത്തിച്ച മോദി ഇപ്പോഴാതെ അസൗകര്യം ഹൃസ്വകാല പ്രശ്നം മാത്രമാണെന്ന് ചൂണ്ടിക്കാട്ടി. ഇത് പെട്ടെന്ന് നടത്തേണ്ട ഒരു നടപടിയാണെന്നും അല്ലെങ്കില്‍ കള്ളപ്പണം സൂക്ഷിച്ചവര്‍ അത് മാറ്റുമെന്നും മോദി പറഞ്ഞു. 

 

അതേസമയം, നടപടിയുടെ പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ആരോപിച്ചു. നോട്ടുകള്‍ അസാധുവാക്കുന്ന വിവരം ബി.ജെ.പിക്കാരടക്കമുള്ളവര്‍ മുന്‍പേ അറിഞ്ഞിട്ടുണ്ടെന്നും കഴിഞ്ഞ മൂന്ന്‍ മാസത്തില്‍ ബാങ്കുകളില്‍ നിക്ഷേപം വന്‍തോതില്‍ വര്‍ധിച്ചത് സംശയജനകമാണെന്നും കേജ്രിവാള്‍ പറഞ്ഞു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേനയും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനെതിരെ പ്രതികരിച്ചിട്ടുണ്ട്. കള്ളപ്പണം സൂക്ഷിച്ചിട്ടുള്ള സ്വിസ് ബാങ്കുകളിലാണ് മോദി മിന്നലാക്രമണം നടത്തേണ്ടത് എന്ന് ശിവസേന തലവന്‍ ഉദ്ദവ് താക്കറെ പറഞ്ഞു.

 

രാജ്യമെങ്ങും പഴയ 500, 1000 നോട്ടുകള്‍ മാറ്റിവാങ്ങുന്നതിന് ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ട നിരകളാണ്. എ.ടി.എമ്മുകളില്‍ ഭൂരിഭാഗത്തിലും ആവശ്യത്തിനു പണമില്ല. അവശ്യ സേവന മേഖലകളില്‍ പഴയ നോട്ടുകള്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രി വരെ സ്വീകരിച്ചിരുന്നത് തിങ്കളാഴ്ച വരെ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.    

Tags: