വിദ്വേഷ പ്രസംഗം നടത്തിയെന്ന ആരോപണം നേരിടുന്ന ബി.ജെ.പി നേതാവ് അമിത് ഷായ്ക്കും സമാജ്‌വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും ഉത്തര്‍ പ്രദേശ് മന്ത്രിയുമായ അസം ഖാനും എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഇരുവരും ഉത്തര്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലും റാലികളിലും സംസാരിക്കുന്നത് കമ്മീഷന്‍ വിലക്കി. തീരുമാനം പുന:പരിശോധിക്കണമെന്ന് രണ്ട് പാര്‍ട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്.
യു.പി ചീഫ് സെക്രട്ടറിയ്ക്ക് അയച്ച കത്തില്‍ രണ്ട് നേതാക്കള്‍ക്കെതിരെയും കേസെടുക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അമിത് ഷായ്ക്കെതിരെ നിലവില്‍ യു.പി പോലീസ് കേസെടുത്തിട്ടുണ്ട്. അസം ഖാനെതിരെ മൃദു സമീപനം സ്വീകരിക്കുന്നതില്‍ യു.പിയിലെ അഖിലേഷ് യാദവ് സര്‍ക്കാറിനെ കമ്മീഷന്‍ വിമര്‍ശിച്ചു.
മുസഫര്‍നഗര്‍ കലാപബാധിതരുടെ യോഗത്തില്‍ സംസാരിക്കവേ കലാപത്തിന് ‘പ്രതികാരം’ ചെയ്യാന്‍ ബി.ജെ.പിയ്ക്ക് വോട്ടു ചെയ്യാന്‍ അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം കലാപം പടിഞ്ഞാറന്‍ യു.പിയിലെ ബിജ്നോര്‍, ഷംലി, എന്നിവടങ്ങളിലും ഷാ നടത്തിയ പ്രസംഗങ്ങള്‍ വിവാദമായിരുന്നു.
തുടര്‍ന്ന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഷായ്ക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, നോട്ടീസിന് മറുപടി കാക്കാതെ ശിക്ഷാ നടപടി സ്വീകരിക്കുന്നതിനെ ബി.ജെ.പി വിമര്‍ശിച്ചു. നോട്ടീസിന് മറുപടിയും തീരുമാനം പുന:പരിശോധിക്കാനുള്ള അപേക്ഷയും നല്‍കുമെന്ന് ഷാ അറിയിച്ചു.
ചൊവാഴ്ച ഗാസിയാബാദില്‍ നടത്തിയ പ്രസംഗത്തില്‍ കാര്‍ഗില്‍ യുദ്ധം വിജയിപ്പിച്ചത് മുസ്ലിം സമുദായത്തില്‍ പെട്ടവരാണെന്ന് അസം ഖാന്‍ പറഞ്ഞിരുന്നു. ഇതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടും മാതൃകാ പെരുമാറ്റച്ചട്ടവും നിയമങ്ങളും ഖാന്‍ തുടര്‍ച്ചയായി ലംഘിക്കുകയാണെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി.