Skip to main content
ന്യൂഡല്‍ഹി

ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് ഇനി മുന്‍‌കൂര്‍ വിസ നിര്‍ബന്ധമാകില്ല. വിമാനത്താവളങ്ങളില്‍ എത്തിയതിന് ശേഷം വിസ നല്‍കുന്ന വിസ-ഓണ്‍-എറൈവല്‍ സംവിധാനം 180 രാജ്യങ്ങളിലെ പൗരര്‍ക്ക് വ്യാപിപ്പിക്കാന്‍ ബുധനാഴ്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സുരക്ഷാ വെല്ലുവിളി കണക്കിലെടുത്ത് എട്ടു രാജ്യങ്ങളിലുള്ളവര്‍ക്ക് ഈ സംവിധാനം ലഭ്യമാകില്ല.

 

രാജ്യത്തേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ശ്രീലങ്ക, ഇറാന്‍, ഇറാഖ്, സുഡാന്‍, നൈജീരിയ, സൊമാലിയ  എന്നിവയാണ് ഒഴിവാക്കിയിരിക്കുന്ന രാജ്യങ്ങള്‍. നിലവില്‍ 11 രാജ്യങ്ങള്‍ക്ക് ഇന്ത്യ വിസ-ഓണ്‍-എറൈവല്‍ സംവിധാനം നല്‍കുന്നുണ്ട്.

 

തീരുമാനം നടപ്പില്‍ വരുത്തുന്നതിന് രാജ്യത്തെ വിമാനത്താവളങ്ങളില്‍ അടിസ്ഥാന സൗകര്യവും ഉദ്യോഗസ്ഥരേയും കൂടുതലായി വിന്യസിക്കേണ്ടി വരും. വിനോദസഞ്ചാര സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി സെപ്തംബറോടെ ഇത് പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നിര്‍ദ്ദേശത്തെ എതിര്‍ത്തു വന്നിരുന്ന സുരക്ഷാ ഏജന്‍സികള്‍ നിലപാട് മാറ്റിയതോടെയാണ് ബുധനാഴ്ച ഇത് സംബന്ധിച്ച തീരുമാനമായത്.