വി.വി.ഐ.പി ഹേലിക്കോപ്റ്റര്‍ ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട് വെസ്റ്റ് ബംഗാള്‍ ഗവര്‍ണറും മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ (എന്‍.എസ്.എ) എം.കെ നാരായണനെ സി.ബി.ഐ ചോദ്യം ചെയ്തു. വി.വി.ഐ.പികള്‍ക്ക് സഞ്ചരിക്കാന്‍ ആംഗ്ലോ-ഇറ്റാലിയന്‍ കമ്പനിയായ അഗസ്തവെസ്റ്റ്‌ലാന്‍ഡില്‍ നിന്ന്‍ ഹേലിക്കോപ്റ്ററുകള്‍ വാങ്ങാനുള്ള 3600 കോടി രൂപയുടെ ഇടപാടില്‍ കോഴ നല്‍കിയെന്ന കേസിലാണ് സി.ബി.ഐയുടെ നടപടി.
വ്യോമസേനയുടെ മുന്‍ മേധാവി എസ്.പി ത്യാഗി ഉള്‍പ്പെടെയുള്ളവര്‍ പ്രതിയായ കേസില്‍ സാക്ഷി എന്ന നിലയിലാണ് നാരായണനെ ചോദ്യം ചെയ്തിരിക്കുന്നത്. ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍മെക്കാനിക്കയ്ക്ക് ലേലപ്രക്രിയയില്‍ പങ്കെടുക്കാന്‍ സാധിക്കുന്ന തരത്തില്‍ നിബന്ധനകള്‍ മാറ്റിയ യോഗത്തില്‍ എന്‍.എസ്.എ എന്ന നിലയില്‍ നാരായണനും വി.വി.ഐ.പികളുടെ സുരക്ഷാ ചുമതലയുള്ള സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ അന്നത്തെ തലവനും ഇപ്പോള്‍ ഗോവ ഗവര്‍ണറുമായ ബി.വി വാഞ്ചൂവും പങ്കെടുത്തിരുന്നു. വാഞ്ചൂവിനേയും സി.ബി.ഐ അടുത്തുതന്നെ ചോദ്യം ചെയ്തേക്കും.
ഇറ്റലിയില്‍ നടന്ന അന്വേഷണത്തിലാണ് ഫിന്‍മെക്കാനിക്ക ഇടപാട് ലഭിക്കുന്നതിന് 360 കോടി രൂപ കോഴ നല്‍കിയതായി കണ്ടെത്തിയത്. കമ്പനിയുടെ തലവന്‍ ഇറ്റലിയില്‍ വിചാരണ നേരിടുകയാണ്. ഫിന്‍മെക്കാനിക്കയെ പിന്നീട് ബ്രിട്ടിഷ് കമ്പനിയായ അഗസ്തവെസ്റ്റ്‌ലാന്‍ഡ് ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യ ഇടപാട് റദ്ദാക്കിയിരുന്നു.