Skip to main content
നോയ്ഡ

ഉത്തര്‍ പ്രദേശിലെ അനധികൃത ഖനനം സംബന്ധിച്ച വിഷയത്തില്‍ അലഹബാദ് ഹൈക്കോടതി കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാറിനും വെള്ളിയാഴ്ച നോട്ടീസയച്ചു. എന്നാല്‍, ഖനി മാഫിയക്കെതിരെ പ്രവര്‍ത്തിച്ച ഐ.എ.എസ് ഉദ്യോഗസ്ഥ ദുര്‍ഗ ശക്തി നാഗ്പാലിന്റെ സസ്പെന്‍ഷന്‍ വിഷയത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു.

 

ഗൗതം ബുദ്ധ നഗര്‍ ജില്ലയിലെ സബ്-ഡിവിഷണല്‍ മജിസ്ട്രേറ്റ് ആയ ദുര്‍ഗ നാഗ്പാലിന്റെ സസ്പെന്‍ഷന് സംബന്ധിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. കദല്‍പൂര്‍ ഗ്രാമത്തില്‍ അനധികൃതമായി നിര്‍മ്മിച്ച മുസ്ലിം പള്ളിയുടെ മതില്‍ പൊളിച്ചതിനെ തുടര്‍ന്നാണ്‌ ദുര്‍ഗയെ സസ്പെന്‍ഡ് ചെയ്തത്. ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വത്തിന്റെ താല്‍പ്പര്യ പ്രകാരമാണ് നടപടി.

 

അതേസമയം, ഗ്രേറ്റര്‍ നോയ്ഡ പ്രദേശത്തെ മണല്‍ മാഫിയക്കെതിരെ എടുത്ത ശക്തമായ നടപടികള്‍ ആണ് ദുര്‍ഗയുടെ സസ്പെന്‍ഷനിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനധികൃത ഖനനം സംബന്ധിച്ച നടപടികള്‍ വിശദീകരിക്കാന്‍ ആവശ്യപ്പെട്ട് യു.പി സര്‍ക്കാറിനും കേന്ദ്രത്തിനും കോടതി നോട്ടീസ് അയച്ചത്. കേസ് ഇനി ആഗസ്ത് 19-ന് പരിഗണിക്കും.