കഴിഞ്ഞ മാസം സഹാറന്‍പൂരില്‍ ഉണ്ടായ മൂന്ന്‍ പേര്‍ മരിച്ച കലാപത്തില്‍ ബി.ജെ.പി നേതാക്കള്‍ക്ക് പങ്കെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ബി.ജെ.പി എം.പി രാഘവ് ലഖന്‍പാല്‍ കലാപത്തിന് പ്രേരിപ്പിച്ചതായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നിയോഗിച്ച അഞ്ചംഗ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നതായി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. കലാപം തടയുന്നതിനായി ജില്ലാ ഭരണകൂടവും പോലീസും യഥാസമയം പ്രവര്‍ത്തിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന് സമര്‍പ്പിച്ചിട്ടുണ്ട്.
എന്നാല്‍, സമാജവാദി പാര്‍ട്ടിയുടെ റിപ്പോര്‍ട്ട് ആണിതെന്നും തനിക്ക് ഇതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് പ്രതികരിച്ചു, റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭൂമി തര്‍ക്കത്തെ തുടര്‍ന്ന്‍ ഉടലെടുത്ത കലാപത്തില്‍ മൂന്ന്‍ പേര്‍ കൊല്ലപ്പെടുകയും 30-ല്‍ ഏറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 165 കടകളും 42 വാഹനങ്ങളും കലാപകാരികള്‍ തീവെച്ചു നശിപ്പിച്ചു.
രണ്ട് വിഭാഗങ്ങള്‍ക്ക് ഇടയില്‍ തര്‍ക്കമുള്ള ഭൂമിയില്‍ ആരാധനാലയത്തിന്റെ നിര്‍മ്മാണം തടയുന്നതിനോ ഇരു വിഭാഗക്കാരും കൂട്ടം ചേരുന്നത് തടയുന്നതിനോ അധികൃതര്‍ക്ക് കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.