Skip to main content

ഉത്തര്‍ പ്രദേശില്‍ ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയിലെ തര്‍ക്കത്തിന് അയവില്ല. പാര്‍ട്ടി മേധാവി മുലായം സിങ്ങ് തിങ്കളാഴ്ച വിളിച്ച യോഗം വേദിയില്‍ ബഹളം രൂക്ഷമായതിനെ തുടര്‍ന്ന്‍ അവസാനിപ്പിച്ചു. മുഖ്യമന്ത്രിയും മുലായത്തിന്റെ മകനുമായ അഖിലേഷ് യാദവും മുലായത്തിന്റെ അനുജന്‍ ശിവപാല്‍ സിങ്ങ് യാദവും തമ്മിലാണ് തര്‍ക്കം. ഇരുവരുടെയും അനുയായികള്‍ യോഗവേദിയ്ക്ക് പുറത്ത് ഏറ്റുമുട്ടി.

 

താന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കില്ലെന്നും മുലായം ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവേക്കുമെന്നും അഖിലേഷ് പറഞ്ഞു. വേണ്ടിവന്നാല്‍ പാര്‍ട്ടി പിളര്‍ത്തുമെന്ന് അഖിലേഷ് പറഞ്ഞതായി ശിവപാല്‍ ആരോപിച്ചിരുന്നു. അമര്‍ സിങ്ങിനും ശിവപാലിനും എതിരെ പ്രവര്‍ത്തിക്കുന്നത് തനിക്ക് അനുവദിക്കാന്‍ ആകില്ലെന്ന് അഖിലേഷിനോട് മുലായം പറഞ്ഞു.

 

ശിവപാല്‍ യാദവിനെയും അമര്‍ സിങ്ങിനോട് അടുപ്പമുള്ള മൂന്ന്‍ മുതിര്‍ന്ന മന്ത്രിമാരെയും അഖിലേഷ് മന്ത്രിസഭയില്‍ നിന്ന്‍ പുറത്താക്കിയതിനെ തുടര്‍ന്നാണ് ഏതാനും നാളായി പാര്‍ട്ടിയില്‍ തുടരുന്ന കുടുംബ വഴക്ക് വീണ്ടും തിളച്ചുമറിഞ്ഞത്.